National
ഇഫ്താര്‍ പാര്‍ട്ടിക്ക് ക്ഷണിച്ചില്ല; പ്രതികാരം തീര്‍ക്കാന്‍ യുവാക്കള്‍ മൂന്ന് കുട്ടികളെ വെടിവെച്ച് കൊന്നു

മീററ്റ്: ഇഫ്താര്‍ പാര്‍ട്ടിക്ക് ക്ഷണിക്കാത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ യുവാക്കള്‍ മൂന്ന് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തി ജലാശയത്തില്‍ തള്ളി. ബുലന്ദ്ശഹറിലാണ് ദാരുണമായ സംഭവം നടന്നത്. അബ്ദുല്‍ (8), അസ്മ (7), അലീബ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെയും വെള്ളിയാഴ്ച കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സലേംപുരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദത്തൂരി ഗ്രാമത്തിലെ ജലാശയത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി തവണ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് പറഞ്ഞു.
മലിക്ക്, ഇയാളുടെ സുഹൃത്തുക്കളായ ബിലാല്‍, ഇംറാന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അലീബയുടെ പിതാവ് ഹാഫിസ് നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ബന്ധുവായ മലിക്കിനെ ക്ഷണിച്ചിരുന്നില്ല. ഇയാളുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ക്ഷണിക്കാതിരുന്നത്. ഇത് ഇത്തരമൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അലീബയുടെ പിതാവ് ഹാഫിസ് അലാം പറഞ്ഞു.