Connect with us

Socialist

നവജാത ശിശുവിന് അടിയന്തര ചികിത്സയൊരുക്കി ആരോഗ്യ മന്ത്രിക്ക് സോഷ്യൽ മീഡിയയുടെ കൈയടി

Published

|

Last Updated

കെ കെ ശൈലജ

തിരുവനന്തപുരം: നവജാത ശിശുവിന് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയൊരുക്കാൻ അടിയന്തര ഇടപെടൽ നടത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. ആരോഗ്യമന്ത്രിയുടെ പെട്ടെന്നുള്ള ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഇന്നുകൂടി നിരീക്ഷിച്ച ശേഷം ശസ്ത്രക്രിയ ഉൾപ്പെടെയെുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിന് ഒരു ദ്വാരം ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്്ടർമാർ അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുഞ്ഞിന്റെ മാതൃസഹോദരൻ രോഗവിവരം അറിയിച്ച് കമന്റിട്ടതിന് പിന്നാലെ മന്ത്രി അടിയന്തരമായി ഇടപെട്ട് സർക്കാർ സംവിധാനങ്ങളുപയോഗിച്ച് വിദഗ്ധ ചികിത്സ ഏർപ്പെടുത്തുകയായിരുന്നു. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനമൊരുക്കിയ ശേഷം മന്ത്രി യുവാവിന്റെ കമന്റിന് മറുപടിയും നൽകി.
രക്താർബുദത്തോട് പൊരുതി എസ് എസ് എൽ സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയായിരുന്നു ജിയാസ് മടശ്ശേരി എന്ന യുവാവ് സഹായമഭ്യർഥിച്ചത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാൽവിന് തകരാർ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാൽ അതിനുള്ള സാഹചര്യമില്ലാത്തതിനാൽ സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. കമന്റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദേശം നൽകുകയും സംഭവം സത്യമാണെന്ന് മനസ്സിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രണ്ട് മണിക്കൂർ സമയമെടുത്താണ് എറണാകുളത്തെത്തിച്ചത്.
മന്ത്രിയെ വാനോളം പുകഴ്ത്തിയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ഒരുപാടിഷ്്ടം ടീച്ചറമ്മേ… എന്ന് തുടങ്ങുന്ന പ്രശംസാ വാക്കുകളുമായാണ് സോഷ്യൽ മീഡിയ ആരോഗ്യ മന്ത്രിയെ അഭിനന്ദിക്കുന്നത്. ഒപ്പം നിപ്പാ കാലത്ത് മന്ത്രി കുടുംബത്തിന് തണലേകിയ ഓർമകൾ അയവിറക്കി, നിപ്പാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷും പോസ്റ്റ് ചെയ്തിരുന്നു.

Latest