നെയ്യാറ്റിന്‍കര ആത്മഹത്യ: ഭര്‍ത്താവും മാതാവും ബന്ധുക്കളും അറസ്റ്റില്‍

Posted on: May 15, 2019 7:00 pm | Last updated: May 16, 2019 at 9:48 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് മാതാവും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബേങ്കിന്റെ ജപ്തി നടപടികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ലേഖയുടെ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതോടെ കേസ് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിത്. ബേങ്ക് അധികൃതരുടെ ഭീഷണിയാണ് ഇരുവരുടേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നേരത്തെ ചന്ദ്രന്‍ ആരോപിച്ചിരുന്നത്. ഇതോടെ ബേങ്കിനെതിരെ ജനകീയ പ്രതിഷേധമുയര്‍ന്നിരുന്നു. ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. വീട് ജപ്തിയുടെ ഘട്ടത്തിലെത്തിയപ്പോഴും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ആല്‍ത്തറയുണ്ടെന്ന കാരണത്താല്‍ വസ്തു വിറ്റ് കടംവീട്ടുന്നതിനു ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തടസം നിന്നുവെന്നും കുറിപ്പില്‍ പറയുന്നു.

തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടത്താറുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ നിരന്തരം പീഡിപ്പിക്കുകയും വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ചന്ദ്രനു വേറെ വിവാഹം ആലോചിച്ചെന്നും കുറിപ്പിലുണ്ട്. ആരോപണം പ്രതികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.