യുദ്ധമുണ്ടായാല്‍ ഇറാന്റെ അന്ത്യം: ഡോണാള്‍ഡ് ട്രംപ്

Posted on: May 20, 2019 10:35 am | Last updated: May 20, 2019 at 11:38 am

വാഷിംഗ്ടണ്‍: ഇറാനുമായി ഉടലെടുത്ത സംഘര്‍ഷത്തിന്റെ തീവ്രതയേറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നി്ന്നാണ് ഇപ്പോല്‍ പുതിയ ഭീഷണിയായിരിക്കുന്നത്. പശ്ചിമേഷ്യയിലെ സൈനിക ശേഷി വര്‍ധിപ്പിക്കുന്ന നടപടികള്‍ ഏതാനും മാസങ്ങളായി അമേരിക്ക നടത്തിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് തീരത്തേക്ക് യുദ്ധ കപ്പലുകളും പോര്‍വിമാനങ്ങളും അമേരിക്ക അയച്ചിട്ടുണ്ട്. മിസൈല്‍ വേധ യുദ്ധക്കപ്പലായ യു എസ് എസ് അര്‍ലിങ്ടണാണ് ഗള്‍ഫ് മേഖലയില്‍ അമേരിക്ക വിന്യസിച്ചത്.

അമേരിക്കയുടെ ഈ സൈനിക നീക്കത്തിനെതിരെ ഇറാനും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ആത്മീയ നേതാവിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ അമേരിക്കന്‍ നാവിക കപ്പലുകള്‍ക്ക് മുകളില്‍ മിസൈലുകള്‍ എത്തുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ ഭീഷണിയെന്നതും ശ്രദ്ധേയമാണ്. സഊദി ഹുതി വിമതര്‍ക്ക് എതിരെ നടപടി തുടങ്ങിയ 2015 മുതല്‍ ഉടലെടുത്ത സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലകളില്‍ ശക്തിയാര്‍ജിച്ച്‌കൊണ്ടിരിക്കുന്നത്.