Connect with us

Kozhikode

വാട്‌സാപ്പ് സന്ദേശത്തിലൂടെ സൈബർ ആക്രമണം; വിദ്യാർഥിയുടെ ഫോൺ താറുമാറായി

Published

|

Last Updated

വടകര: വാട്‌സാപ്പ് സന്ദേശത്തിലൂടെ വൈറസ് കയറ്റിവിട്ട് പ്ലസ് ടു വിദ്യാർഥിയുടെ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും പ്രവർത്തനം താറുമാറാക്കിയതായി പരാതി. അഴിയൂർ കല്ലാമല ബയാൻ പാലസിൽ ശുക്കൂർ തങ്ങളുടെ മകൻ മിഷാലിന്റെ ഫോണിലാണ് സൈബർ ആക്രമണമുണ്ടായത്.

മറ്റാർക്കോ വേണ്ടിയുള്ള സൈബർ ക്വട്ടേഷനാണ് ഇതെന്നാണ് മിഷാലിന്റെ പരാതി.
സംഭവത്തെക്കുറിച്ച് വിദ്യാർഥിയുടെ കുടുംബം പറയുന്നത് ഇങ്ങനെയാണ്. വ്യാഴാഴ്ച രാത്രിയിൽ മിഷാലിന്റെ വാട്‌സാപ്പിലേക്ക് കന്നട ഭാഷയിലുള്ള ഒരു ലിങ്ക് സന്ദേശമെത്തി. ഇതിൽ തൊട്ടയുടൻ ഫോൺ റീസ്റ്റാർട്ട് ആകുകയും പിന്നീട് പ്രവർത്തനം താറുമാറാവുകയും ചെയ്തു. ഇടക്ക് ഫോൺ ഓഫായി. ഫോണിന്റെ പ്രവർത്തനം മറ്റാരോ നിയന്ത്രിക്കുന്നതായി തോന്നുകയും ചെയ്തു. ഇതേസമയം തന്നെ വീട്ടിലെ കമ്പ്യൂട്ടറിൽ മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ തെളിഞ്ഞു. ഈ സമയം സഹോദരൻ കമ്പൂട്ടറിൽ ഗെയിം കളിക്കുകയായിരുന്നു. കമ്പ്യൂട്ടറും ഹാങ്ങാവുകയും തുടർന്ന് ഓഫാകുകയും ചെയ്തു.

വൈ ഫൈ കണക്്ഷനിലാണ് മൊബൈൽ ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചിരുന്നത്. വാട്‌സാപ്പ് സന്ദേശം വന്ന ഫോണിലേക്ക് വിളിച്ചപ്പോൾ തൃശൂരിലെ ഒരു സ്ത്രീയാണ് ഫോണെടുത്തത്. വാട്‌സാപ്പ് സൗകര്യമൊന്നുമില്ലാത്ത ഫോണാണ് ഇതെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനു പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് ഭീഷണിയും വന്നു. പരിചിതമല്ലാത്ത വാട്‌സാപ്പ് ഗ്രൂപ്പിൽ മിഷാലിനെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഈ ഗ്രൂപ്പിൽ വന്നിരുന്ന സന്ദേശം മുഴുവൻ ഫോണിൽ ബോംബിട്ടു എന്ന രീതിയിലുള്ളതായിരുന്നു. സൈബർ ആക്രമണത്തെ ഗ്രൂപ്പിലെ അംഗങ്ങൾ വിശേഷിപ്പിക്കുന്നത് ബോംബ് എന്ന പ്രയോഗത്തിലൂടെയാണ്.

ഗ്രൂപ്പിന്റെ ഒരു അഡ്മിന്റെ നമ്പർ നോക്കിയപ്പോൾ അത് മിഷാലിന്റെ സഹപാഠിയാണെന്ന് തെളിഞ്ഞു. ഇവനെ കണ്ടുപിടിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മിഷാലിന്റെ നമ്പർ വാട്‌സാപ്പ് ഗ്രൂപ്പിന് നൽകിയത് ഇയാളാണെന്ന് വ്യക്തമായി. ഇത്തരത്തിൽ 17 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചു. പലതും ഒരു യുവനടന്റെ പേരിലാണ് അറിയപ്പെടുന്നത്. തനിക്കൊന്നും അറിയില്ലെന്നും ഗ്രൂപ്പിലെ ബോംബ് സന്ദേശങ്ങളിൽ സംശയം തോന്നി ഇതെന്താണെന്ന് അന്വേഷിച്ചപ്പോൾ ആരുടെയെങ്കിലും നമ്പർ തന്നാൽ കാണിച്ചുതരാമെന്ന മറുപടി ലഭിച്ചു.

അങ്ങനെയാണ് മിഷാലിന്റെ നമ്പർ നൽകിയതെന്നുമാണ് സഹപാഠി പറയുന്നത്. ഇതിനിടെ പരാതിയുമായി പോകേണ്ടെന്നും ഫോണും കമ്പ്യൂട്ടറുമെല്ലാം ശരിയാക്കാമെന്നും ഗ്രൂപ്പിലൂടെ വാഗ്്ദാനം ലഭിച്ചു. ശനിയാഴ്ച വൈകീട്ടോടെ വീണ്ടും ഫോണിന് പ്രശ്‌നങ്ങൾ തുടങ്ങിയതായി മിഷാലിന്റെ പിതാവ് പറഞ്ഞു. സംഭവത്തിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest