Connect with us

Book Review

വിശ്വ സാഹിത്യ ഭൂപടത്തിൽ ഒമാനീ കൈയൊപ്പ്

Published

|

Last Updated

ജൂഖ അൽ ഹർസിയും മരിലിൻ ബൂതും മാൻ ബുക്കർ പുരസ്കാരവുമായി

അറബിയിൽ എഴുതിയ ഒരു നോവലിന് ആദ്യമായാണ് ബാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസ് നേടുന്നത്. ആ വിജയി ആണ് ജൂഖ അൽ ഹർസി എന്ന ഒമാനി വനിത. ഒരു ഒമാനി വനിതയുടെ നോവൽ ആദ്യമായാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ആ റെക്കോർഡും ഹർസിക്ക് സ്വന്തം. സെലിസ്റ്റ്യൽ ബോഡീസ് (വിണ്ണിൽ വസിക്കുന്ന ശരീരങ്ങൾ) എന്ന് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്ത നോവലിനാണ് അര ലക്ഷം പൗണ്ട് സമ്മാനത്തുകയുള്ള ബുക്കർ പ്രൈസ് ലഭിച്ചത്. അമേരിക്കൻ അക്കാദമിക് മരിലിൻ ബൂത് ആണ് മൊഴിമാറ്റിയത്. നോവൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടപ്പോഴും റെക്കോർഡ് ആയിരുന്നു. ഗൾഫ് രാജ്യത്ത് നിന്ന് ആദ്യമായാട്ടായിരുന്നു ഒരു സൃഷ്ടി മാൻ ബുക്കറിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നത്.

നിഗൂഢമായ കലാചാതുരി

ഒമാനി ഗ്രാമമായ അൽ അവാജിയാണ് കഥാപരിസരം. മൂന്ന് സഹോദരിമാരുടെ ജീവിതമാണ് ഇതിവൃത്തം. ഏറെ ദുഃഖത്തോടെ സമ്പന്ന കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ട മയ്യ, സാധാരണപോലെ വിവാഹിതയായ അസ്മ, കാനഡയിലേക്ക് കുടിയേറിയ തന്റെ പുരുഷനെ കാത്തിരിക്കുന്ന ഖൗല എന്നിവരുടെ കഥയാണിത്. ജീവിതം, പ്രണയം, നഷ്ടം തുടങ്ങിയ വിവിധ തലങ്ങളിലൂടെ ഈ സമൂഹത്തെ കുറിച്ച് അറിയാൻ സാധിച്ചുവെന്ന് ജൂറിയംഗവും ചരിത്രകാരനുമായ ബെറ്റാനി ഹ്യൂസ് ചൂണ്ടിക്കാട്ടുന്നു. അധിനിവിഷ്ട ഒമാനിലെ അടിമ കുടുംബത്തിലെ വളരെ ദരിദ്രരിൽ നിന്ന് മുതൽ പുതിയ തരത്തിലൂടെ പണമുണ്ടാക്കുന്ന സമ്പന്നരെ കുറിച്ച് വരെ നോവൽ വരഞ്ഞിടുന്നുണ്ട്. ഒരു കൊച്ചുമുറിയിൽ നിന്ന് തുടങ്ങി ഒരു ലോകത്തിൽ അവസാനിക്കുന്നതാണ് നോവൽ. ഇംഗ്ലീഷിൽ സാധാരണ ലഭിക്കാത്ത ആശയങ്ങളും ചിന്തകളും അനുഭവങ്ങളും ഇതിൽ നിന്ന് പ്രസരിക്കുന്നു. ലിംഗം, വർഗം, സാമൂഹിക വിവേചനം, അടിമത്തം തുടങ്ങിയവയുടെ വിശകലനത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന വാർപ്പുമാതൃകകളെ ഇത് ഒഴിവാക്കുന്നു. നോവലിലുടനീളം ആകസ്മികത ദൃശ്യമാണ്. കഥയുമായി നമ്മൾ പ്രണയത്തിലാകുമെന്നും ഹ്യൂസ് പറയുന്നു.

പൂർണമായും വനിതകളും സ്വതന്ത്രമായി പ്രസിദ്ധീകരിച്ചതുമായ ചുരുക്കപ്പട്ടികയിൽ നിന്നാണ് സെലിസ്റ്റ്യൽ ബോഡീസ് അവാർഡിനായി തിരഞ്ഞെടുത്തത്. നേരത്തെ ബുക്കർ പുരസ്‌കാരം ലഭിച്ച ഒൾഗ ടൊകാർസുക്, ഫ്രഞ്ച് രചയിതാവ് ആനി എഴ്‌നോക്‌സ്, കൊളംബിയയിലെ ജുവാൻ ഗബ്രിയേൽ വാസ്‌ക്വേസ് എന്നിവരോടൊപ്പമാണ് അൽ ഹർസി മത്സരിച്ചത്. അൽ ഹർസിയുടെ നോവലിന്റെ നിഗൂഢമായ കലാചാതുരി ജഡ്ജിമാരെല്ലാം ഇഷ്ടപ്പെട്ടതായി ഹ്യൂസ് പറയുന്നു. മറ്റ് പുസ്തകങ്ങളെ അപേക്ഷിച്ച് പുറംമോടി ഇതിന് കുറവായിരുന്നു. മാത്രമല്ല, കാവ്യാത്മക തന്ത്രവും കാണാം. ഭ്രമിപ്പിക്കുന്ന ഒരു ലോകത്തെ ഗാർഹിക നാടകം പോലുള്ള അനുഭവം നൽകുന്നു. എന്നാൽ അത് മാത്രമല്ല. തത്വശാസ്ത്രം, മനശ്ശാസ്ത്രം, കവിത എന്നിവയുടെ അടരുകളോടെ കഥാപാത്രങ്ങൾക്കിടയിലെ ബന്ധത്തിലൂടെ ഗദ്യത്തിലേക്ക് എത്തുന്നു. നേരിയ തോതിൽ വ്യത്യസ്തമായ വഴിയിൽ വായിക്കാൻ ഇവ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹ്യൂസ് പറയുന്നു.

നോവൽ ചുരുക്കപ്പട്ടികയിൽ വന്നതിന് ശേഷമുള്ള അഭിമുഖത്തിൽ, ഒമാനി സാഹിത്യത്തിന് വലിയ ജനശ്രദ്ധ ലഭിക്കുന്നതിന് അവാർഡ് കാരണമാകുന്നതിൽ സന്തോഷമുണ്ടെന്ന് ബൂത് പറഞ്ഞിരുന്നു. ഇദംപ്രഥമമായി ഒരു കല, ഒരു ഭാവനാത്മക രചന, ചിന്തിക്കുന്നതിന്റെയും പറയുന്നതിന്റെയും അതിരുകളെ തള്ളിമാറ്റുന്നത് എന്നതിനേക്കാളേറെ അറബ് ലോകത്തേക്കുള്ള പാതയായി കാണുന്ന പ്രവണത അറബി കഥകളെ പ്രതിയുണ്ട്. അറബ് ലോകത്തെ കുറിച്ച് പഠിക്കുകയാണെങ്കിൽ മേഖലയിലുടനീളം ഏറെ അത്ഭുതമുണ്ടാക്കുന്ന കഥാകാരന്മാരുണ്ട് എന്നതാണ് സത്യം. ഈജിപ്ത്, ഫലസ്തീൻ, ലെബനോൻ, മൊറോക്കോ തുടങ്ങിയ സാഹിത്യപ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് വിശ്രുതമായ ഇടങ്ങളിൽ മാത്രമല്ല, ഒമാൻ പോലെയുള്ള സാഹിത്യ ഭൂപടത്തിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിലുമുണ്ടെന്നും ബൂത് പറയുന്നു.

ഇൻവെർനെസ്സിന്റെ സാൻഡ്‌സ്റ്റോൺ പ്രസ്സ് ആണ് സെലിസ്റ്റ്യൽ ബോഡീസ് പ്രസിദ്ധീകരിച്ചത്. ഇവരുടെ ആദ്യ അറബി സാഹിത്യ സംരംഭം കൂടിയാണിത്. മറ്റ് രണ്ട് നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും ഒരു ബാലപുസ്തകവും രചിച്ചിട്ടുണ്ട് അൽ ഹർസി. ജർമൻ, ഇറ്റാലിയൻ, കൊറിയൻ, സെർബിയൻ തുടങ്ങിയ ഭാഷകളിലേക്ക് ഇവരുടെ രചനകൾ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. 2011ലെ സായിദ് അവാർഡിന് ഇവരുടെ നോവൽ ചുരുക്കപ്പട്ടികയിൽ പെട്ടിരുന്നു. കലക്ക് വേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സജീവവും പ്രതിഭാത്വവുമുള്ള രചനാ സമൂഹം ഒമാനുണ്ടെന്ന് കണ്ടെത്താൻ അന്താരാഷ്ട്ര വായനക്കാരെ സെലിസ്റ്റ്യൽ ബോഡീസ് സഹായിക്കും. തങ്ങളുടെ എഴുത്തിലൂടെ തുറന്ന മനസ്സോടെയും ഹൃദയത്തോടെയും ഒമാനെ നോക്കാനാണ് ആ രാജ്യത്തുള്ള എഴുത്തുകാർ ആഗ്രഹിക്കുന്നുവെന്നും ബൂത് പറയുന്നു.

വിദ്യാഭ്യാസ വിചക്ഷണ കൂടിയാണ് അൽ ഹർസി. ക്ലാസിക്കൽ അറബ് സാഹിത്യത്തിൽ എഡിൻബർഗ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയ അവർ നിലവിൽ, മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റിയിൽ അറബിക് ഡിപ്പാർട്ട്‌മെന്റിൽ അസോസിയേറ്റ് പ്രൊഫസർ ആണ്.
.

---- facebook comment plugin here -----

Latest