ബാലികക്ക് എതിരായ ലൈംഗികാക്രമണം: പ്രതിഷേധാഗ്നിയില്‍ കശ്മീര്‍

Posted on: May 15, 2019 12:38 pm | Last updated: May 15, 2019 at 3:33 pm

ശ്രീനഗര്‍: കശ്മീരിലെ ബന്തിപ്പോര്‍ ജില്ലയില്‍ മൂന്ന് വയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യാപിക്കുന്നു. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സ്ത്രീകളും യുവജനങ്ങളും അടക്കം ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. പ്രതിയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ സൈന്യവുമായി ഏറ്റുമുട്ടി. സ്ഥാപനങ്ങള്‍ അടച്ചിട്ടും അടപ്പിച്ചും ജനം പ്രതിഷേധിക്കുന്നു. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ട് മുറ്റത്ത് കളിച്ച്‌കൊണ്ടിരിക്കുകയായിരുന്ന ബാലികയെ അയല്‍വാസിയായ 20കാരന്‍ എടുത്തുകൊണ്ടുപോകുകയും വീടിന് സമീപത്തായുള്ള സ്‌കൂളില്‍ വെച്ച് പീഡിപ്പക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ കണ്ടെത്തുകയുമായിരുന്നു.
വീട്ടില്‍ നിന്നും തന്നെ എടുത്തുകൊണ്ടുപോയ ആളെ കുട്ടി തിരിച്ചറിഞ്ഞതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഗന്തര്‍ബാല്‍ ജില്ലയിലെ മുഹമ്മദ് ആസിഫ് വാനി എന്ന 20കാരനാണ് അറസ്റ്റിലായത്.

സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇത്തരം അക്രമം നടത്തുന്നവരെ എറിഞ്ഞ് കൊല്ലണമെന്ന് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് ക്യാമ്പയിനും സജീവമാണ്.