കൺതടങ്ങളിൽ പടർന്ന നോവ്

ജോലി കഴിഞ്ഞ് റൂമിലെത്താൻ വൈകുന്ന റാശിദിനും കൂട്ടുകാർക്കും നോമ്പുതുറ ഒരുക്കി കാത്തിരിക്കുന്ന രതീഷിനെ കണ്ടത് അബൂദബിയിലെ മുസഫ്ഫയിൽ വെച്ചായിരുന്നു. റാസൽഖൈമയിലെ പെട്രോൾ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സമീറിനും സുഹൈലിനും വസീമിനും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ എത്തിക്കുന്നത് കുമാർ എന്ന ശ്രീലങ്കൻ സ്വദേശിയാണ്.
നോമ്പോര്‍മ
Posted on: May 19, 2019 2:40 pm | Last updated: May 19, 2019 at 2:49 pm

ഒരു നോമ്പുകാലത്തിന്റെ ആലസ്യത്തിലേക്കായിരുന്നു ആദ്യമായി ദുബൈയിൽ ഫ്‌ളൈറ്റിറങ്ങിയത്. ഫ്ളാറ്റിലേക്ക് തിരിക്കുമ്പോൾ അമ്മാവൻ ചോദിച്ചു: “നോമ്പുണ്ടോ?’

ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. തലേ ദിവസം രാത്രി വീട്ടിൽ നിന്ന് കഴിച്ചതാണ്. അതും മനസ്സില്ലാ മനസ്സോടെ എന്തോ കഴിച്ചെന്ന് വരുത്തുകയായിരുന്നു. പുലർച്ചെ കോഴിക്കോട് നിന്നും ഒരു ചായ. ഫ്‌ളൈറ്റിലെ “ഫാസ്റ്റ് ഫുഡ്’ അത്ര രുചികരമായി തോന്നിയതുമില്ല. എന്തായാലും അന്നനാളം വഴി ആമാശയത്തിലേക്ക് എന്തെങ്കിലും കാര്യമായെത്തിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു.
വിശപ്പ് കത്തുന്നുണ്ട്.

“ഓനെന്തും സഹിക്കും. വെശപ്പ് മാത്രം സഹിക്കൂല്ലാ’ന്നു ഉമ്മ പലപ്പോഴും സാക്ഷ്യപ്പെടുത്താറുള്ളത് അറിയാവുന്ന അമ്മാവൻ ആശ്വസിപ്പിച്ചു:
“റൂമില് എത്തട്ടെ.. വഴിയുണ്ടാക്കാം..’

കേട്ടുപരിചയിച്ച ദുബൈ ഒരു നവോഢയെ പോലെ ഉച്ചച്ചൂടിൽ തിളങ്ങി നിൽക്കുകയാണ്. ചൂടിനും തണുപ്പിനുമിടയിലെ ഒരവസ്ഥയിലായിരുന്നു യു എ ഇ. റൂമിലെത്തിയപ്പോൾ അമ്മാവൻ വാക്ക് പാലിച്ചു. ഓംലറ്റിൽ സ്ലൈസ്ഡ് ബ്രഡ് ചേർത്തൊരു “ഐറ്റം’ താത്കാലികാശ്വാസം നൽകി. ഗൾഫിലെ ചൂട് പറഞ്ഞു കേട്ടിട്ടുണ്ട്. നോമ്പ് മാസമാണ്. അതികഠിനമായ ചൂടാണെങ്കിൽ എങ്ങനെയാണ് നോമ്പെടുക്കുക! പകലന്തിയോളം വിശപ്പ് സഹിച്ച് ജോലി ചെയ്ത് നോമ്പെടുക്കുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ.

ഉച്ച കഴിഞ്ഞപ്പോൾ റൂമിലെ അന്തേവാസികളിൽ പലരും കൂടണഞ്ഞു. ഒരാളുടെ മുഖത്തും നോമ്പ് നോറ്റതിന്റെ ക്ഷീണമോ പ്രയാസമോ ഇല്ല. അസർ നിസ്‌കാരത്തിന് ശേഷം അത്യാഹ്ലാദത്തോടെ അവർ ഓരോരുത്തരായി കിച്ചനിലിറങ്ങി. കഷ്ടിച്ച് ഒന്നോ രണ്ടോ മണിക്കൂർ..

ഉള്ളിവട, ബജി, പഴംപൊരി, പരിപ്പുവട, ഈത്തപ്പഴം പൊരിച്ചത്, ബ്രെഡ്‌റോസ്റ്റ്, ഫ്രൂട്ട്‌സ്, ചായ. പിന്നെ, വല്യ നോമ്പുതുറക്കുള്ള വിഭവങ്ങൾ..
ജിവിതത്തിൽ ആദ്യമായാണ് ആണുങ്ങൾ നോമ്പുതുറ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുന്നത്. ഒരുമിച്ച് ഒരേ മനസ്സോടെ ഗൾഫുകാരൻ നോമ്പെടുക്കുന്നതും നോമ്പ് തുറക്കുന്നതും ഇന്നും കണ്ടുകൊണ്ടേയിരിക്കുന്നു. ഒരുപക്ഷെ, മറ്റെന്തിനെക്കാളും ഒരസാധാരണ ഭംഗിയും കൗതുകവുമുണ്ട് ആ കാഴ്ചക്ക്.

ഋതുക്കൾ മാറിമാറി വരുന്ന നോമ്പുകാലത്തിന് പ്രവാസിയുടെ നിറമാണ്. നവംബർ- ഡിസംബർ- ജനുവരി മാസങ്ങളിലെത്തുന്ന റമസാന് മഞ്ഞണിഞ്ഞ പ്രഭാതത്തിന്റെ വശ്യതയാണെങ്കിൽ ജൂൺ- ജൂലൈ- ആഗസ്റ്റ് മാസങ്ങളിലെത് നോമ്പുകാരന്റെ വെന്തുരുകുന്ന ഉള്ളം പോലെയായിരിക്കും.

നാടുവിട്ട് മണലോളം ആഴ്ന്നിറങ്ങിയവരുടെ ദൈന്യതയാർന്ന മുഖങ്ങളിൽ നോമ്പുകാലം വരച്ചിടുന്നത് ഉണർവും ഊർജവുമാണ്. അകത്തെ ചൂടും ചൂരും സ്‌നേഹത്തിന്റെ ഊഷ്മളതയിൽ ലാഘവമാക്കാൻ നോമ്പിന് കഴിയുന്നു.
മുസ്‌ലിമിനോടൊപ്പം കഴിയുന്ന അമുസ് സ്്ലിമിനും അമുസ്‌ലിമിന്റെ കൂടെക്കഴിയുന്ന മുസ്‌ലിമിനും നോമ്പെന്നാൽ വെറുമൊരു അനുഷ്ഠാനം മാത്രമല്ല. ഹൃദയത്തോളം ചേർത്തുവെക്കുന്നൊരു വികാരമാണ്. കൺകോണുകളിൽ സൗഹൃദത്തിന്റെ തീവ്രത വർധിപ്പിക്കുന്ന പുണ്യാനുഭവം.

ജോലി കഴിഞ്ഞ് റൂമിലെത്താൻ വൈകുന്ന റാശിദിനും കൂട്ടുകാർക്കും നോമ്പുതുറ ഒരുക്കി കാത്തിരിക്കുന്ന രതീഷിനെ കണ്ടത് അബൂദബിയിലെ മുസഫ്ഫയിൽ വെച്ചായിരുന്നു. റാസൽഖൈമയിലെ പെട്രോൾ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സമീറിനും സുഹൈലിനും വസീമിനും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ എത്തിക്കുന്നത് കുമാർ എന്ന ശ്രീലങ്കൻ സ്വദേശിയാണ്. ഈ രാജ്യം വിടുന്നതുവരെ കുമാറും കുടുംബവും ഭക്തിയോടെ ആ കർമം തുടർന്നു. റാശിദിന്റെയും സമീറിന്റെയും കൂട്ടുകാരുടെയും നോമ്പോളം വിശാലമാണ് രതീഷിന്റെയും കുമാറിന്റെയും ഔദാര്യം.

അതിശൈത്യമായാലും കഠിനചൂടായാലും നോമ്പെടുക്കാൻ പറ്റിയ അന്തരീക്ഷം ഗൾഫാണെന്നു തോന്നിയിട്ടുണ്ട്. സാധാരണയിൽ നിന്നും വിഭിന്നമായി അഞ്ചോ ആറോ മണിക്കൂർ ഡ്യൂട്ടി സമയം. തദ്ദേശീയരായ അറബികളുടെ വലുപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റം. വലിയ ഭക്ഷണ തളികക്ക് ചുറ്റും എല്ലാവരും തുല്യർ. വിദേശിക്ക് വിളമ്പിക്കൊടുക്കുന്ന സ്വദേശി. മിക്ക അറബി വീടുകൾക്ക് മുമ്പിലും റമസാനിലെ വൈകുന്നേരങ്ങളിൽ കാണുന്ന നീണ്ട “ക്യൂ’ ആദ്യമൊക്കെ കൗതുകമായിരുന്നു.

ഇന്ത്യക്കാരനും മിസ്‌രിയും ബംഗാളിയും പാക്കിസ്ഥാനിയും സുഡാനിയും ആ നിരയിലൂടെ അറബി നൽകുന്ന ബിരിയാണിയും അരീസയും കൈപ്പറ്റുന്നു. റമസാനിലെ മുപ്പത് നാളുകളിലും പള്ളികളിൽ വിഭവസമൃദ്ധമായ നോമ്പുതുറയുണ്ടാകും. റെഡ്ക്രസന്റ് സൊസൈറ്റിയും സ്വകാര്യ കമ്പനികളും വ്യക്തികളും ഒരുക്കുന്ന “റമസാൻ ടെന്റ്’ വഴിയും പൊതുജനങ്ങൾക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമുണ്ട്.

കാലം മാറിവരുമ്പോൾ നോമ്പുമാസത്തിനും മാറ്റം പ്രകടമാണ്. ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ സമ്മാനപ്പെരുമഴ. റമസാൻ പ്രമാണിച്ച് ഒന്നെടുക്കുമ്പോൾ മറ്റൊന്ന് ഫ്രീ. എസ് എം എസ് അയച്ചാൽ ഭാഗ്യശാലികൾക്ക് കിടിലൻ ഗിഫ്റ്റുകൾ. ചാനലുകളിൽ റമസാൻ ഷോ.

നോമ്പിന്റെ ആത്മാവ് തേടിയിറങ്ങുന്നവരാണ് വിശ്വാസികൾ. അവർക്ക് തറാവീഹ് ഇരുപതുതന്നെ പഥ്യം. പ്രവാസത്തിന്റെ നോവിലും ഭക്തിയുടെ നിറവിലാണ് ആനന്ദം. വ്രതശുദ്ധിയിൽ മനസ്സും ശരീരവും കഴുകി വൃത്തിയാക്കാൻ അവർ തിരക്ക് കൂട്ടുന്നു. ആയിരം രാവുകളുടെ മഹത്വം പേറുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും ദിനരാത്രങ്ങൾ അവരെ തലോടുന്നു; സമാശ്വസിപ്പിക്കുന്നു.
ഓർമകളുടെ ഓളങ്ങളിൽ നോമ്പുകാലത്തോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഒരു മുഖമുണ്ട്. ഷാർജ മുനിസിപ്പാലിറ്റിയിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കണ്ണൂർക്കാരനായ സൈദാലിക്കാന്റെ കരുവാളിച്ച മുഖം. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. അഞ്ച് പെൺമക്കളിൽ രണ്ടാളെ പെട്ടെന്ന് കെട്ടിക്കണം. നീണ്ടു മെല്ലിച്ച, സദാ തലയിൽ തൊപ്പിവെക്കുന്ന നിസ്‌കാരത്തഴമ്പുള്ള അമ്പതിനോടടുത്ത് പ്രായമുള്ള സൈദാലിക്കാന്റെ കഥ കേട്ടപ്പോൾ ഞങ്ങൾക്കൊരാശയം തോന്നി. അദ്ദേഹത്തിനായി ഒരു റിലീഫ് നടത്തുക.

കഴിയുന്നത്ര ആളുകളോട് വിവരം പറഞ്ഞു. നല്ലൊരു സംഖ്യ സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ ബലദിയ്യ ക്യാമ്പിനടുത്തുള്ള കാരവൻ പള്ളിയിലെ സുലൈമാൻ മുസ്‌ലിയാരെ ഏൽപ്പിച്ചപ്പോൾ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തു. ഇറ്റിറ്റുവീണ കണ്ണുനീർത്തുള്ളികളാൽ നന്ദി പറഞ്ഞത് സൈദാലിക്കാന്റെ പൊള്ളുന്ന നെഞ്ചായിരുന്നു.

പെരുന്നാൾ കഴിഞ്ഞ് മൂന്നോ നാലോ ദിവസത്തിന് ശേഷമുള്ളൊരു ഉച്ചക്ക് സുലൈമാൻ മുസ്‌ലിയാരുടെ ഫോൺകോൾ:
“രാവിലെ റോഡ് സൈഡിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ അതുവഴി ചീറിപ്പാഞ്ഞു വന്നൊരു വാഹനം സൈദാലിക്കാനെയും കൊണ്ട് മീറ്ററുകളോളം..’
“ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’
ജീവിതത്തിൽ ആദ്യമായി മരണത്തിന്റെ നനുത്ത കരങ്ങൾ എന്റെ തൊണ്ടക്കുഴിയെ തളർത്തിയിരിക്കുന്നു! സൈദാലിക്കാന്റെ ചോരവാർന്ന ശരീരം പതിയെ ഖബറിലേക്ക്..

സങ്കടങ്ങളുടെ ശ്മശാന ഭൂമിയായിരുന്ന സൈദാലിക്കാന്റെ മരണത്തിലൂടെ 22 ലക്ഷം രൂപ പരേതന്റെ കുടുംബത്തിന് ലഭിച്ചു. അന്ന് കിട്ടിയ തുക കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടിരിക്കുമോ? ഒരു വീട് അവർ സ്വന്തമാക്കിയിരിക്കുമോ? പെൺമക്കളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?

ഓരോ നോമ്പിന്റെയും താളത്തിനും താരാട്ടിനുമിടയിൽ ഈ ചോദ്യങ്ങൾ എന്നെ അസ്വസ്ഥനാക്കാറുണ്ട്.

ഒ എം റെഫീമുഹമ്മദ്  • [email protected]