Connect with us

Ongoing News

സി പി എമ്മിനെതിരെ ബി ജെ പിയുടെ ദീർഘകാല പദ്ധതി; പതിനാലിടത്ത് യു ഡി എഫിന് വോട്ട് മറിച്ചു

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ വളർച്ചക്ക് സി പി എം ദുർബലപ്പെടണമെന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പതിനാല് സീറ്റുകളിൽ യു ഡി എഫിന് വോട്ട് മറിച്ചെന്ന് വിലയിരുത്തൽ. എ ക്ലാസ് മണ്ഡലങ്ങളായി തിരഞ്ഞെടുത്ത നാലിടത്തൊഴികെ പതിനാല് സീറ്റുകളിൽ യു ഡി എഫിന് വോട്ട് ചെയ്യണമെന്ന് പരിവാർ നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കുടുംബ വോട്ടുകളടക്കം യു ഡി എഫിന് മറിക്കാനും നിർദേശിച്ചു. പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാകുമെന്നതിനാൽ മുസ്‌ലിംലീഗ് മത്സരിച്ച രണ്ടിടത്തും പ്രത്യേക നിർദേശമൊന്നുമുണ്ടായില്ല. എന്നാൽ, ഇവിടെയും ശരാശരി പ്രചാരണം മതിയെന്നായിരുന്നു നിർദേശം. എ ക്ലാസ് മണ്ഡലങ്ങളിൽ പാർട്ടി തോറ്റെങ്കിലും യു ഡി എഫ് വൻ മുന്നേറ്റം നടത്തിയതിലൂടെ ഈ നീക്കം ഭാഗികമായി വിജയിച്ചെന്നാണ് പാർട്ടി കരുതുന്നത്. ഈ സാഹചര്യത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമായിരിക്കും ബി ജെ പി സ്വീകരിക്കുക.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളാണ് ബി ജെ പി, എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ സീറ്റുകളിൽ മികച്ച സ്ഥാനാർഥികളെയും ഇറക്കി. ആർ എസ് എസിന്റെ കൂടി താത്പര്യം മുൻനിർത്തിയായിരുന്നു നീക്കം. മിസോറാം ഗവർണർ പദവിയിൽ നിന്ന് രാജിവെപ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിർത്തി. ശ്രീധരൻപിള്ള മത്സരിക്കാൻ ആഗ്രഹിച്ച പത്തനംതിട്ടയിൽ സുരേന്ദ്രൻ മത്സരിക്കട്ടേയെന്നായിരുന്നു നിർദേശം. പാലക്കാട് ആഗ്രഹിച്ച ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലിൽ നിയോഗിച്ചു. തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയ തൃശൂരിൽ അദ്ദേഹം വയനാട്ടിലേക്ക് മാറിയതോടെ സുരേഷ്‌ഗോപിയെയും നിർത്തി.

മറ്റു മണ്ഡലങ്ങളിലെ ആർ എസ് എസ് പ്രവർത്തകരെയെല്ലാം ഈ നാല് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി നിയോഗിച്ചു. എ ക്ലാസ് മണ്ഡലങ്ങളിലൊഴികെ ശരാശരി പ്രവർത്തനം നടത്തിയാൽ മതിയെന്നും നിർദേശിച്ചു. മറ്റു മുതിർന്ന നേതാക്കളൊന്നും മത്സരിക്കേണ്ടെന്ന നിലപാടിലേക്കെത്തിയതും ഈ നീക്കത്തിന്റെ ഭാഗമായായിരുന്നു. പാർട്ടിക്ക് സ്വാധീനമുള്ള പാലക്കാട് പോലും കാര്യമായ പ്രചാരണം നടത്തിയില്ല. ദുർബല സ്ഥാനാർഥികളെ നിർത്തി തുടക്കത്തിലേ കാര്യങ്ങൾ യു ഡി എഫിന് അനുകൂലമാക്കി. കൊല്ലം, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ ഇത് പ്രകടമായിരുന്നു.

യു ഡി എഫിന് വോട്ട് മറിക്കാൻ നിർദേശിച്ചപ്പോൾ തന്നെ സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളിൽ പിന്നാക്കം പോകരുതെന്നും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കുമെന്നും തൃശൂരും ആറ്റിങ്ങലും രണ്ടാം സ്ഥാനത്തെത്തുമെന്നുമായിരുന്നു കണക്ക് കൂട്ടൽ. ഫലം വന്നതോടെ എ ക്ലാസ് മണ്ഡലങ്ങളിൽ തന്നെ തിരിച്ചടി നേരിട്ടു. തിരുവനന്തപുരത്ത് ഇത്രയും കനത്ത തോൽവി ഒട്ടുംപ്രതീക്ഷിച്ചതല്ല. കുമ്മനത്തിനേറ്റ തിരിച്ചടി ആർ എസ് എസിനെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. അതേസമയം, യു ഡി എഫ് വൻ വിജയം നേടിയതോടെ തങ്ങളുടെ നീക്കം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നുവെന്നാണ് ബി ജെ പിയുടെ വിലയിരുത്തൽ. മുൻവർഷങ്ങളിൽ ലഭിച്ച വോട്ട് കണക്കുമായി താരതമ്യപ്പെടുത്തി വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായില്ലെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.
വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാതിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാകും ബി ജെ പി സ്വീകരിക്കുക. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം, എറണാകുളം, അരൂർ, പാല സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തുമാണ് ബി ജെ പിക്ക് സ്വാധീനമുള്ളത്. ശബരിമല വോട്ടാകുമെന്ന കണക്ക് കൂട്ടലിൽ കോന്നിയിലും പ്രതീക്ഷ പുലർത്തുന്നു. ഈ മണ്ഡലങ്ങളിലൊഴികെ യു ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കാനാകും ബി ജെ പി തീരുമാനം.

Latest