Connect with us

Articles

പശ്ചിമേഷ്യന്‍ നാടകത്തിലെ വില്ലന്‍മാര്‍

Published

|

Last Updated

“അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായതിനാല്‍ ഒരു പ്രവചനവും സാധ്യമല്ല”- അന്താരാഷ്ട്രതലത്തില്‍ നിരന്തരം ആവര്‍ത്തിക്കുന്ന വാചകമായി ഇത് മാറിയിരിക്കുന്നു. കൊറിയ- യു എസ് ചര്‍ച്ചയുടെ ഭാവി എന്താകും? ചൈനയുമായുള്ള വ്യാപാര യുദ്ധം എവിടെയെത്തും? ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം മറ്റൊരു ഗാസാ കൂട്ടക്കുരുതിയില്‍ കലാശിക്കുമോ? ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത എന്ന് തീരും? ഇസില്‍വിരുദ്ധ ദൗത്യം അവസാനിച്ചോ? കശ്മീര്‍ വിഷയത്തില്‍ മൂന്നാമന്റെ ഇടപെടല്‍ ഉണ്ടാകുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി മുകളില്‍ കൊടുത്ത വാചകം ഉപയോഗിക്കാവുന്നതാണ്. ട്രംപ് എന്തും ചെയ്തു കളയും. ഒരു മര്യാദയും കീഴ്‌വഴക്കവും അദ്ദേഹത്തിന് പ്രശ്‌നമല്ല. കരാറുകള്‍, ചട്ടങ്ങള്‍, പൊതുവായി സ്വീകരിച്ചുവരുന്ന സമീപനങ്ങള്‍, വാണിജ്യ- വ്യാപാര നീക്കുപോക്കുകള്‍, ലിഖിതവും അലിഖിതവുമായ ബാധ്യതകള്‍ തുടങ്ങി നിരവധിയായ സംഗതികളിലൂടെയാണ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം സാധ്യമാകുന്നത്. ഇത്തരം ഒന്നിനെയും മുഖവിലക്കെടുക്കാത്ത ഒരു ഭരണാധികാരി അതിശക്ത രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ എവിടെയും സംഘര്‍ഷാവസ്ഥ ഉടലെടുത്തേക്കാം. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന യുദ്ധ ഭീഷണിയുടെയും അടിസ്ഥാനം ട്രംപിസത്തിന്റെ ആവിഷ്‌കാരം തന്നെയാണ്.
സാമാന്യമായി അങ്ങനെ വിലയിരുത്തുമ്പോഴും ഇറാന്റെ കാര്യത്തില്‍ ഒരു പ്രത്യക്ഷ യുദ്ധത്തിന് ചാടിപ്പുറപ്പെടാന്‍ തത്കാലം ട്രംപ് ഒരുക്കമല്ല. ഒന്നാമത്തെ കാരണം ഇറാനിയന്‍ സൈന്യത്തിന്റെ ശക്തി തന്നെയാണ്. ആ രാജ്യത്തിന്റെ പക്കല്‍ ആണവായുധമുണ്ടെന്ന് അമേരിക്ക ഭയക്കുന്നുണ്ട്. സദ്ദാമിന്റെ കൈയില്‍ കാര്യമായൊന്നുമില്ലെന്ന് വ്യക്തമായ ശേഷമായിരുന്നുവല്ലോ കൂട്ടനശീകരണ ആയുധത്തിന്റെ കളവ് ബുഷ് ഭരണകൂടം അടിച്ചിറക്കിയത്. ഇറാനെ തൊട്ടാല്‍ ചൈനയും റഷ്യയും വെറുതെയിരിക്കില്ലെന്നും ട്രംപിനറിയാം. ഹോര്‍മുസ് കടലിടുക്കു വഴിയുള്ള എണ്ണ സഞ്ചാരം തടസ്സപ്പെടുത്താന്‍ ഇറാന് സാധിക്കും. വലിയ സാമ്പത്തിക ആഘാതമാകും യുദ്ധം ഉണ്ടാക്കുക. കൊറിയയെ ആക്രമിക്കാന്‍ ഭയന്ന ട്രംപ് ഒരു ഗള്‍ഫ് യുദ്ധത്തിന് ഉത്തരവിറക്കുമെന്ന് കരുതാന്‍ ന്യായമില്ല.
ഈ ശുഭാപ്തി വിശ്വാസത്തെ മുഴുവന്‍ അപ്രസക്തമാക്കി യുദ്ധം പൊട്ടിപ്പുറപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ഥം ജോണ്‍ ബോള്‍ട്ടനും മൈക് പോംപിയോയും ട്രംപിന് മേല്‍ പിടിമുറുക്കിയെന്നാകും. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. വിദേശകാര്യ സെക്രട്ടറിയാണ് മൈക് പോംപിയോ. ഇറാന്‍വിരുദ്ധതയുടെ ആള്‍രൂപങ്ങളാണ് ഇവര്‍ രണ്ട് പേരും. 2015ല്‍ ബോള്‍ട്ടണ്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതി: “ഇറാനോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. അവരെ ബോംബിട്ട് തകര്‍ക്കുക മാത്രമേ വഴിയുള്ളൂ”. ഇറാനില്‍ നിന്ന് പലായനം ചെയ്ത വിമതരുടെ യോഗത്തില്‍ 2017ല്‍ കുറച്ചു കൂടി വ്യക്തമായി ബോള്‍ട്ടണ്‍ ഇതു പറഞ്ഞു: “ഇറാനിലെ മുല്ലാ ഭരണം അവസാനിപ്പിക്കുകയെന്നത് അമേരിക്കയുടെ എക്കാലത്തെയും വലിയ ലക്ഷ്യമാണ്. 2019 അവസാനിക്കും മുമ്പ് ആ ലക്ഷ്യം നേടി നമുക്ക് ആഘോഷിക്കാം”. 2019 ആണിത്. അവസാനിക്കാന്‍ ആറ് മാസമേയുള്ളൂ.

ബോള്‍ട്ടണ്‍ പറഞ്ഞത് സത്യമാണ്. അമേരിക്കയുടെ പ്രഖ്യാപിത ശത്രുവാണ് ഇറാന്‍. 1979ലെ, ഇസ്‌ലാമികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിപ്ലവത്തോടെ ഉയര്‍ന്ന ശത്രുതയുടെ കൊടി ഒരിക്കലും താഴ്ന്നിട്ടില്ല. ഷാ പഹ്‌ലവി ഭരണകൂടത്തെ അട്ടിമറിച്ച് ആയത്തുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഭരണ സംവിധാനത്തെ യു എസ് അംഗീകരിച്ചിട്ടില്ല. സാധാരണ നിലയിലുള്ള നയതന്ത്രബന്ധം ഈ രാജ്യങ്ങള്‍ തമ്മില്‍ സാധ്യമായിട്ടേയില്ല. മതപരമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ശത്രുതയായി അത് വളരുകയായിരുന്നു. ശിയാ സഖ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി ഇറാന്‍ മാറിയതോടെ അമേരിക്കന്‍ ശത്രുതക്ക് പലതരം ഉപയോഗങ്ങള്‍ കൈവന്നു. ഇറാനോടുള്ള ശത്രുതാ പ്രകടനങ്ങള്‍ ഇസ്‌റാഈലിനോടുള്ള സ്‌നേഹ പ്രകടനം കൂടിയായി. സഊദിയുടെ നേതൃത്വത്തില്‍ സുന്നീ ചേരി രൂപപ്പെടുത്തുന്നതില്‍ അമേരിക്ക വിജയിച്ചതോടെ വംശീയതയുടെ വിളവെടുപ്പു കൂടി എളുപ്പമായി. ഇറാനെ ചൂണ്ടിയാണ് എണ്ണ സമ്പന്നമായ സഊദിയെ അമേരിക്ക സാമന്ത രാഷ്ട്രമായി മാറ്റിയത്. ഇറാന് ഇല്ലാത്ത വലിപ്പം നല്‍കും.

തിന്‍മയുടെ അച്ചുതണ്ടെന്ന് വിളിക്കും. അതിവൈകാരികമായി സംസാരിക്കാനിഷ്ടപ്പെടുന്ന അഹ്മദി നജാദിനെപ്പോലുള്ള ഇറാനിയന്‍ നേതാക്കള്‍ ഈ ആക്ഷേപങ്ങള്‍ ആസ്വദിക്കും. മാരകമായ വാക്കുകള്‍ കൊണ്ട് തിരിച്ചടിക്കും. ലബനാനിലെ ഹിസ്ബുല്ല, ഫലസ്തീനിലെ ഹമാസ്, യമനിലെ ഹൂത്തികള്‍, ഇറാഖിലെ ശിയാ ഗ്രൂപ്പുകള്‍, ബഹ്‌റൈനിലെ കലാപകാരികള്‍ തുടങ്ങിയ എല്ലാ സായുധ സംഘങ്ങള്‍ക്കും ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് പരിശീലനവും ആയുധവും നല്‍കും. എണ്ണ സമ്പത്ത് കൊണ്ട് ആര്‍ജിച്ചെടുത്ത മുഴുവന്‍ സൗഹൃദങ്ങളും രാഷ്ട്രീയ ചേരിതിരിയലിന് ഉപയോഗിക്കും. അമേരിക്കയുടെ ഗൂഢലക്ഷ്യങ്ങള്‍ക്ക് പാകമായ രാഷ്ട്രീയ നിലപാടുകളാണ് ഇറാന്‍ പിന്തുടരുന്നതെന്ന് ചുരുക്കം.
അങ്ങനെ ഇരുപക്ഷത്തിനും പങ്കാളിത്തമുള്ള ശത്രുതാ നിര്‍മിതിയുടെ ഒരു സവിശേഷ ഘട്ടം മാത്രമാണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന പടയൊരുക്കവും വാക്‌പോരും. ഇറാഖ് അധിനിവേശ സമയത്തേതിന് സമാനമായ യുദ്ധസന്നാഹമാണ് ഗള്‍ഫില്‍ അമേരിക്ക നടത്തുന്നത്. 1,20,000 സൈനികരെ ഗള്‍ഫ് മേഖലയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജോണ്‍ ബോള്‍ട്ടന്റെ നിര്‍ദേശപ്രകാരം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബി 52 ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തി. വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍, പാട്രിയട്ട് മിസൈല്‍വേധ സംവിധാനം, പോര്‍വിമാനങ്ങള്‍ തുടങ്ങിയവ വിന്യസിച്ചു കഴിഞ്ഞു. എയര്‍ക്രാഫ്റ്റ്, ഡ്രോണ്‍, ക്രൂയിസ് മിസൈല്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള സംവിധാനമാണ് പാട്രിയട്ട് മിസൈല്‍ സിസ്റ്റം. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്വര്‍, യു എ ഇ എന്നിവിടങ്ങളിലാണ് നിലവില്‍ പാട്രിയട്ട് മിസൈല്‍ സിസ്റ്റം വിന്യസിച്ചിട്ടുള്ളത്. യു എ ഇയുടെ കിഴക്കന്‍ തീരത്ത് ഫുജൈറക്ക് സമീപം നാല് സഊദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും സഊദി പൊതു മേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണവും യുദ്ധം തുടങ്ങിയെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ ഈ ഒരുക്കങ്ങളൊന്നും യുദ്ധത്തില്‍ കലാശിക്കില്ലെന്നുറപ്പാണ്. യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. യുദ്ധാന്തരീക്ഷമേ വേണ്ടൂ.

ബരാക് ഒബാമ യു എസ് പ്രസിഡന്റായ കാലത്ത് ഇറാനുമായി ഉണ്ടാക്കിയെടുത്ത ബന്ധം ശത്രുതയുടെ ദീര്‍ഘപാരമ്പര്യത്തിന് വിരുദ്ധമായിരുന്നു. അങ്ങേയറ്റം ആത്മാര്‍ഥമായിരുന്നു ആ ആലിംഗനമെന്നൊന്നും പറയാനാകില്ലെങ്കിലും ഒരു അമേരിക്കന്‍ പ്രസിഡന്റിന് സാധ്യമായതില്‍ വെച്ച് ഏറ്റവും ഉത്കൃഷ്ടമായ ബാന്ധവമാണ് ഹസന്‍ റൂഹാനിയും ബരാക് ഒബാമയും കൈകൊടുത്തപ്പോള്‍ യാഥാര്‍ഥ്യമായത്. ആണവ കരാര്‍ ഈ ഊഷ്മളതയുടെ ഉത്പന്നമായിരുന്നു. ഇറാന്റെ ആണവ പദ്ധതികളില്‍ വന്‍ വെട്ടിക്കുറവ് വരുത്തുന്നതിന് അമേരിക്ക, യു കെ, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നിവരുമായി ധാരണയിലെത്തുകയായിരുന്നു. പകരം ഇറാനെതിരെ ചുമത്തിയ ഉപരോധം യു എസും പാശ്ചാത്യ രാജ്യങ്ങളും പിന്‍വലിക്കും. അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളായ സഊദിയുടെയും ഇസ്‌റാഈലിന്റെയും അമേരിക്കയിലെ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെയും രൂക്ഷമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ബരാക് ഒബാമ ആണവ കരാര്‍ സാധ്യമാക്കിയത്.

ഹസന്‍ റൂഹാനിക്കെതിരെ ഇറാനിലും സമാനമായ ആക്രമണം നടന്നുവെന്നതാണ് കൗതുകകരമായ കാര്യം. ആണവ പദ്ധതിയില്‍ ഏറെ ദൂരം മുന്നോട്ട് പോയ ഇറാന്‍ പാതി വഴിയില്‍ എല്ലാം ഉപേക്ഷിക്കുന്നത് അടിയറവ് പറയലാണെന്ന ആക്ഷേപം ഇറാനിലെ സുപ്രീം കൗണ്‍സിലില്‍ നിന്ന് ഉയര്‍ന്നു. റൂഹാനി വിമര്‍ശനങ്ങള്‍ക്ക് നടുവിലായി. റൂഹാനി കണ്ടത് മറ്റൊരു വശമായിരുന്നു. ആണവായുധ നിര്‍മാണശേഷി കൈവരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ആ മേഖല അല്‍പ്പകാലം മരവിപ്പിച്ചു നിര്‍ത്തിയാലും, അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തോടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കരാര്‍ സഹായിക്കുകയും ഉപരോധത്തെ തുടര്‍ന്ന് മരവിപ്പിക്കപ്പെട്ട 80 ബില്യണ്‍ ഡോളര്‍ തിരിച്ചു കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. എണ്ണ വിപണനം സുഗമമായി നടക്കുമെന്നും അദ്ദേഹം കരുതി.
റൂഹാനി- ഒബാമ സൗഹൃദം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ ഡൊണാള്‍ഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം കരാറെന്നാണ് ആണവ കരാറിനെ വിശേഷിപ്പിച്ചത്. ഇറാന്റെ എണ്ണ സമ്പത്ത് വിപണിയില്‍ എത്തുന്നത് തടഞ്ഞേ തീരൂ എന്ന് ആക്രോശിച്ചു. തന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് കത്തിപ്പടരാന്‍ ശത്രു വേണമായിരുന്നു. ഏറ്റവും വിലപിടിപ്പുള്ള ശത്രു ഇറാനാണല്ലോ. അധികാരത്തില്‍ വന്നയുടന്‍ ആണവ കരാറില്‍ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങി. ഇതേ നില ഇറാനിലും കണ്ടു. അവിടെ ആയത്തുല്ലമാര്‍ക്ക് അമേരിക്കന്‍ ശത്രുതയില്ലാതെ ജീവിക്കാനാകില്ല. ജനങ്ങളെ ദേശസ്‌നേഹത്താല്‍ വിജൃംഭിതരാക്കാന്‍ അത് വേണം. റൂഹാനിയെ വീണ്ടും തിരഞ്ഞെടുക്കുക വഴി ജനം അംഗീകരിച്ച ആണവ കരാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ആയത്തുല്ലാ ഖാംനഈ ചെയ്തത്. യൂറോപ്യന്‍ യൂനിയന്‍ കൂടി കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെ എല്ലാവരും ആഗ്രഹിച്ചത് നടന്നു- ആണവ കരാര്‍ വീരചരമം പ്രാപിച്ചു.
ആണവ സമ്പുഷ്ടീകരണം അതിവേഗം പുനരാരംഭിക്കുമെന്നാണ് ഇറാന്‍ പരമോന്നത നേതൃത്വം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുറ്റബോധവുമില്ലാതെ ഇറാനെ ഉപരോധം കൊണ്ട് വരിഞ്ഞുമുറുക്കാന്‍ അമേരിക്കക്കും കൂട്ടാളികള്‍ക്കും സാധിക്കുന്ന നില വന്നിരിക്കുന്നു. സഊദിയും ഇസ്‌റാഈലും യു എ ഇയുമെല്ലാം ഒറ്റക്കെട്ടായി ഇറാനെതിരെ നില്‍ക്കുന്നു. ഇന്ത്യയെപ്പോലുള്ള ആജ്ഞാനുവര്‍ത്തികള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ച് യുദ്ധോത്സുകതയില്‍ പങ്കു ചേരുന്നു. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ റഷ്യയും ചൈനയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇറാനോടൊപ്പം നിന്ന് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു.

സൂയസ് കനാലില്‍ ഉത്തരവ് കാത്ത് നില്‍ക്കുന്ന എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലടക്കമുള്ള സന്നാഹങ്ങള്‍ അടുത്തൊന്നും അവിടെ നിന്ന് പിന്‍വലിക്കില്ല. പിന്‍വലിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഈ അന്തരീക്ഷം നിലനില്‍ക്കേണ്ടത് ആഭ്യന്തരമായ വെല്ലുവിളി അനുഭവിക്കുന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഡൊണാള്‍ഡ് ട്രംപിനും ആയത്തുല്ലാ ഖാംനഇക്കും സല്‍മാന്‍ രാജകുമാരനും ഒരു പോലെ അനിവാര്യമാണ്.

മുസ്തഫ പി എറയ്ക്കല്‍ • musthafalogam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest