Connect with us

Kerala

ശ്രീലങ്കന്‍ ഭീകരാക്രമണം: അന്വേഷണം കേരളത്തിലെ സലഫി കേന്ദ്രങ്ങളിലേക്കും

Published

|

Last Updated

കോഴിക്കോട്: ശ്രീലങ്കയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ സലഫി സംഘടനകളുമായി കേരളത്തിലെ സലഫി സംഘടനകള്‍ക്കുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി സലഫി കേന്ദ്രങ്ങളിലേക്കും അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ജില്ലയിലെ അത്തിക്കാട്ടുള്ള ദമ്മാജ് വിഭാഗം സലഫികളുടെ കേന്ദ്രത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ശ്രീലങ്കയില്‍ നിന്ന് ചില സലഫി നേതാക്കള്‍ ഇവിടെ സന്ദര്‍ശിച്ചതായി സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം ഇവിടം സന്ദര്‍ശിച്ചിരുന്നുവോ എന്നും പരിശോധിക്കുന്നുണ്ട്.

ഭീകരാക്രമണത്തില്‍ ആരോപണവിധേയരായ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സലഫി സംഘടനക്ക് അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായി ബന്ധമുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായുള്ള തെളിവുകളാണ് അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിക്കുന്നത്. നേരത്തെ കാസര്‍കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരില്‍ ചിലര്‍ ദമ്മാജ് ഗ്രാമം സന്ദര്‍ശിച്ചിരുന്നതായി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

യമനിലെ ദമ്മാജ് സലഫി വിഭാഗത്തെ മാതൃകയാിക്കി വിചിത്രമായ ജീവിതരീതി സ്വീകരിക്കുന്ന 18 കുടുംബങ്ങളാണ് അത്തിക്കാട്ടുണ്ടായിരുന്നത്. ഇവിടെ മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി പ്രത്യേകം താമസസ്ഥലങ്ങള്‍ ഒരുക്കുകയും സ്‌കൂളും മതപഠന കേന്ദ്രവും സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഏതാനുംപേര്‍ ഇവിടം ഉപേക്ഷിച്ച് പോയി. ലക്ഷദ്വീപ്, തലശ്ശേരി, വര്‍ക്കല, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ചില വീടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.