Connect with us

Business

കാന്താരി മുളകിന്റെ വില കേട്ടാൽ കണ്ണെരിയും

Published

|

Last Updated

കൊച്ചി: നിസാരമല്ല കാന്താരി. വിലയിൽ ഏറെ മുന്നിലാണ് നാട്ടിൻ പുറങ്ങളിലെ ഈ ചെറു മുളക്. ഒരു കാലത്ത് ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന കാന്താരിമുളകിന്റെ വില കിലോക്ക് ആയിരം കടന്നു. കൊളസ്‌ട്രോൾ കുറക്കാനും ഹൃദ്രോഗം തടയാനും ഈ ചെറു മുളകിന് കഴിയുമെന്ന കണ്ടെത്തലാണ് ഈ വർധനവിന് കാരണം. ഇതോടൊപ്പം ചില ആയുർവേദ ഔഷധങ്ങൾക്കും കാന്താരി പ്രധാന ഘടകമായി മാറിയത് ആവശ്യക്കാർ വർധിക്കുവാനുള്ള വഴി തെളിഞ്ഞു.
എരിവിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന കാന്താരിമുളകിലെ ഔഷധ ഗുണമാണ് ഇത്രയും വില വർധനവിന് കാരണം. നേരത്തെ 300- 400 രൂപ മാത്രമായിരുന്നു കാന്താരിയുടെ വില. കാന്താരിക്ക് ഇത്രമാത്രം വില വർധനവും വിപണിയിൽ സ്വാധീനവും ഉണ്ടായിട്ടുണ്ടെങ്കിലും ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേരളത്തിൽ കാര്യമായി ആരും ഇതുവരെ രംഗത്തുവന്നിട്ടില്ല.
കേരളത്തിൽ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഭാഗികമായി ചിലയിടങ്ങളിൽ മാത്രമേ കാന്താരി കൃഷി നടക്കുന്നുള്ളൂ. ഇതോടെപ്പം സംസ്ഥാനത്തെ പല ആദിവാസി മേഖലകളിലും അവരുടെ ആവശ്യത്തിനായി കാന്താരി നട്ടുവളർത്തുന്നുണ്ട്. നല്ല വില ലഭിക്കുമെന്നറിഞ്ഞതോടെ ഇവർ ഇത് കൂടുതൽ നട്ടുവളർത്തി വിപണിയിൽ എത്തിച്ച് വിൽപ്പന നടത്തുകയാണ്. എന്നാൽ ആദിവാസികൾക്ക് കാന്താരിയുടെ ശരിയായ വില മാർക്കറ്റിൽ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇടനിലക്കാരുടെ ചൂഷണമാണ് ഇവിടെയും കാടിന്റെ മക്കൾ നേരിടുന്നത്.

മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് കാന്താരിയുടെ സീസൺ. മറ്റ് സമയങ്ങളിലും കാന്താരി ഉണ്ടാകുമെങ്കിലും ഏറ്റവും കൂടുതൽ വിളവ് ഈ സീസണിലാണ് ലഭിക്കുന്നത്. എല്ലാ സമയത്തും മാർക്കറ്റുള്ളതാണ് കാന്താരിയെ താരമാക്കിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാന്താരിക്ക് വലിയ ഡിമാന്റ് ആണ് ഉള്ളത്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുർക്കയിൽ ഇട്ട കാന്താരിയും വലിയ വിലക്ക് വാങ്ങി കൊണ്ടുപോകുന്നുണ്ട്. ഒരോ വർഷവും കാന്താരിക്ക് വിനോദ സഞ്ചാര മേഖലയിൽ ആവശ്യക്കാർ ഏറുന്നുണ്ടെങ്കിലും ഇവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇതോടെ നാടൻ കാന്താരിക്ക് പകരം തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വെള്ള കാന്താരി എത്തിച്ച് വിവിധ ഉത്പന്നങ്ങളാക്കി വിൽപ്പന നടത്തുകയാണ് കച്ചവടക്കാർ.

നാടൻ കാന്താരിക്ക് ഇത്രമാത്രം വിപണന സാധ്യതകൾ തുറന്ന് കിട്ടിയിട്ടും ഈ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പ് ഇതുവരെ നടപടികളൊന്നും കൈകൊണ്ടിട്ടില്ല. ഇതോടെ നാടൻ കാന്താരിക്ക് പകരം വെള്ള കാന്താരി വിപണിയിൽ എത്തിച്ച് തമിഴ്‌നാട് കർഷകർ ആധിപത്യം ഉറപ്പിക്കുകയാണ്.

---- facebook comment plugin here -----

Latest