Connect with us

Ramzan

ഇനി പാപമോചനം; ചോദിച്ചു വാങ്ങണം

Published

|

Last Updated

റമസാൻ രണ്ടാമത്തെ പത്തിലേക്ക് കടക്കുകയാണ്. അല്ലാഹുവിന്റെ സൃഷ്ടികളിൽ മനുഷ്യ വിഭാഗത്തിന് നൽകിയ വലിയൊരവസരമാണ് കടന്നു വരുന്നത്. മനുഷ്യൻ വികാര വിചാരങ്ങളുള്ള ജീവിയാണ്. അതുകൊണ്ട് തന്നെ ജീവിതത്തിരക്കുകൾക്കിടയിൽ അറിഞ്ഞും അറിയാതെയും പലവിധ തെറ്റുകുറ്റങ്ങൾ സംഭവിച്ചു പോകും. അത് പൊറുക്കപ്പെടാതെ പോയാൽ വിജയം സാധ്യമല്ല. അതിനുള്ള അവസരമാണിപ്പോൾ വന്നുചേർന്നിരിക്കുന്നത്.
പാപങ്ങളിൽ മോചനം നൽകേണ്ടവൻ അല്ലാഹുവാണ്. അതിനായി അവനോട് തേടണം. ഖുർആനിൽ അല്ലാഹു പറയുന്നു: അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുക. നിശ്ചയമായും അല്ലാഹു പാപമോചനം നൽകുന്നവനും കരുണ ചെയ്യുന്നവനുമാണ് (അന്നിസാഅ് 106). ചോദിക്കുന്നവന് സ്രഷ്ടാവ് പൊറുത്ത് കൊടുക്കുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു. ചോദിക്കുന്നതിന്റെ കണക്കനുസരിച്ചാണ് പാപമോചനം ലഭിക്കുക. അതുകൊണ്ടാണ് അഞ്ച് നേരത്തെ നിസ്‌കാര ശേഷവും അല്ലാത്ത സമയങ്ങളിലും പൊറുക്കലിനെ ചോദിക്കണമെന്ന് പറയുന്നത്.

ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ഖുർആനിലായാലും ഹദീസിലായാലും അല്ലാഹുവിന്റെ പാപമോചനം പറയുന്നിടത്തൊക്കെ കാരുണ്യത്തെക്കുറിച്ചും പറയുന്നുണ്ട്. റമസാനിലെ കാരുണ്യത്തിന്റെ പത്തിനോട് ചേർന്നാണ് പാപമോചനത്തിന്റെ പത്തുള്ളത്. അല്ലാഹുവിന്റെ കാരുണ്യമുണ്ടായാലേ പാപമോചനം സാധ്യമാകൂ എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. കാരുണ്യവും പാപമോചനവും പരസ്പരം കെട്ടു പിണഞ്ഞു നിൽക്കുന്ന കാര്യങ്ങളാണ്. മനുഷ്യനും കരുണ വേണം. നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യർ പരസ്പരം കരുണ ചെയ്യണം. അപ്പോഴാണ് വിട്ടുവീഴ്ചകളുണ്ടാകുന്നത്. അവിടെ ശാന്തിയും സമാധാനവും പുലരുന്നു. എത്രവലിയ തെറ്റുകുറ്റങ്ങൾ സംഭവിച്ചവനായലും പൊറുത്ത് തരുന്നവനാണല്ലാഹു. അനസ് (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: “അല്ലാഹു പറയുന്നു. മനുഷ്യാ നീ എന്നോട് പ്രാർഥിക്കുകയും എന്നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക. എന്നാൽ നിന്നിൽ നിന്ന് സംഭവിച്ച മുഴുവൻ പാപങ്ങളും ഞാൻ പൊറുത്ത് തരുന്നതാണ്. അതൊന്നും ഞാൻ ഗൗരവമായെടുക്കുന്നില്ല. മനുഷ്യാ നിന്റെ പാപങ്ങൾ ആകാശത്തോളം കുമിഞ്ഞ് കൂടിയാലും എന്നോട് പാപമോചനം തേടിയാൽ ഞാനതെല്ലാം നിനക്ക് പൊറുത്തു തരുന്നതാണ്. ഞാൻ അതൊന്നും ഗൗരവമായെടുക്കുന്നില്ല. മനുഷ്യാ ഭൂമി നിറയേ പാപങ്ങൾ ചെയ്ത് നീ എന്നെ സമീപിച്ചാലും- നീ എന്നോട് ശിർക്ക് ചെയ്തിട്ടില്ലാത്ത പക്ഷം- ഭൂമി നിറയേ പാപമോചനവുമായി ഞാൻ നിന്നെയും സമീപിക്കുന്നതാണ് (തുർമുദി.). ഇവിടെ അല്ലാഹു ആവർത്തിച്ച് പറയുന്നു പാപമോചനം തേടണമെന്ന്. പാപമെത്ര വലുതാണെങ്കിലും പ്രശ്‌നമില്ല. അല്ലാഹുവിനോട് തേടണം. തേടുന്ന അടിമക്ക് മോക്ഷമുണ്ട്. പാപമോചനം നടത്തുന്നത് കുറ്റങ്ങൾ പൊറുക്കുന്നതിന് വേണ്ടി മാത്രമല്ല. മറിച്ച് അതിലൂടെ നിരവധി നേട്ടങ്ങൾ അടിമക്ക് ലഭിക്കുന്നു.

നബി (സ) പറഞ്ഞു: പാപമോചന പ്രാർഥന പതിവാക്കുന്നവർക്ക് അല്ലാഹു എല്ലാ വിഷയങ്ങളിൽ നിന്നും രക്ഷാ മാർഗവും എല്ലാ മനഃപ്രയാസങ്ങളിൽ നിന്ന് ആശ്വാസവും അവൻ ചിന്തിക്കാത്ത മാർഗത്തിലൂടെ ജീവിത വിഭവങ്ങളും നൽകുന്നതാണ് (അബൂദാവൂദ്). ചുരുക്കത്തിൽ കരുണ തേടുന്നതും പാപമോചനം ചോദിക്കുന്നതും ഭൗതീകവും ആത്മീയവുമായ ജീവിതത്തിനനിവാര്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

അനസ് സഖാഫി ക്ലാരി

സബ് എഡിറ്റർ, സിറാജ്