പുതിയ സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമയോടെ കൊണ്ടു പോകണം: ഖലീൽ തങ്ങൾ

Posted on: June 1, 2019 2:18 pm | Last updated: June 1, 2019 at 2:18 pm
റമസാന്‍ 27-ാം രാവിനോടനുബന്ധിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു.

മലപ്പുറം: സൃഷ്ടികളോട് കാരുണ്യവും സഹാനുഭൂതിയും കാണിക്കാതെ സ്രഷ്ടാവിനോട് കരുണക്കായി തേടുന്നത് വ്യർഥമാണെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.

തെറ്റുകുറ്റങ്ങൾ ചെയ്തവരെ കൈവെടിയുന്നവനല്ല അല്ലാഹു. സ്രഷ്ടാവിനോടുള്ള ഏത് ധിക്കാരവും കണ്ണീരണിഞ്ഞ പാശ്ചാതാപത്തിൽ ഉരുകിയൊലിക്കും. എന്നാൽ സൃഷ്ടികൾ തമ്മിലുള്ള തെറ്റുകൾ പരസ്പരം പറഞ്ഞ് തീർക്കുക തന്നെ വേണം. ഒപ്പമുള്ളവരുടെ സൗഖ്യവും സന്തോഷവും അറിയാതെയും അന്വേഷിക്കാതെയുമുള്ള ജീവിതം നിരർഥകമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ അധികാരമേറ്റ സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമയോടെ കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിയും എല്ലാ വിഭാഗം ആളുകളുടെ ക്ഷേമവുമായിരിക്കണം ലക്ഷ്യം. ഇക്കഴിഞ്ഞ ദിവസവും ആൾക്കൂട്ടക്കൊലയെപ്പറ്റി മീഡിയകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രശ്‌നങ്ങൾക്ക് അടിയന്തരമായ പരിഹാരം കാണണം – അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനമുണ്ടാകില്ലെന്നും അവരുടെ ക്ഷേമത്തിനായി പദ്ധതികൾ നടപ്പാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്. ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണ്. ആരോടും മുൻധാരണയില്ല.സർക്കാർ നൽകിയ ഈ വാഗ്‌ദാനം നടപ്പാക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.