Connect with us

Education

ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല

Published

|

Last Updated

കണ്ണൂർ: സുരക്ഷിത അധ്യയനം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. ഇതുസംബന്ധിച്ച നിർദേശങ്ങൾ ജില്ലയിലെ മുഴുവൻ സർക്കാർ അൺ എയ്ഡഡ് സ്‌കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ സ്‌കൂൾ സുരക്ഷാ പദ്ധതി സംബന്ധിച്ചു മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവുമായി ആലോചിച്ചു നടപടി സ്വീകരിക്കും.

ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ പരിശോധന ആരംഭിച്ചു.
പരിശോധനയിൽ തൃപ്തികരമല്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷക്കായി വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്പു സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. എൻജിനീയർ പരിശോധിച്ച് ഉറപ്പുവരുത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് മേയ് 31 നകം വാങ്ങണം.

അപകടാവസ്ഥയിലുള്ളതോ ഭാഗികമായി നിലനിൽക്കുന്നതോ പണി പൂർത്തിയാകാതെ നിർത്തിവെച്ചിരിക്കുന്നതോ ആയ അവസ്ഥയിലാണെങ്കിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ അനുമതി പ്രകാരം തുടർ നടപടി സ്വീകരിക്കണം. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല. സ്‌കൂൾ തുറക്കുന്നതിന് മുന്പു സ്‌കൂൾ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖിരങ്ങളും മുറിച്ചുമാറ്റണം. കുട്ടികളുടെ സുരക്ഷ സംബന്ധമായ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ ഓഫീസർ സ്‌കൂളുകൾ സന്ദർശിക്കും.

സ്‌കൂളിനോട് ചേർന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണുകൾ, കമ്പികൾ എന്നിവ പരിശോധിക്കാൻ കെ എസ് ഇ ബി ഓഫീസിനെ രേഖാമൂലം അറിയിക്കണം. വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവ അപകടരഹിതമെന്ന് ഉറപ്പുവരുത്തണം. സ്‌കൂൾ കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചു വീട്ടിലേക്കും കൊണ്ടുപോകുന്നതിനും സ്‌കൂൾ അധികൃതർ ഒരുക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് ബന്ധപ്പെട്ടവരിൽ നിന്ന് വാങ്ങണം. വേണ്ടത്ര പരിചയമില്ലാത്തവരോ അംഗവൈകല്യമുള്ളവരോ അനാരോഗ്യവാൻമാരും സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവർ/ക്ലീനർ ജോലി ചെയ്യുന്നില്ലെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തണം. ശക്തമായ മഴ, മറ്റ് പ്രകൃതി ക്ഷോഭങ്ങൾ എന്നിവ കാരണം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്പോൾ അറിയാതെ സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ സുരക്ഷ പ്രധാനാധ്യപകൻ ഉറപ്പുവരുത്തണം. പി ടി എയുടെ സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി വീടുകളിൽ തിരികെ എത്തിക്കണം. തുടങ്ങിയ നിർദേശങ്ങളാണ് എല്ലാ സ്‌കൂളുകളിലും നൽകിയിട്ടുള്ളത്. ശക്തമായ പരിശോധന നടത്തി വീഴ്ച വരുത്തുന്ന സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Latest