രണ്ട് അഭിമുഖങ്ങൾ; രണ്ട് തരം ചോദ്യങ്ങൾ, ഉത്തരങ്ങളും

Posted on: May 15, 2019 6:11 am | Last updated: May 15, 2019 at 12:14 pm

ന്യൂഡൽഹി: അതേ ചാനൽ; അതേ അഭിമുഖകാരൻ. ഇന്റവ്യൂ ചെയ്യപ്പെടുന്ന ആളു മാത്രം മാറി. ഇത്തവണ രാഹുലാണ് മുമ്പിൽ. അപ്പോൾ ചോദ്യങ്ങളുടെ സ്വഭാവം അപ്പടി മാറി. ഉത്തരങ്ങളുടെയും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ന്യൂസ് നാഷൻസിന്റെ അഭിമുഖമാണ് താരതമ്യം കൊണ്ട് ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ ദീപക് ചൗരസ്യയും മറ്റൊരു മാധ്യമപ്രവർത്തകനുമായിരുന്നു രാഹുലിനെ അഭിമുഖം നടത്തിയത്.

കവിതയെഴുതാറുണ്ടോ, പഴ്സിൽ പണം സൂക്ഷിക്കാറുണ്ടോ തുടങ്ങിയ അപ്രധാന ചോദ്യങ്ങളാണ് നരേന്ദ്ര മോദിയോട് ചൗരസ്യ ചോദിച്ചതെന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ രാഹുലിനോട് രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യങ്ങൾ തന്നെയാണ് അദ്ദേഹം ചോദിച്ചത്.

ജി എസ് ടി, അഴിമതി, നോട്ടുനിരോധനം, റഫാൽ കരാർ, അടിയന്തരാവസ്ഥ, 1984ലെ സിഖ് വിരുദ്ധ കലാപം തുടങ്ങിയ വിഷയങ്ങളിലായിരുന്നു രാഹുൽ ഗാന്ധിയോട് പ്രതികരണം തേടിയത്. ‘രാജ്യത്തിന്റെ ചിന്താധാരയെ മാറ്റിമറിക്കാൻ ആഗ്രഹിക്കുന്നു, രാജ്യത്തിന് പുതിയ വഴികാട്ടാൻ ആഗ്രഹിക്കുന്നു. അത് ഏത് തരത്തിലുള്ളതായിരിക്കും?’ എന്നായിരുന്നു രാഹുലിനോടുള്ള ആദ്യ ചോദ്യം. ‘ഇല്ല, ഞാൻ രാജ്യത്തിന്റെ ചിന്താധാരയെ മാറ്റിമറക്കാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ ചിന്താധാരയോട് ചേർന്ന് നിന്നുകൊണ്ട് ഭരണം നടത്താനാണ് ആഗ്രഹിക്കുന്നത്’ എന്നായിരുന്നു രാഹുലിന്റെ മറുപടി. സ്നേഹത്തിലും സാഹോദര്യത്തിലും നീതിയിലും അധിഷ്ഠിതമാണ് രാജ്യത്തിന്റെ ചിന്താധാര. അതിനോട് ചേർന്ന് നിൽക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഇതിനു പിന്നാലെ നോട്ടുനിരോധനം, ജി എസ് ടി വിഷയങ്ങളിലേക്ക് കടന്നു. കേന്ദ്ര സർക്കാറിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ചോദ്യം. നോട്ട് നിരോധനത്തിന് ശേഷവും ജി എസ് ടിക്ക് ശേഷവും ബി ജെ പി ജയിച്ചുവെന്നാണല്ലോ മോദി പറഞ്ഞത് എന്നായിരുന്നു ചൗരസ്യ ചൂണ്ടിക്കാട്ടിയത്. ഈ ചോദ്യത്തോട് പ്രതികരിക്കവേ രാഹുൽ ശക്തമായ പരിഹാസത്തിന്റെ ഭാഷ പുറത്തെടുത്തു.
‘ഈ ഉത്തരം പ്രധാനമന്ത്രിയുടെ നോട്ട് ഷീറ്റിൽ, ആ കൈയിലുണ്ടായിരുന്ന കടലാസില്ലേ? അതിൽ എഴുതിയിട്ടുണ്ടായിരുന്നോ ഇല്ലായിരുന്നോ? എന്ന് രാഹുൽ ചോദിച്ചു. ‘ഇല്ല, ആ നോട്ടിൽ കവിതയായിരുന്നു എഴുതിയിരുന്നത്’ എന്നായി അഭിമുഖകാരൻ. എന്നാൽ ജനങ്ങൾ എല്ലാ കണ്ടുവെന്ന് രാഹുൽ മറുപടി നൽകി.