പ്ലസ്‌ വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഇന്ന്

Posted on: May 20, 2019 9:33 am | Last updated: May 20, 2019 at 11:14 am

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളിൽ നിന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളും പരിഗണിച്ചാണ് ട്രയൽ അവലോട്ട്‌മെന്റ്.

അപേക്ഷകരുടെ ജനന തീയതിയും ജില്ലയും അപേക്ഷാ നമ്പറും അലോട്ട്‌മെന്റിൽ പരിശോധിക്കാം. ഒപ്പം അപേക്ഷകർക്കുള്ള നിർദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് ആവശ്യമെങ്കിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ വരുത്തി തിരുത്തലിനുള്ള അപേക്ഷകൾ നാളെ വൈകുന്നേരം നാലിനുമുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണെന്നതിനാൽ തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം കൗൺസലിംഗിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിംഗ് സമിതിക്ക് മുന്നിൽ നാളെ പരിശോധനക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം പരിശോധനക്കായി നൽകാത്തവർക്ക് അവ എതെങ്കിലും സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരിശോധനക്കായി സമർപ്പിക്കുന്നതിന് അവസാന അവസരം നൽകുന്നുണ്ട്.
നാളെ വൈകീട്ട് നാലിനകം ഇത്തരം അപേക്ഷകർ അനുബന്ധരേഖകൾ സഹിതം നൽകണമെന്നാണ് നിർദേശം. ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിന് സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

ഉപരിപഠന യോഗ്യതയുള്ള കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി സീറ്റുകൾ ലഭ്യമല്ലാത്ത വിദ്യാലയങ്ങളിൽ 20 ശതമാനം സീറ്റ് കൂട്ടും. ആദ്യ അലോട്ട്‌മെന്റിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം.