Connect with us

Editorial

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്?

Published

|

Last Updated

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം അയവില്ലാതെ തുടരുകയാണ്.

പാര്‍ട്ടി ഭരണഘടനാ പ്രകാരം, ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് പൂര്‍ണാധികാരമെന്നും ചെയര്‍മാനെ സമവായത്തിലൂടെയാണ് തിരഞ്ഞെടുക്കേണ്ടതെന്നുമാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്. വോട്ടെടുപ്പ് നടത്തണമെന്ന് ഭരണഘടനയിലില്ല. നിയമസഭാകക്ഷി നേതാവിന്റെ അഭാവത്തില്‍ ഉപ നേതാവിനാണ് പരമാധികാരമെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ജോസ് കെ മാണി വിഭാഗം ഇതംഗീകരിക്കുന്നില്ല. ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരവും സംസ്ഥാന സമിതിക്കെന്നാണ് അവരുടെ പക്ഷം. ചെയര്‍മാന്റെ അഭാവത്തെ സ്ഥിരം, താത്കാലികം എന്നിങ്ങനെ രണ്ടായിട്ടാണു ഭരണഘടന വിവക്ഷിച്ചിരിക്കുന്നത.് താത്കാലിക അഭാവമാണെങ്കില്‍ മാത്രമാണ് വര്‍ക്കിംഗ് ചെയര്‍മാനു പകരം ചുമതല ലഭിക്കുക. നിലവില്‍ ചെയര്‍മാന്റെ സ്ഥിരം അഭാവമാണുള്ളതെന്നതിനാല്‍ വര്‍ക്കിംഗ് ചെയര്‍മാന് ചുമതല ലഭിക്കില്ലെന്നും ജോസ് കെ മാണി പറയുന്നു. എന്നാല്‍, ഇരുകൂട്ടരും ഭരണഘടന പരസ്യപ്പെടുത്താന്‍ തയാറാകുന്നില്ല.

മാണിയുടെ നിര്യാണത്തിനു മുമ്പേ ഇരുവിഭാഗവും അദ്ദേഹത്തിന്റെ പദവികള്‍ പിടിച്ചടക്കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മാണിയുടെ മരണത്തോടെയാണ് അത് മറനീക്കി പുറത്തു വന്നത്. തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തിനായി സ്പീക്കര്‍ക്കും ജോസഫ് വിഭാഗം കത്ത് നല്‍കി. കേരള കോണ്‍ഗ്രസ് (എം) രൂപം കൊണ്ടശേഷം പാര്‍ലിമെന്ററി നേതാക്കന്മാരുടെ മുന്‍നിര സീറ്റില്‍ ഇരുന്നത് കെ എം മാണിയാണ്. അദ്ദേഹത്തിന്റെ നിര്യാണ ശേഷം ആദ്യമായി നിയമസഭ ചേര്‍ന്നപ്പോള്‍ മുന്‍നിര സീറ്റ് പി ജെ ജോസഫിനാണ് അനുവദിച്ചത്. മുന്‍നിര സീറ്റ് ആവശ്യപ്പെട്ട് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ പി ജെ ജോസഫ് നിയമസഭ ചേരുന്നതിനു മുമ്പേ സ്പീക്കറുടെ ഓഫീസിനെ സമീപിക്കുകയും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്നതു വരെ, മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നും ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുത്തിട്ടില്ലെന്നും പാര്‍ട്ടി ചെയര്‍മാനെ തീരുമാനിച്ച ശേഷം അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ലീഡറെ തിരഞ്ഞെടുക്കേണ്ടതെന്നും കാണിച്ച് ജോസ് കെ മാണിയുടെ വിശ്വസ്തനായ റോഷി അഗസ്റ്റിനും സ്പീക്കര്‍ക്ക് മറ്റൊരു കത്ത് നല്‍കി. ധര്‍മസങ്കടത്തിലായ സ്പീക്കര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ആരെന്നു ജൂണ്‍ ഒമ്പതിനകം തീരുമാനമെടുത്ത് ഔദ്യോഗികമായി അറിയിക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ഈ വിവരം പുറത്തു വന്നതോടെ പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണി വിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. അതിനിടെ കെ എം മാണി പ്രതിനിധാനം ചെയ്യുന്ന പാല അസംബ്ലി മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ തര്‍ക്കം നീണ്ടാല്‍ അത് ഐക്യമുന്നണിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്നു കണ്ടറിഞ്ഞ യു ഡി എഫ് നേതാക്കള്‍ മധ്യസ്ഥ ശ്രമവുമായി രംഗത്തു വന്നിട്ടുണ്ട്. തമ്മിലടി മൂലം മണ്ഡലം നഷ്ടപ്പെട്ടാല്‍ അത് യു ഡി എഫിന്റെ ലോക്‌സഭാ വിജയത്തിളക്കത്തിനു മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ ഒത്തുതീര്‍പ്പ് യു ഡി എഫിനു പ്രധാനമാണ്. മാത്രമല്ല, തര്‍ക്കം പരിഹരിക്കപ്പെടാതെ പാര്‍ട്ടി പിളരാനിടയായാല്‍ ജോസഫ് വിഭാഗത്തെ സ്വീകരിക്കാന്‍ ഇടതുമുന്നണി കാത്തിരിക്കുകയുമാണ്.

അടിക്കടിയുള്ള പിളര്‍പ്പിന്റെ ചരിത്രമാണ് കേരള കോണ്‍ഗ്രസിന്റെത്. 1964 ഒക്ടോബര്‍ ഒമ്പതിന് പാര്‍ട്ടി രൂപവത്കരിച്ച ശേഷം നിരവധി തവണ പിളര്‍ന്നിട്ടുണ്ട്. പിളരാനായി പിറവിയെടുത്ത പാര്‍ട്ടിയെന്നാണ് കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാറുള്ളത്. 1977ല്‍ ആര്‍ ബാലകൃഷ്ണ പിള്ള പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി കേരള കോണ്‍ഗ്രസ് ബി രൂപവത്കരിച്ചതായിരുന്നു ആദ്യത്തെ പിളര്‍പ്പ്. 1979ലായിരുന്നു രണ്ടാമത്തേത്. പി ജെ ജോസഫുമായി തെറ്റിപ്പിരിഞ്ഞ കെ എം മാണി കേരള കോണ്‍ഗ്രസ് എം രൂപവത്കരിച്ചു. 1985ല്‍ പിള്ളയും മാണിയും ജോസഫും ലയിച്ചു ഒന്നായി. ഏറെ താമസിയാതെ ഇരുവര്‍ക്കുമിടയില്‍ ഭിന്നത വര്‍ധിച്ചു. 1987ല്‍ മൂന്നാമതും പിളര്‍ന്നു. 1993ല്‍ ടി എം ജേക്കബ് മാണിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയതാണ് മറ്റൊരു പിളര്‍പ്പ്. 1996ല്‍ കേരള കോണ്‍ഗ്രസ് ബിയിലായിരുന്നു പിളര്‍പ്പ്. ജോസഫ് എം പുതുശ്ശേരി ബാലകൃഷ്ണ പിള്ളയുമായി ഇടഞ്ഞ് മാണി ഗ്രൂപ്പിന്റെ ഭാഗമായി. 2001ല്‍ പി സി തോമസ് മാണിയുമായി ഇടഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കി. 2003ല്‍ പി സി ജോര്‍ജ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസ് സെക്യൂലര്‍ രൂപവത്കരിച്ചതായിരുന്നു അടുത്ത പിളര്‍പ്പ്. 2009ല്‍ കേരള കോണ്‍ഗ്രസ് സെക്യൂലര്‍ മാണിക്കൊപ്പം എത്തിയെങ്കിലും 2015ല്‍ ബാര്‍ കോഴ വിഷയത്തില്‍ മാണിയുമായി ഉടക്കി കേരള കോണ്‍ഗ്രസ് എം വിട്ടുപോകുകയും സെക്യൂലര്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 2016ല്‍ മാണി ഗ്രൂപ്പ് പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജ് എല്‍ ഡി എഫിലെത്തി. പുതിയ തര്‍ക്കം പാര്‍ട്ടിയെ വീണ്ടുമൊരു പിളര്‍പ്പിലെത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

Latest