Connect with us

Articles

അളവറ്റ പ്രതിഫലങ്ങളുടെ രാത്രി

Published

|

Last Updated

റമസാനിലെ ഏത് ദിവസത്തിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അക്കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ ധാരാളം അഭിപ്രായങ്ങളുണ്ട് എങ്കിലും അവസാനത്തെ പത്തിലാണെന്ന് ബഹുഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നു. നബി തങ്ങള്‍ക്ക് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് മറക്കപ്പെടുകയാണുണ്ടായത്. ഉബാദത്ബ്‌നു സ്വാമിത് (റ) വില്‍ നിന്ന് നിവേദനം: നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ട് പേര്‍ കലഹിക്കുന്നത് കണ്ടു. ആ സമയം നബി (സ്വ) പറഞ്ഞു. ലൈലതുല്‍ ഖദ്‌റിന്റെ ദിനം പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. അപ്പോഴാണ് ഈ രണ്ട് പേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതു നിങ്ങള്‍ക്ക് ഗുണത്തിനായേക്കാം. (ബുഖാരി). എന്നിരുന്നാലും പ്രതീക്ഷിക്കുന്നവര്‍ക്കായി നബി(സ്വ) പറയുന്നു: നിങ്ങളില്‍ ആരെങ്കിലും ലൈലതുല്‍ ഖദ്ര്‍ അന്വേഷിക്കുന്നുവെങ്കില്‍ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളില്‍ അതിനെ തേടട്ടെ (മുസ്‌നദ്). എന്നാല്‍ ഇബ്‌നുഅബ്ബാസ് ഇരുപത്തിയേഴെന്ന് അഭിപ്രായം പറഞ്ഞവരില്‍ പ്രമുഖരാണ്. ആകാശം, ഭൂമി തുടങ്ങിയ പല സൃഷ്ടിജാലങ്ങളുടെയും സൃഷ്ടിപ്പില്‍ ഏഴ് ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഈ ദിനത്തില്‍ ആകാനാണ് സാധ്യതയെന്ന് പറയുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ലൈലത്തുല്‍ ഖദ്ര്‍ എന്ന സൂക്തത്തില്‍ മൂന്ന് തവണയാണ് ഈ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ലൈലതുല്‍ ഖദ്ര്‍ എന്നതില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. ഒമ്പത് മൂന്നില്‍ പെരുക്കിയാല്‍ ലഭിക്കുന്നത് 27 ആകയാല്‍ ഈ ദിവസം ആകാനാണ് സാധ്യത. എന്നാല്‍ ഇമാം ശാഫിഈ അഭിപ്രായപ്പെടുന്നു, എനിക്ക് ലഭിച്ച ശക്തമായ രേഖകള്‍ പ്രകാരം ഇരുപത്തിഒന്നാകാനാണ് സാധ്യത. ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്നത് നിക്ഷിപ്തമല്ല എന്നര്‍ഥം. എന്നിരുന്നാലും ഇമാം റാസി പറയുന്നു: അധിക പണ്ഡിതാഭിപ്രായ പ്രകാരം 27 ആകാനാണ് സാധ്യത.
1,000 മാസം ആരാധന നിര്‍വഹിച്ച പ്രതിഫലം ഒറ്റ രാത്രികൊണ്ട് ലഭിക്കപ്പെടുന്ന വിശിഷ്ടമായ ദിനത്തെ വെളിപ്പെടുത്താതിരിക്കാന്‍ കാരണമെന്തായിരിക്കും. ശൈഖ് ജീലാനി(റ) പറയുന്നു: ലൈലതുല്‍ ഖദ്‌റിനെ അല്ലാഹു മറച്ചുവെക്കാനുള്ള കാരണം അത് കാരുണ്യത്തിന്റെയും പാപ നരക മോചനങ്ങളുടെയും രാത്രിയാണ്. അത് വ്യക്തമാക്കിയാല്‍ പ്രസ്തുത രാത്രി മാത്രമായിരിക്കും ജനങ്ങള്‍ ആരാധനയില്‍ കഴിയുക. അങ്ങനെ സംഭവിക്കാതിരിക്കാനും പ്രതീക്ഷിക്കപ്പെടുന്ന എല്ലാ രാത്രിയും ആരാധനകള്‍ ചെയ്യാനുമാണ് ഇപ്രകാരം മറക്കപ്പെട്ടത്.
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു, വല്ലവനും പ്രതിഫലം കാംക്ഷിച്ചും വിശ്വാസ്യതയോടെയും ലൈലതുല്‍ ഖദ്ര്‍ രാവില്‍ നിന്ന് നിസ്‌കരിച്ചാല്‍ അവന്റെ പൂര്‍വകാല പാപങ്ങള്‍ പൊറുക്കപ്പെടും. ലൈലതുല്‍ ഖദ്ര്‍ രാത്രിയിലെ ആരാധനയില്‍ നിന്ന് ലഭിക്കുന്ന അളവറ്റ പ്രതിഫലത്തിന്റെ മേന്മയാണ് ഉപര്യുക്ത ഹദീസ് വാചകം ബോധിപ്പിക്കുന്നത്.

അടയാളങ്ങള്‍
നബി(സ്വ) പറയുന്നു: ലൈലതുല്‍ ഖദ്ര്‍ പ്രകാശമുള്ള രാത്രിയായിരിക്കും. അമിതോഷ്ണമോ ശൈത്യമോ ഉണ്ടാകില്ല. ശക്തിയായ കാറ്റോ മഴയോ കാര്‍മേഘമോ ഉണ്ടാകുകയില്ല. നക്ഷത്രങ്ങള്‍ കൊണ്ട് പിശാചിനെ എറിയപ്പെടുന്നതല്ല. അതിന്റെ പകലിന്റെ അടയാളം, പൂര്‍ണ ചന്ദ്രനെ പോലെയായിരിക്കും സൂര്യോദയം (ത്വബ്‌റാനി). ലൈലതുല്‍ ഖദ്‌റിനു ശേഷമുള്ള ഉദയ സൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും (മുസ്‌ലിം)

മലക്കുകളുടെ ആഗമനം
ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷ പ്രത്യേകതകളില്‍ ഒന്നാണ് മലക്കുകളുടെ വാനലോകത്ത് നിന്നുള്ള ആഗമനം. ലൈലതുല്‍ ഖദ്‌റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍ കൊണ്ട് ധന്യമാക്കിയെന്ന് കണക്കെടുപ്പ് നടത്താനും നമ്മെ ആശിര്‍വദിക്കാനുമാണ് മലക്കുകളുടെ ഇറക്കം.

അലി(റ)പറയുന്നു: ലൈലതുല്‍ ഖദ്‌റില്‍ നമ്മോട് സലാം ചൊല്ലാനും നമുക്ക് വേണ്ടി ശഫാഅത്ത് ചെയ്യാനുമാണ് മലക്കുകള്‍ ഇറങ്ങുന്നത്. ഒരാള്‍ക്ക് അവരുടെ സലാം
ലഭിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (തഫ്‌സീറുര്‍റാസി). മലക്കുകളുടെ ആഗമനത്തെ കുറിച്ച് കഅ്ബ്(റ) വിശദീകരിക്കുന്നു: സ്വര്‍ഗത്തിനടുത്ത് ഏഴാം ആകാശത്തിന്റെ അതിര്‍ത്തിയിലാണ് സിദ്‌റതുല്‍ മുന്‍തഹ സ്ഥിതി ചെയ്യുന്നത്. ദുനിയാവിന്റെയും ആഖിറത്തിന്റെയും അന്തരീക്ഷത്തിന്റെ അതിര്‍ത്തിയാണത്. അതിന്റെ തണ്ട് സ്വര്‍ഗത്തിലും കൊമ്പുകള്‍ കുര്‍സിയ്യിന് താഴെയുമാണ്. അതിലുള്ള മലക്കുകളുടെ എണ്ണം അല്ലാഹുവിനല്ലാതെ അറിയില്ല. അവരതില്‍ അല്ലാഹുവിനെ ആരാധിച്ച് കൊണ്ടിരിക്കുന്നു. ജിബ്‌രീല്‍ (അ)ന്റെ സ്ഥാനം അതിന്റെ മധ്യത്തിലാണ്. പ്രസ്തുത മലക്കുകള്‍ക്ക് സത്യവിശ്വാസികളോട് ദയയും കാരുണ്യവും അല്ലാഹു നല്‍കിയിരിക്കുന്നു. ലൈലതുല്‍ ഖദ്‌റിന്റെ രാത്രി ജിബ്‌രീല്‍(അ) നോടൊപ്പം അവരും ഇറങ്ങുന്നതാണ്. സത്യവിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അവര്‍ സുജൂദോ ഖിയാമോ ചെയ്യാത്ത ഒരു സ്ഥലവും ഭൂമിയില്‍ ഉണ്ടാകുകയില്ല…

മുന്‍ കഴിഞ്ഞ സദ്‌വൃത്തരായ മഹത്തുക്കള്‍ ലൈലതുല്‍ ഖദ്‌റിന്ന് വേണ്ടി നേരത്തെ തന്നെ തയ്യാറായിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാം. തമീമുദ്ദാരി (റ) തന്റെ ആയിരം ദിര്‍ഹം വിലമതിക്കുന്ന വസ്ത്രം ഈ രാവില്‍ ധരിക്കാറുള്ളതായി ചരിത്രം മുദ്രണം ചെയ്യുന്നു. ഈ രാത്രിയില്‍ പല ആവശ്യ നിര്‍വഹണങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയതിന്റെ ഫലമായി അതെല്ലാം നേടിയതായി ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Latest