കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഫലം കണ്ടില്ലെന്ന് എക്‌സിറ്റ് പോളുകള്‍

Posted on: May 19, 2019 10:43 pm | Last updated: May 20, 2019 at 10:36 am

ബെംഗളുരു: കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടപ്പ് നടന്ന 28 മണ്ഡലങ്ങളില്‍ 18 മുതല്‍ 25വരെ സീറ്റ് ബിജെപി നേടുമെന്ന് എക്‌സിറ്റ് പോള്‍ . ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബിജെപി 21 സീറ്റ് മുതല്‍ 25 സീറ്റുകള്‍വരെ നേടിയേക്കാമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. ചാണക്യ, വിഎംആര്‍, സി – വോട്ടര്‍ , ജന്‍കി ബാത്ത് എന്നിവയും ബിജെപി 21 സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്.

ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളും ജെഡിഎസിന് പൂജ്യം മുതല്‍ മൂന്ന് വരെ സീറ്റുകളുമാണ് പ്രവചിച്ചത്. ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത വിജയിക്കുമെന്ന് ചാണക്യ ഒഴികെയുള്ളവ പ്രവചിച്ചു. നിലവില്‍ ബിജെപിക്ക് സംസ്ഥാനത്ത് 16 എംപിമാരുണ്ട്. കോണ്‍ഗ്രസിന് പത്തും ജെഡിഎസിന് രണ്ടും എംപിമാരുണ്ട്. അതേ സമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഫലം കണ്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.