പ്രതിപക്ഷപ്പിഴവുകളുടെ ഘോഷയാത്രക്കൊടുവില്‍

Posted on: May 27, 2019 12:42 pm | Last updated: May 27, 2019 at 5:01 pm

എതിരാളിക്ക് കരുത്തുണ്ടായിരിക്കുകയും അധികാരം ദുരുപയോഗം ചെയ്യുന്നതിന് മടി കാട്ടാതിരിക്കുകയും ദുരുപയോഗങ്ങള്‍ക്ക് വഴിപ്പെടാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ സന്നദ്ധമാകുകയും ചെയ്യുമ്പോള്‍ യുദ്ധ തന്ത്രം എന്തായിരിക്കണം? നുണകള്‍ പറയാന്‍ ലജ്ജ തോന്നാതിരിക്കുകയും അധികാരമുപയോഗിച്ച് അവയൊക്കെ സത്യങ്ങളാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ പ്രതിരോധിക്കണം? അഭിനയിച്ചും അബദ്ധങ്ങള്‍ പുലമ്പിയും രാജ്യത്തിന്റെ ശ്രദ്ധ തന്നിലേക്ക് മാത്രം കേന്ദ്രീകരിപ്പിക്കാന്‍ പരമാധികാരി ശ്രമിക്കുമ്പോള്‍ വിമര്‍ശനം ഏത് രീതിയിലാകണം? തീവ്ര ദേശീയതയും തീവ്ര ഹിന്ദുത്വവും പയറ്റി വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ സംഘ്പരിവാരമൊന്നാകെ ശ്രമിക്കുമ്പോള്‍ അതു മറികടക്കാന്‍ എന്തു ചെയ്യണം? താന്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നതു കൊണ്ടാണ് എല്ലാവരും തന്നെ എതിര്‍ക്കുന്നത് എന്ന് ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരി വിലപിക്കുമ്പോള്‍ അതിലെ കള്ളത്തരം വെളിവാക്കാന്‍ എന്തുചെയ്യാനാകും? ഇന്ത്യന്‍ യൂനിയനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പു കാലത്ത് നേരിട്ട അനവധിയായ ചോദ്യങ്ങളില്‍ ചിലതാണിത്. ഇനിയങ്ങോട്ട് കുറേക്കൂടി ശക്തമായി ഇവയെ നേരിടേണ്ടി വരികയും ചെയ്യും.

വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍, നിയമ വ്യവസ്ഥകളെ ഉപയോഗിച്ചും നിയമങ്ങളെയൊക്കെ അവഗണിച്ചും നടത്താനിടയുള്ള പല വിധ വേട്ടകളെ നേരിട്ടുകൊണ്ടുവേണം ഇത്തരം ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനും ജനങ്ങളുടെ വിശ്വാസമാര്‍ജിക്കും വിധത്തില്‍ പ്രവര്‍ത്തിക്കാനും. അത് സാധ്യമാകുമോ എന്നതാണ് ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും വലുത്.

14ല്‍ നിന്ന് 19ലേക്ക്
2014ലെ തിരഞ്ഞെടുപ്പില്‍ യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ മുഖ്യ ആയുധമാക്കി രാജ്യമാകെ പ്രചാരണം നയിക്കുമ്പോള്‍ “ഞാന്‍ അഴിമതി തുടച്ചുനീക്കും’ “എന്നെ അധികാരത്തിലേറ്റിയാല്‍ തൊഴിലവസരം ഉറപ്പാക്കും’ “കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കുക എന്നതായിരിക്കും എന്റെ മുന്‍ഗണന’ എന്ന് തുടങ്ങി ഏകവചനത്തില്‍ കേന്ദ്രീകരിച്ചായിരുന്നു നരേന്ദ്ര മോദിയുടെ പ്രചാരണം. “ഗുജറാത്തില്‍ ഞാന്‍ നടപ്പാക്കിയ വികസന മാതൃക രാജ്യമാകെ വ്യാപിപ്പിക്കു’മെന്നും. അന്ന് ബി ജെ പി എന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളും ഇതര സംഘ്പരിവാര സംഘടനകളുടെ നേതാക്കളുമൊക്കെ അവരുടെ പ്രസക്തി കുറച്ചെങ്കിലും നിലനിര്‍ത്തിയിരുന്നു. 2019ലേക്ക് എത്തിയപ്പോള്‍ അതൊക്കെ അപ്രസക്തമായിരിക്കുന്നു. നരേന്ദ്ര മോദി എന്ന ഒറ്റ നേതാവും ആ ദേഹം പറയുന്ന വാക്കുകളും വാചകങ്ങളും (അതു നുണയോ അബദ്ധമോ വിവരക്കേടോ എന്തുമാകാം) മാത്രമേയുള്ളൂ. ബി ജെ പിയും ഘടക കക്ഷികളും മത്സരിച്ച ഏതെങ്കിലും മണ്ഡലത്തില്‍ സ്വതന്ത്ര വ്യക്തിത്വമുള്ള സ്ഥാനാര്‍ഥികളുണ്ടായിരുന്നോ? എല്ലാവരും നരേന്ദ്ര മോദിക്ക് വേണ്ടി വോട്ടു ചോദിച്ചു, മണ്ഡലങ്ങളില്‍ റാലികള്‍ക്കെത്തിയ നരേന്ദ്ര മോദിയും തനിക്ക് വേണ്ടി തന്നെ വോട്ടുചോദിച്ചു.

പിന്നെയുണ്ടായിരുന്നത് പ്രതിപക്ഷത്തിന്റെ ശക്തി – ദൗര്‍ബല്യങ്ങളളന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പാക്കാന്‍ സകല മാര്‍ഗങ്ങളും അവലംബിക്കുകയും ചെയ്ത (പണം വേണ്ടിടത്ത് പണം. ആദായ നികുതി വകുപ്പിനെയോ സി ബി ഐയെയോ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ടിടത്ത് അത്. ആക്രമിക്കേണ്ടിടത്ത് അങ്ങനെ) അമിത് ഷായും. സ്വന്തം പാര്‍ട്ടിയില്‍ വിശ്വസ്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അമിത് ഷാ നടത്തിയ ശ്രമവും വിജയം കണ്ടിട്ടുണ്ട്. അത് വരും നാളുകളില്‍ എങ്ങനെ വളര്‍ന്നു വികസിക്കുമെന്നത് കാത്തിരുന്നു കാണണം.

ഐക്യം പറഞ്ഞ അഞ്ച് വര്‍ഷം
2014ലെ വലിയ പരാജയത്തിന് പിറകെ തന്നെ ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാന്‍ ജനാധിപത്യ – മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയം ആവര്‍ത്തിക്കുമ്പോഴൊക്കെ ഈ ആവശ്യം പൊടിതട്ടിയെടുത്തു. ബീഹാറില്‍ ജനതാദളും (യുനൈറ്റഡ്) രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന് ബി ജെ പിയെ പരാജയപ്പെടുത്തിയപ്പോള്‍ പ്രതിപക്ഷ ഐക്യത്തിന്, ഭരണഘടന വിവക്ഷിക്കുന്ന ഇന്ത്യന്‍ യൂനിയന്റെ ആശയത്തെ സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷ സൃഷ്ടിക്കപ്പെടുകയും ചെയ്തു. പിന്നീടെല്ലാം ദുര്‍ബലമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സഖ്യമെന്നത് ആശയമായിപ്പോലുമുണ്ടായില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും എസ് പിയെയും ബി എസ് പിയെയും തഴയാന്‍ കോണ്‍ഗ്രസ് മടിക്കാതിരിക്കുകയും കിട്ടാവുന്നവരെയൊക്കെ ചേര്‍ത്ത് കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ മത്സരിക്കാന്‍ ഈ പാര്‍ട്ടികളും അല്‍പത്രാണികളായ ഇടതു പാര്‍ട്ടികളും തീരുമാനിച്ചപ്പോള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഏത് വിധത്തിലാകും നേരിടുക എന്നതിന്റെ ധാരണ കിട്ടിയിരുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും കഷ്ടിച്ച് ജയിക്കുകയും ഛത്തീസ്ഗഢില്‍ വലിയ ഭൂരിപക്ഷം നേടുകയും ചെയ്തതോടെ തങ്ങള്‍ക്ക് സ്വാധീനം ശേഷിക്കുന്നയിടങ്ങളില്‍ ബി ജെ പിയെ ഒറ്റക്ക് നേരിടാവുന്ന കരുത്ത് തിരിച്ചെത്തിയെന്ന മിഥ്യാ ധാരണയിലേക്ക് കോണ്‍ഗ്രസ് എത്തി. കര്‍ണാടകത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുള്ള ജനതാദളിന് (സെക്യുലര്‍) മുഖ്യമന്ത്രി സ്ഥാനം നല്‍കി ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതു പോലുള്ള തന്ത്രങ്ങള്‍ ലോക്‌സഭയിലേക്ക് വേണ്ടിവരില്ലെന്ന ആത്മവിശ്വാസം (അബദ്ധ വിശ്വാസം) ആ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളിലെങ്കിലും വളര്‍ന്നു. ഉത്തര്‍ പ്രദേശില്‍ എസ് പി – ബി എസ് പി – ആര്‍ എല്‍ ഡി സഖ്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍, അതിലെ അപകടം ചൂണ്ടിക്കാട്ടാനോ കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തി സഖ്യം ബലപ്പെടുത്തുന്നതിന് ശ്രമിക്കാനോ പ്രതിപക്ഷ പാര്‍ട്ടികളൊന്നു പോലും ശ്രമിച്ചതേയില്ല. പ്രിയങ്കാ ഗാന്ധിയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയാക്കി ഉത്തര്‍ പ്രദേശിലേക്ക് നിയോഗിച്ച് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ആരംഭിക്കാനും ഏതാണ്ടെല്ലാ സീറ്റിലും ഒറ്റക്ക് മത്സരിക്കാനുമാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. അതുവഴി ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ കുറഞ്ഞത് ഒരു ഡസന്‍ സീറ്റിലെങ്കിലും മഹാ സഖ്യവും കോണ്‍ഗ്രസും ഒരുപോലെ തോറ്റു. വയനാട്ടില്‍ മത്സരിക്കുക എന്ന തീരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധിയെ എത്തിച്ച നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒളിച്ചോടി എന്ന വര്‍ഗീയ വിഷം ചാലിച്ച അവാസ്തവം പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന് അവസരം തുറന്നുകൊടുത്ത് അമേഠിയിലെ പരാജയം ഉറപ്പാക്കുകയും ചെയ്തു.

ഇതിനിടയിലൊരു സഖ്യശ്രമമുണ്ടായത് ആന്ധ്രാ പ്രദേശിലാണ്. ബി ജെ പി ബന്ധം ഉപേക്ഷിച്ച തെലുങ്കു ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെന്ന് ചന്ദ്ര ബാബു നായിഡുവും ആന്ധ്രയുടെ ചുമതലയുണ്ടായിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും സഖ്യത്തെ വിശദീകരിച്ചു. ദേശീയതലത്തില്‍ മാത്രമേ സഖ്യമുണ്ടാകൂ, ആന്ധ്രയില്‍ രണ്ട് പാര്‍ട്ടികളും പ്രത്യേകം മത്സരിക്കും! ഇവ്വിധമുള്ള സഖ്യത്തെ ആന്ധ്രയിലെ ജനം വിശ്വാസത്തിലെടുക്കുമെന്ന് ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കള്‍ക്ക് തോന്നിയെങ്കില്‍ പരാജയത്തെ ക്ഷണിച്ചുവരുത്താന്‍ അവര്‍ തയ്യാറായിരുന്നുവെന്ന് തന്നെ കരുതണം. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സഖ്യമാകാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ദേശം, അവരുടെ കടുംപിടിത്തം ചൂണ്ടിക്കാട്ടി നിരാകരിച്ചപ്പോള്‍ നഷ്ടമെത്ര? സഖ്യങ്ങളിലൂടെ ഒരു സീറ്റെങ്കില്‍ ഒരു സീറ്റ് ജയിക്കാനായാല്‍ ബി ജെ പിയുടെ അക്കൗണ്ടിലെ ഒരു സീറ്റ് കുറയുകയാണെന്ന പ്രധാന സംഗതി കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുപോയി! അധികാരം പിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ വിറപ്പിച്ച ഗുജറാത്തിലും ഗ്രൂപ്പു കളിച്ചും സ്വാധീനമുള്ള നേതാക്കളെ അകറ്റിനിര്‍ത്തിയും പരാജയം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് കാണിച്ച വ്യഗ്രതയും എടുത്തു പറയേണ്ടതുണ്ട്.

ബംഗാളിന്റെ പാഠം
(തിരുത്താനാകാത്തത്)
സംസ്ഥാനത്തിന് പുറത്തുനിന്ന് സംഘ്പരിവാര പ്രവര്‍ത്തകരെ ഇറക്കി അസമും ത്രിപുരയും പിടിച്ച ബി ജെ പി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യമിട്ടത് പശ്ചിമ ബംഗാളിനെ. തൃണമൂല്‍, കോണ്‍ഗ്രസ്, സി പി എം എന്നീ പാര്‍ട്ടികളില്‍ നിന്നൊക്കെ നേതാക്കളെ ചേരി മാറ്റിയും മമതാ ബാനര്‍ജി സര്‍ക്കാര്‍ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചും ആസൂത്രിതമായ അക്രമങ്ങളിലൂടെ വിവിധ മേഖലകളില്‍ സ്വാധീനമുറപ്പിച്ചും ബി ജെ പി മുന്നേറുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചുവരില്‍ എഴുതിയിരുന്നു. ശാരദ – റോസ് വാലി തട്ടിപ്പുകളില്‍ സി ബി ഐയെ ഉപയോഗിച്ച് മമതാ ബാനര്‍ജിയുടെ വിശ്വാസ്യത തകര്‍ക്കാനും മോദി – അമിത് ഷാ സഖ്യത്തിനായി. അതിനെ നേരിടാന്‍ തിണ്ണമിടുക്ക് മാത്രം മതിയെന്ന് തീരുമാനിച്ച മമതാ ബാനര്‍ജിക്ക് പിഴച്ചു. മോദിയോടെതിരിടാന്‍ മമത മാത്രമേയുള്ളൂവെന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ ഒരുപരിധി വരെ അവര്‍ ഒഴുകിപ്പോയി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് പ്രയാസമില്ലാത്ത തൃണമൂല്‍ അത്തരമൊന്നിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഒന്നോ രണ്ടോ സീറ്റ് അധികം നേടാമായിരുന്നു. ബി ജെ പിയുടെ അംഗബലം അത്രയെങ്കിലും കുറക്കുകയും ചെയ്യാമായിരുന്നു.
പതിറ്റാണ്ടുകാലം കൊണ്ട് സംഘടനാ സംവിധാനം ഇല്ലാതായെന്ന് തിരിച്ചറിഞ്ഞിട്ടും കോണ്‍ഗ്രസുമായി ഏതാനും സീറ്റുകളില്‍ ധാരണയുണ്ടാക്കുന്നതില്‍ ഇടതു മുന്നണിയും സി പി എമ്മും പരാജയപ്പെട്ടു. നേതാക്കളും അണികളും അനുഭാവികളും തൃണമൂലിനെ തോല്‍പ്പിക്കാന്‍ ബി ജെ പിയെ പിന്തുണക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ സി പി എമ്മിന് സാധിച്ചതുമില്ല. ഇടതുമുന്നണിയുമായൊരു ധാരണക്ക് ചെറിയ വിട്ടുവീഴ്ച എന്നത് കോണ്‍ഗ്രസിനും ആലോചിക്കാനായില്ല. എല്ലാം ചേര്‍ന്നപ്പോള്‍ ബംഗാളില്‍ 22 സീറ്റ് ലക്ഷ്യമിട്ട ബി ജെ പി പതിനെട്ടില്‍ വിജയിച്ച്, തൃണമൂലിനെ തുടച്ചുനീക്കുന്ന പ്രക്രിയക്ക് തുടക്കമിട്ടു.

അതിന്റെ തുടര്‍ച്ച ബംഗാളിലെ ഗ്രാമങ്ങളില്‍ അരങ്ങേറുകയാണ് ഇപ്പോള്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് പൂര്‍ത്തിയാകുമെന്ന് തന്നെ കരുതണം.

തമിഴ്‌നാട് പോലും ആശ്വാസമല്ല
ജയലളിതയുടെ മരണം എ ഐ എ ഡി എം കെയെ ദുര്‍ബലമാക്കിയതുകൊണ്ടു മാത്രമാണ് ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് തമിഴ്‌നാട് ഏതാണ്ട് മുഴുവനായി പിടിച്ചെടുക്കാനായത്. അത് മോദിക്കെതിരായ രാഷ്ട്രീയ സഖ്യത്തെ വിജയിപ്പിക്കുക എന്ന രാഷ്ട്രീയ നിശ്ചയമായിരുന്നുവെന്ന് പൂര്‍ണമായി കരുതുക വയ്യ. ജയലളിതക്ക് ശേഷം ഒന്നിച്ചുനില്‍ക്കാന്‍ എ ഐ എ ഡി എം കെക്ക് സാധിച്ചിരുന്നുവെങ്കില്‍ ബി ജെ പി സഖ്യത്തിലൂടെ അവര്‍, ഇപ്പോഴുണ്ടായ തുടച്ചു നീക്കത്തെ കുറച്ചെങ്കിലും അതിജീവിക്കുമായിരുന്നു. എ ഐ എ ഡി എം കെയിലൂടെ തമിഴ്‌നാട്ടില്‍ വേരാഴ്ത്താനായിരിക്കും വരും നാളുകളില്‍ ബി ജെ പി ശ്രമിക്കുക. ബംഗാളിലേതിന് സമാനമായ തന്ത്രം അതിന് പയറ്റിയാല്‍ അത്ഭുതപ്പെടാനില്ല. മതനിരപേക്ഷ ജനാധിപത്യമെന്ന രാഷ്ട്രീയത്തില്‍ ഊന്നുന്ന സഖ്യമായി തമിഴ്‌നാട്ടിലെ ഡി എം കെ മുന്നണി ഇനിയും മാറേണ്ടതുണ്ടെന്ന് ചുരുക്കം. ഒരാശ്വാസമുള്ളത്, സ്വന്തമായ അജണ്ടകളിലും പരിപാടികളിലും ഉറച്ചുനില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ച ഏക സ്ഥലം തമിഴ്‌നാടാണെന്നതാണ്. മറ്റിടങ്ങളിലൊന്നും അങ്ങനെ ഉറച്ചുനില്‍ക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല.

പൈഡ് പൈപ്പര്‍ ഇഫക്ട്
കുഴലൂത്തുകാരന്റെ പിറകെ ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും വരിവരിയായി നീങ്ങിയപ്പോള്‍, ആ ഈണത്തില്‍ കേന്ദ്രീകരിക്കേണ്ടി വന്നു പ്രതിപക്ഷത്തിനും. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പ്രചാരണ വിഷയങ്ങള്‍ ആ ദേഹം തീരുമാനിച്ചു. അതിന് മറുപടി പറയാന്‍ മാത്രമായി നില്‍ക്കേണ്ടി വന്നു ഏതാണ്ടെല്ലാവര്‍ക്കും. റഡാര്‍ക്കണ്ണുകളെ മേഘങ്ങള്‍ തടഞ്ഞേക്കാമെന്ന വിഡ്ഢിത്തം വിമര്‍ശിക്കപ്പെട്ടപ്പോള്‍ രാജ്യത്തിന് വേണ്ടി സംസാരിക്കുന്ന വ്യക്തി ആക്രമിക്കപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ആ ദേഹത്തിനും പ്രചാരണ വിഭാഗത്തിനും സാധിച്ചു. അതിന് മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്നു പ്രതിപക്ഷത്തിനും മതനിരപേക്ഷ ജനാധിപത്യത്തെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്ന വ്യക്തികള്‍ക്കും.

പോയ അഞ്ച് വര്‍ഷം ഹിന്ദുത്വ വര്‍ഗീയതക്കും മോദിക്കും എതിരായ സഖ്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു എല്ലാവരും. ഒരിടത്തുപോലും ജനത്തിന് വിശ്വാസം തോന്നുന്ന സഖ്യം രൂപവത്കരിക്കാനായില്ല. രൂപവത്കരിച്ചിടത്ത് പോലും സീറ്റിനെച്ചൊല്ലിയും സ്ഥാനാര്‍ഥികളെച്ചൊല്ലിയും കലഹിച്ച് വിശ്വാസ്യത കളഞ്ഞു. അതൊഴിവാക്കിയിരുന്നുവെങ്കില്‍ ബി ജെ പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥയെങ്കിലും ഒഴിവാക്കാമായിരുന്നു. അതുപോലും സാധിക്കാതെ വരുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ സ്വഭാവത്തെ ഹിന്ദുത്വ വര്‍ഗീയതയുടെ ദാക്ഷിണ്യത്തിന് വിടുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്.

കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ തിരിച്ചെത്തുന്നവര്‍ കൂടുതല്‍ ഭയപ്പെടുത്തുമെന്നുറപ്പ്. ആ ഭയത്തെ മറികടക്കലാണ് ആദ്യത്തെ വെല്ലുവിളി. അതുണ്ടായാലേ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാനെങ്കിലുമാകൂ. അല്ലെങ്കില്‍ കുഴലൂത്തുകാരന്റെ പിറകില്‍ വരിവരിയായി നീങ്ങാം.