Connect with us

Editorial

പകര്‍ച്ച വ്യാധികളും ശുചിത്വ ബോധവും

Published

|

Last Updated

ഒരു ഭാഗത്ത് പൊതുജനാരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താനും പകര്‍ച്ച വ്യാധികള്‍ തടയാനും ശക്തമായ സംവിധാനങ്ങള്‍. മറ്റൊരു ഭാഗത്ത് നിര്‍മാര്‍ജനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുകയും ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതുമായ രോഗ വൈറസുകളുടെ കടന്നു വരവ്. ഇതാണിപ്പോള്‍ ലോകത്തെവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും. പകര്‍ച്ച വ്യാധികള്‍ മൂലം പ്രതിവര്‍ഷം നൂറുകണക്കിന് മരണങ്ങള്‍ നടക്കുന്ന കേരളത്തില്‍ ഇത്തരം രോഗങ്ങളും മരണങ്ങളും കുറക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതിനായി പകര്‍ച്ച വ്യാധികളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി “ഡെത്ത് ആഡിറ്റ് സമിതി” എന്ന പേരില്‍ ഒരു വിദഗ്ധ സമിതി നിലവില്‍ വരികയുണ്ടായി അടുത്തിടെ.

469 പേരാണ് കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്ക് പ്രകാരം എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ പോക്‌സ് തുടങ്ങി പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് സംസ്ഥാനത്ത് മരിച്ചത്. മുന്‍കരുതല്‍ ഫലപ്രദമല്ലാത്തതും തുടക്കത്തിലേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതുമാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. പകര്‍ച്ച വ്യാധികള്‍ പിടിപെടുകയും അത് വ്യാപകമാകുകയും ചെയ്യുമ്പോഴാണ് നിലവില്‍ ആരോഗ്യ വകുപ്പ് ജാഗ്രത്താകുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതും. ഇതിന് പകരം രാജ്യത്ത് പിറവിയെടുക്കുന്നതും രാജ്യാതിര്‍ത്തികള്‍ കടന്നെത്തുന്നതുമായ പുതിയ വൈറസുകള്‍ സൃഷ്ടിക്കുന്ന രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുകയും നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്താല്‍ രോഗപ്പകര്‍ച്ചയും മരണ സംഖ്യയും കുറക്കാനാകുമെന്നാണ് കരുതുന്നത്. ഈ ലക്ഷ്യത്തിലാണ് ഒമ്പത് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഡെത്ത് ആഡിറ്റ് സമിതിക്ക് രൂപം നല്‍കിയത്.

പകര്‍ച്ച വ്യാധികളുടെ സ്രോതസ് കണ്ടെത്തിയെങ്കില്‍ മാത്രമേ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാകുകയുള്ളൂ. കോഴിക്കോട്ട് പേരാമ്പ്രയിലെ നിപ്പ വൈറസിന്റെ പകര്‍ച്ച തുടക്കത്തില്‍ തടയാനാകാതിരുന്നത് സ്രോതസ് കണ്ടെത്താന്‍ കഴിയാതിരുന്നതു കൊണ്ടാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഇതടിസ്ഥാനത്തില്‍ ശാസ്ത്രീയമായ പഠനത്തിലൂടെ പകര്‍ച്ച വ്യാധി മരണങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുകയും വൈറസുകളുടെ രൂപമാറ്റവും മരുന്നുകളുടെ ശേഷിയും വിലയിരുത്തി പകര്‍ച്ച വ്യാധി മരണങ്ങള്‍ പടിപടിയായി കുറക്കുകയുമാണ് സമിതിയുടെ മുഖ്യചുമതല. പ്രാഥമിക പരിശോധനയില്‍ മരണ കാരണം കണ്ടെത്താനായില്ലെങ്കില്‍ വീട്ടിലും പരിസര പ്രദേശങ്ങളിലും ആശുപത്രിയിലും വിശദമായ അന്വേഷണം നടത്തി ശാസ്ത്രീയ സംവിധാനത്തിലൂടെ സമിതിക്ക് അത് കണ്ടെത്താനാകുമെന്നാണ് കണക്ക് കൂട്ടല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസോ. പ്രൊഫസര്‍മാരായ ഡോ. സെല്‍വരാജന്‍ ചെട്ടിയാര്‍, ഡോ. ആര്‍ ജ്യോതി, ഡോ. ടോണി ലോറന്‍സ്, പൊതുജനാരോഗ്യം അസി. ഡയറക്ടര്‍ ഡോ. വി അനില്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതി.

അതേസമയം, പടര്‍ന്നു പിടിക്കുന്ന മസ്തിഷ്‌കജ്വര ബാധയെക്കുറിച്ച ഭീതിയിലാണ് ഇപ്പോള്‍ മലപ്പുറം ജില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് പേരാണ് ജില്ലയില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്. നിരവധി പേര്‍ രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുകയും ചെയ്യുന്നു. പനി, ശക്തമായ തലവേദന എന്നീ രോഗ ലക്ഷണങ്ങളാണ് മരണപ്പെട്ടവരില്‍ കാണപ്പെട്ടത്. രോഗാണു ശരീരത്തിലെ നാഡീവ്യൂഹത്തില്‍ പ്രവേശിച്ചാലുടന്‍ തലച്ചോറിനെയാണ് അക്രമിക്കുക. തലച്ചോറിലെ അണുബാധയാണ് കടുത്ത തലവേദനക്ക് കാരണം. മാലിന്യത്തിന്റെ സാന്നിധ്യമുള്ള വെള്ളക്കെട്ടുകളിലും ചതുപ്പു നിലങ്ങളിലും കാണപ്പെടുന്ന നെഗ്ലേറിയ ഫൌലേറി എന്ന ഏകകോശ ജീവിയാണ് അതീവ മാരകമായ മസ്തിഷ്‌ക ജ്വരത്തിന് പിന്നിലെന്നാണ് വിദഗ്ധ നിഗമനം. ചതുപ്പുകളും കുളങ്ങളും കൂടുതലുള്ള ഭാഗങ്ങളില്‍ നിന്നാണ് അണുബാധ കൂടുതലായി കണ്ടെത്തിയത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവ കുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെ മലബാറിന്റെ ചില ഭാഗങ്ങളില്‍ മാരകമായ വെസ്റ്റ് നൈല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പക്ഷികളില്‍ നിന്നും കൊതുകുകളില്‍ നിന്നുമാണത്രെ ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. നിപ്പ വൈറസ് ഭീതിയില്‍ നിന്ന് അതിജീവിച്ചു വന്ന മലബാറില്‍ ഈ രോഗബാധ കടുത്ത ഭീതി ഉളവാക്കിയിട്ടുണ്ട്. കാലവര്‍ഷം കടന്നു വരുന്നതോടെ ഇത്തരം പകര്‍ച്ച വ്യാധികളുടെ എണ്ണവും വ്യാപനവും ഇനിയും വര്‍ധിക്കുകയും ചെയ്യും.

ശുചിത്വക്കുറവാണ് ഇത്തരം രോഗങ്ങളുടെയെല്ലാം അടിസ്ഥാന കാരണം. ദുര്‍ഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും മാലിന്യക്കൂമ്പാരങ്ങളും സംസ്ഥാനത്തെവിടെയും സാധാരണ കാഴ്ചയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുകയും വ്യക്തി ശുചിത്വത്തിന് പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്യുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും പാടേ അശ്രദ്ധാലുവാണ്. വ്യക്തി ശുചിത്വമുണ്ടായാല്‍ എല്ലാമായെന്നാണ് പലരുടെയും ധാരണ. വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വം, പൊതു ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ഥ ശുചിത്വം. കാലവര്‍ഷത്തിന് മുമ്പ് സംസ്ഥാനത്ത് മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം ആചരിക്കാറുണ്ട് വര്‍ഷം തോറും. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടേണ്ട ഈ യജ്ഞത്തിന് പൊതു സമൂഹത്തില്‍ നിന്ന് എത്രമാത്രം പിന്തുണ ലഭിക്കാറുണ്ട്? ശുചിത്വത്തിന്റെ കാര്യത്തില്‍ നാം കുറേക്കൂടി ബോധവാന്മാരാകണം. അല്ലാത്ത കാലത്തോളം സര്‍ക്കാര്‍ നടപ്പാക്കുന്ന പകര്‍ച്ച വ്യാധി നിയന്ത്രണ പദ്ധതികള്‍ ഉദ്ദേശിച്ച ഫലം കാണുകയില്ല.

---- facebook comment plugin here -----

Latest