Connect with us

Malappuram

നൂറ്റാണ്ടുകളായിട്ടും പഴമ നിലനിർത്തി എടപ്പുലം ജുമുഅത്ത് പള്ളി

Published

|

Last Updated

വണ്ടൂർ: ഏറനാട്ടിലെ ആദ്യ ജുമുഅത്ത് പള്ളികളിലൊന്നാണ് പോരൂരിലെ എടപ്പുലം പള്ളി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പള്ളി ഒന്ന് പുതുക്കി പണിയുക കൂടി ചെയ്തിട്ടില്ല. നാലര നൂറ്റാണ്ടിലേറെ പഴക്കമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. വലിയ മരങ്ങൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാണ് പള്ളിക്കുള്ളത്. പള്ളിയിലെ മിമ്പറയും വാതിലുകളും മരംകൊണ്ടു നിർമിച്ച ഇരിപ്പിടങ്ങളുമെല്ലാം പഴമയുടെ പ്രൗഢി വിളിച്ചോതുന്നതാണ്. കൊല്ലവർഷം 743 എന്ന് പള്ളിയുടെ മേൽക്കൂരയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പള്ളിയുടെ സ്ഥാപക വർഷമായി കണക്കാക്കുന്നത്. പള്ളി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തലമുറകൾ കൈമാറി അറിയുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. അന്ന് പയ്യനാട് മാത്രമാണ് സമീപ പ്രദേശങ്ങളിലായി ഉണ്ടായിരുന്ന ഏക പള്ളി. ജുമുഅക്കും വിശേഷ ദിവസങ്ങളിലും കിലോമീറ്ററുകൾ താണ്ടി പയ്യനാട്ടിലേക്കാണ് വിശ്വാസികൾ പോയിരുന്നത്. ഇത് സമയ നഷ്ടവും ബുദ്ധിമുട്ടുമേറിയതുമായിരുന്നു. അങ്ങനെയാണ് ഒരു പള്ളി വേണമെന്ന ആശയം നാട്ടുകാരിലുണ്ടാകുന്നത്. വെള്ളിമുറ്റം മൂസത് നമ്പൂതിരിയുടെ പക്കലിൽ നിന്നും വാങ്ങിയ 13 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചിട്ടുള്ളത്. സ്ഥലത്തിന് നൽകാൻ നാട്ടുകാരുടെ കൈയിൽ പണമില്ലായിരുന്നു.

സാമ്പത്തികമായി ഏറെ മുന്നിൽ നിന്നിരുന്ന പ്രദേശത്തെ കുന്നുമ്മൽ തറവാട്ടിലെ ഒരു സ്ത്രീയാണ് പള്ളിക്ക് സ്ഥലം വാങ്ങാനാവശ്യമായ 101 പണം നൽകിയത്. ഈ സ്ത്രീയുടെ പേര് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ആർക്കുമറിയില്ല. കറുത്തേടത് കോട്ടച്ചിറ പോക്കർ എന്ന അബൂബക്കർ ആയിരുന്നു പള്ളി കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്. അന്ന് ആര്യനെഴുത്ത് അറിയാവുന്ന ആൾ പ്രദേശത്ത് ഇദ്ദേഹം മാത്രമായിരുന്നു. പള്ളിയുടെ കണക്കുകൾ സൂക്ഷിക്കാൻ എഴുത്തും വായനയും ആവശ്യമായതിനാലാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
പള്ളിയുടെ തൊട്ടടുത്ത് ഭൂമി സൗജന്യമായി നൽകി ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചിരുന്നു. ഓരോ നിസ്‌കാര സമയങ്ങളിലും ജമാഅത്തിനായി ആളുകളെ ഉറപ്പ് വരുത്താനായിരുന്നു ഇത്.

വണ്ടൂർ, എടവണ്ണ, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം മരണപ്പെട്ടാൽ ഖബറടക്കത്തിന് അന്ന് ആശ്രയിച്ചിരുന്നത് എടപ്പുലം പള്ളിയേയായിരുന്നു. 13 ഏക്കറിൽ പള്ളി നിൽക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലാം വിശാലമായ ഖബറിസ്ഥാനാണ്. ഇതു കൂടാതെ നെല്ല് ഉൾപ്പെടയുള്ള കൃഷി ചെയ്യുന്ന വയലും പള്ളിക്കുണ്ട്.
പള്ളി ദർസ് ഇപ്പോഴുമിവിടെ മുടക്കമില്ലാതെ നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest