യു പിയിലും മഹാരാഷ്ട്രയിലും ബി ജെ പിക്ക് ഭീഷണിയായി ചെറു പാർട്ടികളും

Posted on: May 15, 2019 12:07 pm | Last updated: May 15, 2019 at 12:11 pm


ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫിനിഷിംഗ് പോയിന്റിലേക്ക് അടുക്കുമ്പോൾ ജയപരാജയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉച്ചസ്ഥായിയിലായിരിക്കുന്നു. ബി ജെ പിക്ക് മുൻ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ സാധിക്കില്ലെന്ന് പാർട്ടിക്കകത്ത് നിന്ന് വെളിപ്പെടുത്തലുകൾ വരുന്നുണ്ട്. സീറ്റ് കുറയുക പ്രധാനമായും വലിയ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്നും വിലയിരുത്തപ്പെടുന്നു. ഇത്തരമൊരു തിരിച്ചടിക്ക് പ്രധാന കാരണമാകുക അവിടങ്ങളിലെ ചെറു പാർട്ടികളായിരിക്കുമെന്നാണ് വിലയിരുത്തൽ. ഈ ചെറു പാർട്ടികൾക്ക് സീറ്റെണ്ണം കുറവാണെങ്കിലും തിരഞ്ഞെടുപ്പ് ട്രൻഡിനെ സ്വീധിനിക്കാനുള്ള ശേഷിയുണ്ട്.

ഉത്തർ പ്രദേശ്

• അപ്‌നാ ദൾ: യു പിയിലെ വാരാണസി, മിർസാപൂർ, ബുന്ദേൽഖണ്ഡ്, സെൻട്രൽ യു പി മേഖലയിൽ സ്വാധീനമുള്ള പാർട്ടിയാണ്. കുർമി സമുദായത്തിലാണ് ഈ പാർട്ടിയുടെ വേര്. എൻ ഡി എ ഘടകകക്ഷിയായ പാർട്ടി 2014ലെ മോദി തംരംഗത്തിൽ മിർസാപൂരിലും പ്രതാപ്ഗഢിലും ജയിച്ചു കയറി. മിർസാപൂർ എം പി അനുപ്രിയാ പട്ടേൽ കേന്ദ്ര മന്ത്രിയാകുകയും ചെയ്തു. പാർട്ടി സ്ഥാപകൻ സോനി ലാൽ പട്ടേലിന്റെ മകളാണ് അനുപ്രിയ. അധികാരം കൈവന്നതോടെ കുടുംബത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. ഒരു വിഭാഗം വിഭജിച്ച് പോയി അപ്‌നാദൾ കൃഷ്ണാ പട്ടേൽ ഗ്രൂപ്പ് ഉണ്ടാക്കി. അനുപ്രിയയുടെ അമ്മയാണ് കൃഷ്ണാ പട്ടേൽ. അനുപ്രിയയുടെ ഗ്രൂപ്പ് എൻ ഡി എയിൽ നിൽക്കുമ്പോൾ കൃഷ്ണാ പട്ടേൽ വിഭാഗം എതിർ ചേരിയിലാണ്. ഗോഡ, ഫുൽപൂർ, പിലിഭിത്ത് എന്നിവിടങ്ങളിൽ ഈ ഗ്രൂപ്പ് കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. ഈ സ്ഥിതിവിശേഷം ബി ജെ പിയുടെ സാധ്യതക്കാണ് മങ്ങലേൽപ്പിക്കുന്നത്.

• നിഷാദ് പാർട്ടി: 2016ൽ രൂപവത്കൃതമായ പാർട്ടിയാണിത്. നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ എന്നാണ് പാർട്ടിയുടെ യഥാർഥ പേര്. നിഷാദ് എന്നും കേവാത് എന്നും അറിയപ്പെടുന്ന സമുദായത്തിലാണ് പാർട്ടിയുടെ ശക്തി കുടികൊള്ളുന്നത്. പ്രവീൺ നിഷാദ് ആണ് ചെയർമാൻ. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 50 സ്ഥാനാർഥികളെ പാർട്ടി മത്സരിപ്പിച്ചു. ആരും ജയിച്ചില്ല. യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായപ്പോൾ ഒഴിവു വന്ന ഗോരഖ്പൂർ മണ്ഡലത്തിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടിയിലെ സഞ്ജയ നിഷാദ് ആയിരുന്നു ജയിച്ചത്. പ്രവീണിന്റെ മകനായ സഞ്ജയ് എസ് പി പ്രതിനിധിയായാണ് മത്സരിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രവീൺ നിഷാദ് ബി ജെ പിയിലാണ്. സന്ത് കബീർ നഗറിൽ നിന്ന് ഇദ്ദേഹം എൻ ഡി എ ടിക്കറ്റിൽ മത്സരിക്കുന്നു. 17 ഉപജാതികളായി വ്യാപിച്ചു കിടക്കുന്ന നിഷാദ് സമുദായത്തിന് കിഴക്കൻ യു പിയിലെ പല മണ്ഡലങ്ങളിലും ജയപരാജയങ്ങളെ സ്വാധീനിക്കാൻ ശേഷിയുണ്ട്. പ്രവീൺ ബി ജെ പിക്കൊപ്പം നിൽക്കുന്നുവെങ്കിലും സമുദായാംഗങ്ങൾക്ക് ഈ നയം അത്ര ദഹിച്ചിട്ടില്ല.

• സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി: വാരാണസി, ഗാസിപൂർ, അസംഗഢ്, മാവു ജില്ലകളിൽ സാമാന്യം സ്വാധീനമുള്ള പാർട്ടിയാണിത്. രാജ്ഭർ സമുദായത്തെയാണ് പാർട്ടി പ്രതിനിധാനം ചെയ്യുന്നത്. 2017ലെ യു പി തിരഞ്ഞെടുപ്പിൽ എൻ ഡി എക്കൊപ്പം നിന്ന് എട്ട് സീറ്റിൽ മത്സരിച്ചു. നാലിടത്ത് ജയിച്ചു. എസ് ബി എസ് പി മേധാവി ഓം പ്രകാശ് രാജ്ഭർ യോഗി സർക്കാറിൽ അംഗമാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടി ബി ജെ പിക്കൊപ്പമില്ല. 20ലധികം സീറ്റിൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിച്ചിരിക്കുകയാണ്. മറ്റിടങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കാനാണ് തീരുമാനം.

• ജൻവാദി പാർട്ടി: സഞ്ജയ് ചൗഹാൻ നേതൃത്വം നൽകുന്ന ഈ സാമുദായിക പാർട്ടി ഒരു ദശകമായി കിഴക്കൻ യു പിയിലെ സജീവസാന്നിധ്യമാണ്. ലോനിയ സമുദായത്തിലാണ് പാർട്ടിയുടെ സ്വാധീനം. ഇത്തവണ ഇവർ എസ് പി- ബി എസ് പി- ആർ എൽ ഡി മഹാസഖ്യത്തിന്റെ കൂടെയാണ്. ചന്ദൗലി ലോക്‌സഭാ സീറ്റിൽ പാർട്ടി പ്രതിനിധി മത്സരിക്കുന്നത് എസ് പി ചിഹ്നത്തിലാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡേ ആണ് എതിരാളി. മഹാസഖ്യത്തിലേക്ക് ലോനിയ (നോനിയ) സമുദായത്തിൽ നിന്ന് വോട്ടൊഴുകാൻ ജൻവാദിയുമായുള്ള ബാന്ധവം ഉപകരിക്കും.

• മഹാൻ ദൾ: 2008ൽ കേശവ് ദേവ് മൗര്യ സ്ഥാപിച്ച പാർട്ടിക്ക് കുശവാഹ, ശാക്യ, സെയ്‌നി സമുദായങ്ങളിൽ സ്വാധീനമുണ്ട്. 2012 മുതൽ കോൺഗ്രസ് സഖ്യത്തിലാണ്. ഇത്തവണ രണ്ടിടത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു.
ജൻ അധികാർ പാർട്ടി: ബി എസ് പി മുൻ നേതാവ് ബാബു സിംഗ് കുശവാഹ നേതൃത്വം നൽകുന്ന പാർട്ടി കോൺഗ്രസിനൊപ്പമാണ്. ബസ്തി, ചന്ദൗലി, മഛ്‌ലി ശഹർ, ഝാൻസി എന്നിവിടങ്ങളിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു. ബാലിയയിലും ഗാസിപൂരിലും പാർട്ടി സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും പിന്നീട് മരവിപ്പിച്ചു.

മഹാരാഷ്ട്ര

• മഹാരാഷ്ട്ര നവനിർമാൺ സേന: എവിടെയും മത്സരിക്കാതെ തിരഞ്ഞെടുപ്പ് അജൻഡയെയാകെ സ്വാധീനിക്കുന്ന സാന്നിധ്യമാണ് രാജ് താക്കറെയുടെ എം എൻ എസ് ഇത്തവണ. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം എൻ എസ് കാവിപാർട്ടിക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ രാജ് താക്കറെ ബി ജെ പിയുടെ കടുത്ത വിമർശകനാണ്. കോൺഗ്രസ്- എൻ സി പി സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വേദികളിലെ ആവേശ സാന്നിധ്യമാണ് അദ്ദേഹമിപ്പോൾ. ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും അദ്ദേഹം എത്തി. നരേന്ദ്ര മോദിക്കെതിരെ രാജ് താക്കറെ എയ്യുന്ന വിമർശന ശരങ്ങൾ എൻ ഡി എയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്.

• സ്വാഭിമാൻ ശേത്കാരി സംഘടൻ: ലോക്‌സഭാ അംഗം രാജു ഷെട്ടി നയിക്കുന്ന എസ് എസ് എസ് 2014ൽ എൻ ഡി എയിലായിരുന്നു. ഇത്തവണ യു പി എയിലാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ രണ്ട് സീറ്റിൽ മത്സരിക്കുന്നു. കരിമ്പ് ബെൽറ്റിൽ കർഷകരുടെ ഇടയിൽ നല്ല വേരോട്ടമുള്ള പാർട്ടിയുടെ പിന്തുണ ഈ മേഖലയിൽ യു പി എക്ക് മുതൽക്കൂട്ടാകും.

• ബഹുജൻ വികാസ് അഗാതി: മഹാരാഷ്ട്ര നിയമസഭാംഗം ഹിതേന്ദ്ര ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബി വി എ 2014ലെ തിരഞ്ഞെടുപ്പിൽ ഒരു സഖ്യത്തിലും ചേർന്നിരുന്നില്ല. പൽഘാർ, ഭീവണ്ടി മേഖലയിൽ ശക്തിയുള്ള പാർട്ടി 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടി. ദേവേന്ദ്ര ഫട്‌നാവിസ് സർക്കാറിന് പിന്തുണ നൽകുകയും ചെയ്തു. എന്നാൽ ഇത്തവണത്തെ ലേക്‌സഭാ തിരഞ്ഞെടുപ്പിൽ ബി വി എ കോൺഗ്രസ്- എൻ സി പി സഖ്യവുമായി നീക്കു പോക്കിലാണ്. പൽഘാറിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഹിതേന്ദ്ര ഠാക്കൂറിനെതിരെ യു പി എ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.