യുവേഫ ചാമ്പ്യനെ ഇന്നറിയാം

Posted on: June 1, 2019 1:08 pm | Last updated: June 1, 2019 at 1:08 pm

മാഡ്രിഡ്: യൂവേഫ ചാമ്പ്യന്‍സ്‌ ലീഗ് കിരീടം ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം. വിധി നിർണയിക്കാൻ ഇംഗ്ലണ്ട് ടീമുകളായ ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും ഇന്ന് രാത്രി മാഡ്രിഡിലെ വന്‍ഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. 2008ന് ശേഷം ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് ഇംഗ്ലീഷ് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്.

2012ലാണ് ലിവര്‍പൂള്‍ അവസാനമായി യുവേഫാ ചാമ്പ്യന്മാരായത്. ടോട്ടനത്തിന് ഇതുവരെ ഈ കിരീടം അണിയാൻ കഴിഞ്ഞിട്ടുമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സൗഭാഗ്യം ചാന്പ്യൻസ് ലീഗിൽ തിരിച്ചുപിടിക്കുകയെന്ന അഭിമാനപ്പോരാട്ടമാണ് ലിവർപൂളിന് ഇന്ന്. ക്ലോപ്പിന് കീഴില്‍ സീസണില്‍ മികച്ച പ്രകടനം തുടരുന്ന ലിവർപൂൾ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പൊച്ചെറ്റിനോയുടെ കീഴില്‍ സ്പര്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

സെമിയില്‍ പുറത്താകല്‍ ഭീഷണി നേരിട്ട ലിവര്‍പൂളും ടോട്ടനവും ഗംഭീര തിരിച്ചുവരവിലൂടെയാണ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബാഴ്‌സലോണയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുമായി തിരിച്ചടിച്ചാണ് ഫൈനല്‍ ഉറപ്പാക്കിയത്. അയാക്‌സിനോട് ആദ്യ പാദത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ട ശേഷം രണ്ടാം പാദത്തില്‍ 3-2ന് ജയിച്ചാണ് ടോട്ടനത്തിന്റെ ഫൈനൽ പ്രവേശം. രണ്ട് പാദങ്ങളിലുമായി 3-3 എന്ന സ്‌കോര്‍ ആയെങ്കിലും മികച്ച ഗോൾ ശരാശരിയാണ് അവരെ തുണച്ചത്.

സാധ്യതാ ടീം: ലിവര്‍പൂള്‍ – അലിസണ്‍, അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ്, മാറ്റിപ്, വാന്‍ ദിജിക്, റോബര്‍ട്‌സണ്‍, ഫാബിഞ്ഞോ, ഹെന്‍ഡേഴ്‌സണ്‍, വിനാല്‍ഡം, മാനെ, സലാ, ഫിര്‍മിഞ്ഞോ. ടോട്ടനം – ലോറിസ്, ട്രിപ്പിയര്‍, ആല്‍ഡെര്‍വെയില്‍ഡ്, വെര്‍ട്ടോനെന്‍, റോസ്, വിന്‍ക്‌സ്, സിസ്സോകോ, അലി, എറിക്‌സന്‍, സണ്‍, കെയ്ന്‍.
വേദി: മാഡ്രിഡ്
സമയം: ഇന്ന് രാത്രി 12.30