അംഗ ശുദ്ധിയുടെ മഹത്വം

Posted on: May 19, 2019 11:02 am | Last updated: May 19, 2019 at 11:02 am


“ഇതുവരെ ഭൂമിയിലേക്ക് വന്നിട്ടില്ലാത്ത അനുയായികളെ അങ്ങ് എങ്ങനെ തിരിച്ചറിയും നബിയേ ?’

“കറുത്ത കുതിരകൾക്കിടയിൽ വെളുത്ത മുഖവും കൈകാലുകളുമായി ഒരു കുതിരയുണ്ടെങ്കിൽ ഉടമസ്ഥന് അതിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലേ?.’ “അതേ കഴിയും. അല്ലാഹുവിന്റെ പ്രവാചകരേ’.
‘എന്നാൽ എന്റെ അനുയായികൾ വുളൂഅ് കാരണം മുഖവും കൈകാലുകളും വെളുത്തവരായിട്ടാണ് വരിക. ഹൗളുൽ കൗസറിന്റെ സമീപം ആതിഥേയനായി ഞാൻ അവരെ കാത്തിരിക്കും. (മുസ്‌ലിം 249).

നാം അഞ്ച് നേരത്തെ നിസ്‌കാരത്തിനും മറ്റുമായി ചെയ്യുന്ന അംഗ ശുദ്ധിയുടെ പ്രത്യേകതയാണിത്. ശരിയായ രൂപത്തിൽ വുളൂഅ് എടുക്കുന്നവർ, കോടാനുകോടി ജനങ്ങൾ ഒരുമിച്ചു കൂടുന്ന പരലോകത്ത് പ്രത്യേകം മാർക്ക് ചെയ്യപ്പെടുന്നു. അവരെ നബി (സ) പ്രത്യേകം വിളിച്ചു വരുത്തി ഹൗളുൽ കൗസർ നൽകും. വുളൂഅ് എടുക്കുമ്പോൾ അവയവങ്ങളെല്ലാം സൂക്ഷിച്ച് കഴുകണം. ഫർളുകളും ശർത്തുകളും ശരിയായി പാലിച്ചാലേ വുളൂഅ് സ്വഹീഹ് ആകുകയുള്ളൂ. സുന്നത്തുകൾ കൂടി പരിഗണിച്ച് വുളൂഅ് എടുക്കുമ്പോഴാണ് അത് പരിപൂർണമാകുന്നത്. ചിലർ വുളൂഅ് എടുത്ത് കഴിഞ്ഞാൽ മുഖത്ത് പൂർണമായും വെള്ളമെത്താത്ത സ്ഥിതിയുണ്ടാകാറുണ്ട്. ചിലരുടെ മടമ്പ് നനയാറില്ല. കൈമുട്ടുകളും വളൂഇൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഭാഗങ്ങളാണ്. ഇതൊന്നും പൂർണമാകാതെ വുളൂഅ് എടുക്കുന്നവർക്ക് മേൽപ്പറഞ്ഞ പദവി ലഭിക്കുകയില്ല. കയറ്റിക്കഴുകേണ്ട ഭാഗങ്ങൾ കയറ്റിക്കഴുകിയും മുമ്മൂന്ന് പ്രാവശ്യം ചെയ്തും സുന്നത്തുകൾ പൂർണമായും പാലിക്കണം. അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ) പറഞ്ഞു: സത്യവിശ്വാസിയുടെ ശരീരത്തിൽ വുളൂഇന്റെ വെള്ളമെത്തുന്നിടത്തെല്ലാം ആഭരണമണിയിക്കപ്പെടും.(മുസ്‌ലിം) പരലോകത്ത് അവർ അത്രയും സൗന്ദര്യത്തോടെയായിരിക്കും വരിക. ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ടവരായിട്ടായിരിക്കും അവരുണ്ടാകുക. ഉസ്മാൻ (റ) വിൽ നിന്നുള്ള നിവേദനം കാണുക: ഞാൻ ഇപ്പോൾ വുളൂഅ് ചെയ്തത് പോലെ നബി (സ) വുളൂഅ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഇതുപോലെ വുളൂഅ് ചെയ്താൽ പാപങ്ങളെല്ലാം പൊറുക്കപ്പെടും. അവന്റെ നിസ്‌കാരത്തിനും പള്ളിയിലേക്കുള്ള നടത്തത്തിനും പ്രത്യേകം പ്രതിഫലമുണ്ട്. വുളൂഇന്റെ വെള്ളത്തുള്ളികൾ ശരീരത്തിൽ നിന്ന് ഒഴികിപ്പോകുന്നതോടൊപ്പം ദോഷങ്ങളും ഒഴുകിപ്പോകുമെന്നും ഹദീസിലുണ്ട്.

മുഖവും കൈകളും വൃത്തിയായിരിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും അനിവാര്യമാണ്. ദിവസം അഞ്ച് നേരം മുഖം കഴുകുന്നതിലൂടെ ക്ഷീണമകറ്റി പ്രസന്നമാകാൻ സാധിക്കുന്നു. കൺകുഴികളും ചെവിക്കുണ്ടുകളും സുക്ഷിച്ച് കഴുകുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുന്നതിലൂടെ തുറന്ന് കിടക്കുന്ന ഈ ഭാഗങ്ങളിൽ പിടിച്ചിട്ടുള്ള പൊടിപടലങ്ങളേയും ഫങ്കസുകളേയും നീക്കം ചെയ്യാൻ സാധിക്കുന്നു. സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നതിലധികവും കൈകളുടെ പെരുമാറ്റത്തിലൂടെയാണ്. അതുകൊണ്ട് കൈകഴുകുന്നത് പതിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഭീതി പരത്തി നിപ്പാ വ്യാപിച്ചപ്പോഴും രക്ഷാ മാർഗമായി ആരോഗ്യ വകുപ്പ് പ്രധാനമായും പറഞ്ഞത് പുറത്ത് പോയി വീട്ടിലേക്ക് തിരിച്ചെത്തിയാൽ കൈ രണ്ടും സോപ്പുപയോഗിച്ച് കഴുകണമെന്നാണ്. രോഗിയെ പരിശോധിച്ചാൽ ഉടനെ ഡോക്ടർമാർ കൈ കഴുകുന്നത് കണ്ടിട്ടില്ലേ. വുളൂഇന്റെ ആദ്യ കർമവും അതുതന്നെയാണ്. കൈ രണ്ടും കഴുകിയിട്ട് വേണം വായിൽ വെള്ളം എത്തിക്കാൻ. ഇസ്‌ലാം വിശ്വാസിക്ക് നൽകുന്ന ആരോഗ്യ ജാഗ്രതയും സംരക്ഷണവുമാണിത്.

അനസ് സഖാഫി ക്ലാരി