Connect with us

Kerala

പ്രവാസി വ്യവസായിയില്‍നിന്നും രണ്ട് കോടി തട്ടിയെടുത്തെന്ന പരാതിയില്‍ കറുകപുത്തൂര്‍ സ്വദേശി അറസ്റ്റില്‍

Published

|

Last Updated

എരമപ്പെട്ടി: പ്രവാസി വ്യവസായിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കറുകപുത്തൂര്‍ അകിലാണം സ്വദേശിയെ ചാലിശേരി പോലീസ് അറസ്റ്റ് ചെയ്തു.മരത്തംകോട് സ്വദേശി സുബി എന്ന ഇബ്രാഹീം കുട്ടിയുടെ പരാതിയില്‍ അകിലാണം പാറയ്ക്കല്‍ വീട്ടില്‍ ഷിഹാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ പ്രതിയുടെ പിതാവ് പാറയ്ക്കല്‍ മൊയ്തുണ്ണിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. അബുദാബിയില്‍ ജോലി ചെയ്തിരുന്ന പ്രതി ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പരാതിക്കാരനായ ഇബ്രാഹീം കുട്ടിയില്‍ നിന്നും പലപ്പോഴായി രണ്ട് കോടി രൂപ വാങ്ങിച്ചെടുത്തെന്നാണ് പരാതി.

പണം തിരികെ ആവശ്യപ്പെട്ട സമയം തന്റെ പിതാവിന്റെ പേരിലുള്ള 65 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി കടത്തിലേക്ക് തന്ന് കൊള്ളാമെന്നും ബാക്കി തുക പിന്നീട് തന്ന് തീര്‍ക്കാം എന്നുമായിരുന്നു ഷിഹാബിന്റെ മറുപടി.ഷിഹാബ് ആവശ്യപ്പെട്ട പ്രകാരം അകിലാണത്തുള്ള ഷിഹാബിന്റെ വീട്ടിലെത്തിയ ഇബ്രാഹീം കുട്ടിയില്‍ നിന്നും തരാമെന്നേറ്റ ഭൂമിയുടെ ബാധ്യത തീര്‍ക്കുന്നതിനായി വീണ്ടും 12 ലക്ഷം രൂപ പറ്റിച്ചെടുത്തതായും പരാതിയുണ്ട്.1135500 രൂപ പ്രതിയുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ മൊയ്തുണ്ണിയുടെ അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ടുമാണ് കൈപറ്റിയിരിക്കുന്നത്.
തുക കൈപറ്റിയ പ്രതികള്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ആധാരവും അനുബന്ധ രേഖകളും കൈമാറിയിരുന്നെങ്കിലും പിന്നീട് വാക്ക് തെറ്റിച്ചതാണ് പരാതിക്ക് കാരണമായത്.ഇബ്രാഹീം കുട്ടിയെ വിളിച്ച് വരുത്തി ഭൂമി നല്‍കാമെന്നേറ്റ് പണം കൈപറ്റിയ പ്രതികള്‍ പിന്നീട് ഇബ്രാഹീം കുട്ടിക്കെതിരെ പരാതി നല്‍കുകയായിരുന്നു.ഇബ്രാഹീം കുട്ടിയും കൂട്ടാളികളും വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ കേസെടുത്തിരുന്നെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വ്യാജ പരാതി നല്‍കി പോലീസിനെ പോലും കബളിപ്പിച്ച പ്രതികള്‍ നടത്തിയ തട്ടിപ്പ് പുറത്ത് വരുന്നത്.