കേരളത്തിലെ പ്രകടനത്തില്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Posted on: May 28, 2019 2:03 pm | Last updated: May 28, 2019 at 4:26 pm

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി ജെ പി പ്രകടനത്തില്‍ തൃപ്തിയില്ലെന്ന് ബി ജെ പി കേന്ദ്രനേതൃത്വം. കേരളത്തില്‍ മൂന്ന് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ഒരു സീറ്റു പോലും നേടാനാവാത്തത് തിരിച്ചടി തന്നെയാണെന്നും ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ മാറ്റണമോ എന്ന് നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് വപരീതമായാണ് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വത്തിന് തൃപ്തിയുണ്ടെന്നായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. സീറ്റുകിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തിരഞ്ഞെടുപ്പ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗം ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനം യോഗത്തില്‍ ഉയരുന്നത്‌. പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു.

പത്തനംതിട്ടയില്‍ എന്‍ എസ് എസ് പിന്തുണ കിട്ടിയില്ലെന്ന് യോഗത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച ശേഷം അവസാനം പാലം വലിക്കുകയായിരുന്നെന്നാണ് സുരേന്ദ്രന്റെ വിമര്‍ശം.