Connect with us

National

'ഭിന്നിപ്പിന്റെ തലവന്‍'; ടൈം ലേഖകന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭിന്നിപ്പ് വളര്‍ത്തിയ നേതാവായി തന്നെ ചിത്രീകരിച്ച് ലേഖനം ഏഴുതിയ ടൈം മാസികയുടെ റിപ്പോര്‍ട്ടര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആള്‍ പാക്കിസ്ഥാനി കുടുംബത്തില്‍ നിന്നുവരുന്നതാണെന്നും അയാള്‍ക്ക് അത്രവിശ്വാസ്യതയേയുള്ളൂവെന്നും മോദി പറഞ്ഞു. “ഭിന്നിപ്പിന്റെ തലവന്‍” എന്നു വിശേഷിപ്പിച്ചുള്ള ടൈം മാഗസിനില്‍ ആതിഷ് തസീര്‍ എഴുതിയ കവര്‍ സ്‌റ്റോറി വലിയ ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് മോദി പ്രതികരിച്ചിരിക്കുന്നത്.

ടൈം മാഗസിന്‍ വിദേശ മാഗസിനാണ്. താന്‍ പാക്കിസ്ഥാനി രാഷ്ട്രീയ കുടുംബത്തില്‍ നിന്നുവരുന്നയാളാണെന്നാണ് എഴുത്തുകാരനും പറഞ്ഞത്. അതിനാല്‍ അയാള്‍ക്ക് അത്ര വിശ്വാസ്യതയേയുള്ളൂ-മോദി പറഞ്ഞു.

മോദി ഭരണത്തില്‍ രാജ്യത്ത് വര്‍ധിച്ച അടുആള്‍ക്കൂട്ട ആക്രമങ്ങളെക്കുറിച്ചും യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതിനെക്കുറിച്ചും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെക്കുറിച്ചുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ടൈം മാഗസിന്റെ ലേഖനം. ഇത്തരം നീക്കങ്ങളെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി തന്നെയാണ് ഇത്തരം ഭിന്നിപ്പിന് നേതൃത്വം നല്‍കുന്നതെന്നുമായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം.

തിരഞ്ഞെടുപ്പു പ്രചാരണം പാരമ്യത്തിലെത്തി നില്‍ക്കെ പുറത്തുവന്ന ലേഖനം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലെല്ലാം മോദിക്കെതിരായ ടൈമിന്റെ കവര്‍ പേജ് നിറഞ്ഞ് നിന്നു. ഇതോടെ മോദി, ബി ജെ പി അനുകൂലികള്‍ ടൈമിന് എതിരെ തിരിയുകയും ലേഖനം ഏഴുതിയ ആതിഷ് തസീറിന് നേരെ സൈബര്‍ ആക്രമണവും നടത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോദി തന്നെ ലേഖകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ 2012 മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നടപ്പാക്കിയ വികസനത്തെ അഭിനന്ദിച്ചു ടൈം മാഗസിന്‍ കവര്‍ സ്റ്റോറി നല്‍കിയിരുന്നു. 2015 മോദിയുടെ വലിയ ഒരു ചിത്രത്തോടെ ഒരു ഇന്റര്‍വ്യൂ ടൈം മാഗസിന്‍ നല്‍കിയിരുന്നു. “വൈ മോദി മാറ്റേഴ്‌സ്” എന്ന പേരിലായിരുന്നു ഇന്റര്‍വ്യൂ നല്‍കിയിരുന്നത്. ഏഷ്യയെ സാമ്പത്തിക ശക്തിയാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു നേതാവാകുമോ മോദി എന്നൊക്കെ ചോദിച്ചായിരുന്നു ഈ ഇന്റര്‍വ്യൂ. അതേ ടൈം തന്നെ ആനുകാലിക ഇന്ത്യന്‍ സാഹചര്യം മുന്‍നിര്‍ത്തി മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉള്‍ക്കൊള്ളിച്ച് ലേഖനം ഏഴുതി എന്നത് ഏറെ ശ്രദ്ധേയമാണ്.