Connect with us

Kannur

സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

 

കണ്ണൂര്‍: സി പി എം പ്രവര്‍ത്തകനായ തലശേരി പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍
പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.

പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നീ ആര്‍ എസ് എസുകാരെയാണ് ശിക്ഷിച്ചത്. എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴ തുകയില്‍ പകുതി കൊല്ലപ്പെട്ട പവിത്രന്റെ കുടുംബത്തിന് നല്‍കാനും കോടതിവിധിച്ചു.

ജീവപര്യന്തം തടവിന് പുറമെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അന്യായമായി സംഘം ചേര്‍ന്നതിന് നാല് മാസവും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് രണ്ട് വര്‍ഷവും ആയുധവുമായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് മൂന്ന് വര്‍ഷവും തടഞ്ഞുവെച്ച് ആക്രമിച്ചതിന് ഒരു മാസവും ശിക്ഷയും കോടതിവിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. നേരത്തെ ജയിലില്‍ കിടന്നത് ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കും.

പാല്‍വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് പൊന്ന്യംനായനാര്‍റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപംവെച്ച് ആക്രമിച്ചത്. പാല്‍പാത്രം ഉപേക്ഷിച്ച് മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയവര്‍ തലക്കും കൈകാലുകള്‍ക്കും വെട്ടി. നാല് ദിവസം മരണത്തോട് പെരുതിനിന്ന പവിത്രന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ 10ന് പുലര്‍ച്ചെ 12.45നാണ് മരിച്ചത്.

കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകന്‍ വിപിന്‍, ഏഴാം പ്രതി വിജിലേഷിനെ തിരിച്ചറിയല്‍പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചു. 48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാരും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി.