Connect with us

Ongoing News

നിരര്‍ഥകമാണ് അഹങ്കാരം

Published

|

Last Updated

വിശുദ്ധ റമസാനിന്റെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. വിശ്വാസി തന്റെ ജീവിതത്തെ സ്രഷ്ടാവിലേക്ക് തിരിച്ചു മുന്നോട്ട് ഗമിക്കുന്ന പരിശുദ്ധ രാപ്പകലുകള്‍. കാരുണ്യത്തിന്റെ പത്ത് കടന്നുപോയി. നാമാരെല്ലാം അല്ലാഹുവിന്റെ റഹ്മത്തിന് പാത്രമായിട്ടുണ്ടാകും. അല്ലാഹു അഅ്‌ലം. ഇനി രണ്ട് പത്തുകള്‍ കൂടിയാണ് നമ്മുടെ മുമ്പില്‍ ബാക്കി. അത് സത്പ്രവര്‍ത്തനങ്ങളെകൊണ്ടും മറ്റും കരഗതമാക്കാന്‍ നാം തീവ്ര യത്‌നം നടത്തണം. ആരാധനകള്‍ കൂടുതല്‍ ഇഖ്‌ലാസോടെ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇബാദത്തുകളില്‍ അശ്രദ്ധയുണ്ട് നമ്മില്‍ പലര്‍ക്കും. അത് പാടില്ല. സ്രഷ്ടാവിന്റെ മുമ്പില്‍ സുജൂദ് ചെയ്യുമ്പോഴും നാട്ടിലെയും വീട്ടിലെയും കാര്യങ്ങളായിരിക്കും നമ്മില്‍ പലരുടെയും മനസ്സില്‍. അങ്ങനെയാകരുത്. എങ്ങനെ അതില്ലാതാക്കാം എന്നായിരിക്കും പലരുടെയും മനസ്സില്‍. ജീവിതത്തില്‍ നന്മ വര്‍ധിപ്പിച്ച്, ആരാധനകളുടെ ഭാഗമായി പാരായണം ചെയ്യുന്ന ഖുര്‍ആനിക വചനത്തിന്റെ അര്‍ഥം ചിന്തിച്ച് പാരായണം ചെയ്യല്‍ ഇഖ്‌ലാസിനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. അങ്ങനെയാണോ നമ്മുടെ ജീവിതത്തിന്റെ പോക്ക്? അല്ലെന്നായിരിക്കും ഉത്തരം. ഉള്ള് നിറയെ അഹങ്കാരവും അസൂയയും ലോക മാന്യതയുമൊക്കെയാണ് നമ്മുടെ സമ്പത്ത്. ഇതിനെന്താണ് പരിഹാരം എന്നായിരിക്കും ചോദ്യം. പറയാം. അതിനുമുമ്പ് എന്താണ് അഹങ്കാരം കൊണ്ട് കുഴപ്പം. എന്താണ് അസൂയ വെച്ചതുകൊണ്ട് വരാന്‍ പോകുന്നത്. എന്താ കുറച്ചൊക്കെ ലോകമാന്യതയായാല്‍…തല മുതല്‍ തുടങ്ങാം. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നതായി കാണാം. നബിയേ, അങ്ങ് ജനങ്ങളില്‍ നിന്ന് നിന്ദാപൂര്‍വം മുഖം തിരിച്ചു കളയരുത്. ഭൂമിയില്‍ ഗര്‍വോടെ നടക്കുകയുമരുത്. പൊങ്ങച്ചം പറയുന്ന അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നടത്തത്തില്‍ മിതത്വം പാലിക്കുക. ശബ്ദം കുറക്കുക. ശബ്ദങ്ങളില്‍ ഏറ്റവും അരോചകം കഴുതകളുടെ ശബ്ദമത്രെ. (വി.ഖു 31/18,19)

അല്‍പം പ്രതാപമോ മറ്റോ ഉണ്ടെങ്കില്‍ ഗര്‍വോടെ പെരുമാറുന്ന പലരെയും നാം കണ്ടുമുട്ടുന്നുണ്ട്. പണമോ അധികാരമോ പാണ്ഡിത്യമോ പോലെ കരഗതമാക്കാന്‍ പ്രയാസമുള്ളവ കൈയില്‍ വരുമ്പോള്‍ നിലമറന്ന് പെരുമാറുന്ന ധാരാളം പേരുണ്ട് സമൂഹത്തില്‍. മറ്റുള്ളവര്‍ വെറും കീടങ്ങളും താന്‍ മഹാമിടുക്കനുമാണെന്ന ദുഷ്ചിന്തയാണ് പ്രധാനമായും നിലമറന്നുള്ള അഹങ്കാരത്തിലേക്ക് നയിക്കുന്നത്. ഫറോവയും നംറൂദും അധികാരത്തില്‍ ഉന്മത്തരായി തങ്ങള്‍ തന്നെയാണ് ദൈവങ്ങളെന്ന് സ്വയം പ്രഖ്യാപിച്ചു. ധന കൂമ്പാരങ്ങള്‍ സ്വന്തമാക്കിയ ഖാറൂന്‍ ഒരു ദൈവത്തിനും തന്നെ കീഴ്‌പ്പെടുത്താനാകില്ലെന്ന തരത്തില്‍ അഹങ്കാരിയായിത്തീര്‍ന്നു. വംശത്തിന്റെയോ കുലത്തിന്റെയോ തറവാടിന്റെയോ ദേശത്തിന്റെയോ പേരിലുള്ള അഹങ്കാരം തികച്ചും നിരര്‍ഥകമാണ്. ഇസ്‌ലാമിന്റെ മഹത്തായ അധ്യയനങ്ങള്‍ അറിയാത്തതു കൊണ്ടോ അല്ലെങ്കില്‍ ആ അധ്യയനങ്ങളെ അവഗണിച്ചു കൊണ്ടോ ആണ് പലരും ഈ രൂപത്തില്‍ സ്വയം ശ്രേഷ്ട്ര ചിന്തകളിലേക്ക് എത്തുന്നത്. ഹൃദയത്തില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന തിരുവചനം ഇവിടെ പ്രസക്തമാണ്. പ്രപഞ്ചത്തില്‍ ആദ്യമായി അഹങ്കാരം നടിച്ച് സ്രഷ്ടാവിന്റെ ശാപത്തിന് പാത്രമായവന്‍ ഇബ്‌ലീസാണ്. ഖുര്‍ആനിക അധ്യയനത്തില്‍ നിന്ന് ഇത് മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ദൈവിക ശിക്ഷക്ക് പാത്രമായ സമൂഹങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത്ത് അവരുടെ നാശത്തിന് പ്രധാനഹേതു അവരുടെ അമിതമായ ഗര്‍വാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പാവങ്ങളെയും താഴ്ന്ന വര്‍ഗങ്ങളെയും പരിഗണിക്കുന്നത് തങ്ങളുടെ ഔന്നത്യത്തിന് കുറവാണെന്ന ചിന്തയായിരുന്നു പല ജനവിഭാഗങ്ങള്‍ക്കും. അതേസമയം, പ്രവാചകന്മാരെല്ലാം പാവങ്ങളോടൊപ്പം ജീവിക്കാനിഷ്ടപ്പെട്ടു.

എന്താണ് അഹങ്കാരമെന്ന മഹാമാരിയെ തടയാനുള്ള മാര്‍ഗമെന്നായിരിക്കും അടുത്ത ചോദ്യം. ഏറ്റവും ആദ്യം വേണ്ടത് അല്ലാഹുവാണ് വലിയവന്‍ എന്ന ചിന്ത മനസ്സില്‍ ഊട്ടിയുറപ്പിക്കുക. അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കുക. അതിനപ്പുറം ചിലത് കൂടി പ്രാവര്‍ത്തികമാക്കണം. അതായത്, അഹങ്കാരത്തില്‍ നിന്ന് ജനിക്കുന്ന പ്രവൃത്തികളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുക. ഗര്‍വ് ധ്വനിപ്പിക്കുന്ന നടത്തം ഒഴിവാക്കിയും സൗമ്യമായി സംസാരിച്ചും പൊങ്ങച്ചം പറയുന്നതിനെ ഉപേക്ഷിച്ചും മിതമായി ശബ്ദമുയര്‍ത്തിയും മറ്റും അഹങ്കാരത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക. അതാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നതും.

മാന്യമായി വസ്ത്രം ധരിക്കുന്നതും മുടിചീകി ഒതുക്കിവെക്കുന്നതും തിരുനബി പ്രോത്സാഹിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ, അഹങ്കാരത്തിന് അത് കാരണമായി മാറാന്‍ പാടില്ല. ബുഖാരിയിലും മുസ്‌ലിമിലും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം. തലമുടി ചീകിവെച്ചുകൊണ്ട് ഒരു ജോഡി വസ്ത്രം ധരിച്ച് ഭൂമിയിലൂടെ ഒരാള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അവനെ ഭൂമിയില്‍ ആഴ്ത്തുകയുണ്ടായി. അവന്‍ അന്ത്യനാള്‍ വരെ ഭൂമിയില്‍ ആഴ്ന്നുകൊണ്ടിരിക്കും. വിനയത്തിന്റെയും താഴ്മയുടെയും ഉത്തമ പാഠങ്ങള്‍ പകര്‍ന്നു തരുന്നതാണ് ഖുലഫാഉര്‍റാഷിദുകളുടെ ജീവിതം. അത് പഠിച്ചും ഉള്‍ക്കൊണ്ടും ജീവിക്കാന്‍ സ്രഷ്ടാവ് നമുക്ക് തൗഫീഖ് ചെയ്യട്ടെ. (തുടരും)

അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി

---- facebook comment plugin here -----

Latest