Connect with us

Gulf

ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് തുറന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ 30 കോടി ദിര്‍ഹം ചെലവ് ചെയ്ത് ഏറ്റവും വലിയ മസ്ജിദ് തുറന്നു. മസ്ജിദു ഷാര്‍ജ എന്ന് പേരിട്ട പള്ളിയില്‍ കാല്‍ലക്ഷം പേര്‍ക്ക് ഒരേ സമയം നിസ്‌കാരത്തിന് സൗകര്യമുണ്ടാകും. ഒട്ടോമന്‍ മാതൃകയില്‍ നിര്‍മിച്ച പള്ളി അമുസ്‌ലിംകള്‍ക്കും സന്ദര്‍ശിക്കാം. എമിറേറ്റ്‌സ് റോഡിനും മലീഹ റോഡിനും സമീപം അല്‍തായിലാണ് ഷാര്‍ജയിലെ ഏറ്റവും വലിയ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മസ്ജിദു ഷാര്‍ജയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പുറത്തെ പൂന്തോട്ടമുള്‍പ്പെടെ 186,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് പള്ളിനിര്‍മിച്ചിരിക്കുന്നത്.

തുര്‍ക്കിയിലെ പള്ളികളുടെ ഒട്ടോമന്‍ ശില്‍പകലാമാതൃക അവലംബിച്ചാണ് മസ്ജിദിന്റെ നിര്‍മാണം. പള്ളിയിലെ പ്രധാനഹാളില്‍ 6,000 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാം. അറുനൂറിലേറെ വനിതകള്‍ക്ക് ഒരേ സമയം നിസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. പുറത്തെ യാര്‍ഡുകള്‍ 13,500 പേരെ ഉള്‍കൊള്ളും. 2,260 വാഹന പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഇമാമിനും ജീവനക്കാര്‍ക്കുമുള്ള വീടുകളും സുവനീര്‍ ഷോപ്പും നടപ്പാതകളും പള്ളിയുടെ ഭാഗമാണ്. 2014 ലാണ് പള്ളിയുടെ നിര്‍മാണത്തിന് ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടത്. റമസാനിലെ ആദ്യ വെള്ളിയാഴ്ച രാത്രി തറാവീഹ് നമസ്‌കാരത്തിന് ഭരണാധികാരിയും പള്ളിയിലുണ്ടായിരുന്നു. മസ്ജിദു ഷാര്‍ജയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രണ്ട് നാണയങ്ങളും യു എ ഇ സെന്‍ട്രല്‍ ബേങ്ക് പുറത്തിറക്കി.

Latest