Connect with us

Editorial

എങ്കില്‍ പിന്നെ ആരാണ് ഭീകരവാദി?

Published

|

Last Updated

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍, മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ തീവ്രവാദിയെന്നു വിശേഷിപ്പിച്ചത് ബി ജെ പിയെയും സംഘ്പരിവാറിനെയും വല്ലാതെ പ്രകോപിതരാക്കിയിരിക്കുകയാണ്. “സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. നാഥുറാം ഗോഡ്‌സെ എന്നാണ് അയാളുടെ പേര്” എന്നായിരുന്നു തമിഴ്‌നാട്ടിലെ അരവകുറിച്ചി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കമല്‍ ഹാസന്റെ പരാമര്‍ശം. തീ കൊണ്ടുള്ള കളിയാണ് കമല്‍ നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ ബി ജെ പി നേതാവ് തമിഴിസൈ സുന്ദരരാജന്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്. കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേണമെന്നും ബി ജെ പി ആവശ്യപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ എ ഐ എ ഡി എം കെയുടെ നേതാവും സംസ്ഥാന മന്ത്രിയുമായ കെ ടി രാജേന്ദ്ര ബാലാജിയെയും ഇതു വല്ലാതെ പൊള്ളിച്ചിട്ടുണ്ട്. കമലിന്റെ നാവ് പിഴുതെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

ലോകം അംഗീകരിക്കുന്ന ഒരു പച്ചപ്പരമാര്‍ഥമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. കമല്‍ അല്ല ഈ സത്യം വിളിച്ചു പറഞ്ഞ ആദ്യത്തെ വ്യക്തി. സുഭാഷ് ഗാതാഡെ തന്റെ “ഗോഡ്‌സെയുടെ മക്കള്‍, ഹിന്ദുത്വ ഭീകരത ഇന്ത്യയില്‍” എന്ന പുസ്തകത്തില്‍ “സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി” എന്നാണ് ഗോഡ്‌സെയെ പരിചയപ്പെടുത്തുന്നത്. ഗാന്ധിജി മുറുകെപ്പിടിച്ച മതനിരപേക്ഷതയോടും ഹിന്ദു, മുസ്‌ലിം സാഹോദര്യത്തോടുമുള്ള അമര്‍ഷമായിരുന്നു, ഹിന്ദുരാഷ്ട്ര ആശയത്തിന്റെ ശക്തനായ വക്താവും “ഹിന്ദുരാഷ്ട്ര” ദിനപത്രത്തിന്റെ എഡിറ്ററുമായിരുന്നു ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു കൊന്നതിന് പിന്നില്‍. സ്വതന്ത്ര ഇന്ത്യയും ഒരു മതേതര ജനാധിപത്യ ഭരണകൂടവുമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനാണ് രാജ്യത്ത് ദേശീയ പ്രസ്ഥാനം രൂപപ്പെട്ടതും സ്വാതന്ത്ര്യ സമരത്തില്‍ മതഭേദമന്യേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പങ്കുചേര്‍ന്നതും. സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ അടിയും ഇടിയും ഏല്‍ക്കുകയും ജയിലുകളില്‍ കൊടിയ പീഡനം ഏല്‍ക്കുകയും ചെയ്തപ്പോള്‍, അതില്‍ നിന്നെല്ലാം മാറിനിന്നു ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ഗുഢാലോചനയില്‍ ഏര്‍പ്പെടുകയും കരുക്കള്‍ നീക്കുകയുമായിരുന്നു ആര്‍ എസ് എസ്. സ്വാതന്ത്ര്യം കൈവന്നപ്പോള്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗാന്ധിജി നടത്തിയ നീക്കം സ്വാഭാവികമായും ആര്‍ എസ് എസിന് ഇഷ്ടപ്പെട്ടില്ല. ഈ വിരോധമാണ് ഗോഡ്‌സെയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയായി ഗാന്ധിജിയുടെ നെഞ്ചില്‍ തറച്ചത്. “ഹിന്ദുരാഷ്ട്രത്തെ അനുസ്യൂതം അപമാനിച്ച ഒരാളെ രാഷ്ട്രത്തിനുവേണ്ടി ഉന്മൂലനം ചെയ്യുകയായിരുന്നു എന്റെ സഹോദരന്‍” എന്നാണ് നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഇതേക്കുറിച്ചു അഭിമാനത്തോടെ പറഞ്ഞത്. സ്വാതന്ത്ര്യത്തിനു വേണ്ടി ദേശീയ സമര പോരാളികള്‍ സഹിച്ച ത്യാഗവും മതേതര ഇന്ത്യയെന്ന ജനങ്ങളുടെ സ്വപ്‌നവും നിഷ്ഫലമാക്കി, ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കാനായി നടത്തിയ ഈ നിഷ്ഠൂര വധത്തെ തീവ്രവാദമെന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കേണ്ടത്?

തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്നിട്ടും നാഥുറാം ഗോഡ്‌സെയുടെ ചിതാഭസ്മം ഇതുവരെ മതാചാര പ്രകാരം ഗംഗയില്‍ ഒഴുക്കിയിട്ടില്ല. സ്വന്തം ചിതാഭസ്മത്തെ മുന്‍നിര്‍ത്തി ഗോഡ്‌സെ മുന്‍കൂര്‍ നടത്തിയ ഒരു തീവ്ര പ്രതിജ്ഞയാണ് കാരണം. “വെട്ടിമുറിക്കപ്പെടുകയും പരദേശി മതവിശ്വാസികള്‍ കൈയേറുകയും ചെയ്ത ഭാരതം എന്നാണോ ഒരു അഖണ്ഡ സനാതന ഹൈന്ദവ സാമ്രാജ്യമായി പുനഃസ്ഥാപിക്കപ്പെടുന്നത്, അന്ന് മാത്രമേ എന്റെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യാവൂ. അന്ന് മാത്രമേ എനിക്ക് മോക്ഷം വേണ്ടൂ. അതുവരെ എന്റെ ആത്മാവ് ഗതികിട്ടാതെ അശാന്തമായി അലയട്ടെ” എന്നായിരുന്നുവത്രെ ഗോഡ്‌സെ തന്റെ അനുയായികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഗോഡ്‌സെയുടെ അഭിലാഷം സാക്ഷാത്കരിക്കാനായി അയാളുടെ ചിതാഭസ്മം അനുയായികള്‍ ഇപ്പോഴും കാത്തു സൂക്ഷിച്ചുപോരുന്നു എന്നാണറിവ്. ഗാന്ധിവധം കൊണ്ട് അവസാനിക്കാത്ത തന്റെ ദൗത്യത്തെ മരണാനന്തരവും തുടരാന്‍ പ്രേരണ നല്‍കുന്ന ഗോഡ്‌സെ ഭീകരവാദിയല്ലെങ്കില്‍ പിന്നെയാരാണ് ഭീകരവാദി?

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇകഴ്ത്താനും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ മഹത്വവത്കരിക്കാനുമുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ ആരാധ്യ പുരുഷനായ കൃഷ്ണന്റെ അവതാരമാണ് പ്രമുഖ ഹിന്ദുത്വ കേഡര്‍ കെ വി സീതാരാമയ്യയുടെ ഭാഷയില്‍ ഗോഡ്‌സെ. “നന്മ സംരക്ഷിക്കാനും ദുഷ്ടന്മാരെ നിഗ്രഹിക്കാനും ധര്‍മം സ്ഥാപിക്കാനും ഓരോ കാലഘട്ടത്തിലും ഞാന്‍ ജനിക്കുമെന്ന് ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞതനുസരിച്ച് 1948 ജനുവരി 30ന് വൈകുന്നേരം ഗോഡ്‌സെയുടെ രൂപത്തില്‍ കൃഷ്ണന്‍ അവതരിച്ചു ഗാന്ധിജിയുടെ ജീവനെടുക്കുകയായിരുന്നു”വെന്നാണ് ഗാന്ധി വധത്തെക്കുറിച്ച് സീതാരാമയ്യ പറഞ്ഞത്. ഇതിന്റെ ഭാഗം തന്നെയാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ഹിന്ദുമഹാസഭ ബലിദാനമായി ആചരിക്കുന്നതും ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്ര നിര്‍മാണവും ഗാന്ധി വധത്തിന്റെ പുനഃരാവിഷ്‌കാരവുമെല്ലാം. ഹിന്ദുമഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയിലെ നൗറംഗാബാദില്‍ കഴിഞ്ഞ ജനുവരി 30ന് രാഷ്ട്രപിതാവിനെ വീണ്ടും പ്രതീകാത്മകമായി വെടിവെച്ചു കൊന്നത്. ഗാന്ധിജിക്കു നേരെ വെടിയുതിര്‍ത്ത പൂജ ശകുന്‍ പാണ്ഡെ, ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി അയാളെ വന്ദിക്കുകയും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മധുര പലഹാരം വിതരണം നടത്തുകയുമുണ്ടായി. ബി ജെ പി ഭരണം തുടര്‍ന്നാല്‍ ഗോഡ്‌സെ രാഷ്ട്രപിതാവായി വാഴിക്കപ്പെട്ടേക്കാനും സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest