Connect with us

Ramzan

ലൈലത്തുൽ ഖദ്ർ നമുക്കുള്ള സമ്മാനം

Published

|

Last Updated

റമസാനിലെ അവസാന പത്തിൽ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കണം. മുഹമ്മദ് നബി (സ)യുടെ സമുദായത്തിന് മാത്രമാണ് ഇത്രയും മഹത്തായ ഒരു ദിവസത്തെ അല്ലാഹു സമ്മാനിച്ചിരിക്കുന്നത്. അനസ് (റ) പറയുന്നു: മുൻകാലത്ത് കഴിഞ്ഞു പോയ സമൂഹത്തിലെ ആളുകൾ 900, 1000 വർഷമൊക്കെ ജീവിച്ചിരുന്നു. അതുകൊണ്ട് ആരാധനകളുടെ കാര്യത്തിൽ എന്റെ സമുദായം അവരോടൊപ്പം എത്തുകയില്ലല്ലോ എന്ന് നബി (സ) മനസ്താപം കൊണ്ടു. അപ്പോഴാണ് അല്ലാഹു പ്രത്യേക സമ്മാനമായി സൂറത്തുൽ ഖദ്ർ ഇറക്കിയത്. ലൈലത്തുൽ ഖദ്‌റിന്റെ മഹത്വത്തെ കുറിച്ചാണ് സൂറത്തുൽ ഖദ്ർ പറയുന്നത്.

ലൈലത്തുൽ ഖദ്ർ റമസാനിലാണെന്നും അവസാനത്തെ പത്തിലാണെന്നും തെളിയിക്കുന്ന നിരവധി ആയത്തുകളും ഹദീസുകളുമുണ്ട്. പക്ഷേ ദിവസം ഏതാണെന്ന് വ്യക്തമായി എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ല. സൂറത്തുൽ ഖദ്‌റിൽ അല്ലാഹു പറയുന്നു ഖുർആൻ ഇറക്കിയത് ലൈലത്തുൽ ഖദ്‌റിലാണെന്ന്. ഖുർആനിൽ മറ്റൊരിടത്ത് പറയുന്നു: ഖുർആൻ ഇറക്കിയത് റമസാനിലാണെന്ന്. രണ്ടും കൂടി കൂട്ടിവായിക്കുമ്പോൾ ലൈലത്തുൽ ഖദ്ർ റമസാനിലാണെന്ന് വ്യക്തമാകും. ധാരാളം ഹദീസുകളും ഇതുസംബന്ധിച്ച് വന്നിട്ടുണ്ട്. ആഇശ (റ)യിൽ നിന്നുള്ള നിവേദനം: റമസാനിലെ അവസാന പത്തിൽ നബി (സ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ലൈലത്തുൽ ഖദ്‌റിനെ റമസാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ പ്രതീക്ഷിക്കുക എന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. (ബുഖാരി 4-225). മറ്റൊരു ഹദീസിൽ നബി (സ) പറഞ്ഞതായി കാണാം: റമസാനിലെ അവസാനത്തെ പത്ത് ദിനങ്ങളിലെ ഒറ്റയിട്ട രാവുകളിൽ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുക. ഒരു സുകൃതത്തിന് 1000 മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന രാത്രിയാണ് ലൈലത്തുൽ ഖദ്ർ. സമയങ്ങൾക്കും ദിവസങ്ങൾക്കും മഹത്വം വരുന്നത് അവിടെ സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ലൈലത്തുൽ ഖദ്‌റിന് ഇത്രയും വലിയ മഹത്വം വന്നത് പരിശുദ്ധ ഖുർആൻ ഇറങ്ങിയ ദിവസമായതിനാലാണെന്ന് പണ്ഡിതൻമാർ പറയുന്നു.

ജിബ്‌രീൽ (അ) ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാം ആകാശത്തേക്ക് ഖുർആൻ ഇറക്കിയത് ഈ ദിവസത്തിലാണ്. ഈ ദിനത്തിൽ മലക്കുകളും അവരുടെ നേതാവായ ജിബ്‌രീലും (അ)ആകാശ ലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരും. ആരാധനകളിൽ മുഴുകിയ അടിമകളെ അവർ പ്രത്യേകം അടയാളപ്പെടുത്തും. അവർക്ക് സമാധാനത്തിനായും പാപങ്ങൾ പൊറുക്കുന്നതിന് വേണ്ടിയും പ്രഭാതം വരെ മലക്കുകൾ പ്രാർഥിച്ചു കൊണ്ടിരിക്കും. റമസാനിൽ ധാരാളം സുകൃതങ്ങൾ ചെയ്യുന്ന നമുക്ക് ലൈലത്തുൽ ഖദ്ർ നഷ്ടമായിക്കൂടാ. അവസാനത്തെ പത്ത് ദിവസങ്ങൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തണം. രാത്രികളെ ജീവിപ്പിക്കണം. പ്രത്യേകിച്ച് ഒറ്റയിട്ട രാവുകളെ.

അപ്പോൾ നമുക്ക് ആ മഹാഭാഗ്യം കരസ്ഥമാക്കാനാകും, തീർച്ചയാണ്. ആഇശാ (റ)യിൽ നിന്നുള്ള റിപ്പോർട്ട്: ലൈലത്തുൽ ഖദ്‌റിന്റെ ദിവസത്തിൽ ചൊല്ലേണ്ടത് എന്താണെന്ന് നബി (സ) യോട് ചോദിച്ചപ്പോൾ “അല്ലാഹുമ്മ ഇന്നക അഫുവ്വുൻ……” (അല്ലാഹുവേ നീ മാപ്പ് ചെയ്യുന്നവനാണ്. മാപ്പ് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവനുമാണ്. അതിനാൽ എനിക്ക് നീ മാപ്പ് ചെയ്യേണമേ) എന്ന പ്രാർഥന അധികരിപ്പിക്കണമെന്ന് അവിടുന്ന് മറുപടി പറഞ്ഞു. (തുർമുദി).

സബ് എഡിറ്റർ, സിറാജ്

Latest