Connect with us

Book Review

ഇത് ഹൃദയത്തിന്റെ വർത്തമാനം

Published

|

Last Updated

പരിസരവും അനുഭവങ്ങളും രചയിതാവിന്റെ മനസ്സിൽ കലാപവും പ്രതിഷേധവും പരാതിയും പരിഭവവും തീർക്കുമ്പോഴാണ് ഉത്തമ സൃഷ്ടികൾ പിറവിയെടുക്കുന്നത്. ജീവിതം കവിതയായി രൂപപ്പെടുന്നത് പലപ്പോഴും കയ്‌പേറിയ അനുഭവങ്ങളിലൂടെയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ നാം കാണാതെ പോകുന്ന അനുഭവങ്ങളെ, തുറന്നിട്ട കണ്ണുകളും കാതുകളും ഉപയോഗിച്ച് സൂക്ഷ്മമായി മനസ്സിലാക്കി അവതരിപ്പിക്കുമ്പോഴാണ് കവിതകൾ തീക്ഷ്ണങ്ങളാകുന്നത്. ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ നമ്മുടെ മുമ്പിലേക്ക് ഒരു തുറന്ന പുസ്തകം പോലെ കോറിയിടുകയാണ് തസ്‌ലീം കൂടരഞ്ഞി എന്ന യുവ കവി, തന്റെ കവിതാ സമാഹാരമായ കറുമ്പിയാടിലൂടെ.

തസ്‌ലീമിനെ വായിക്കുമ്പോൾ ആദ്യം മനസ്സിൽ ഉടക്കുന്നത് കവിതയുടെ അന്തസ്സത്തയാണ്. കവിതകൾക്ക് വിഷയം തേടി ഈ കവിക്ക് അലയേണ്ടതില്ല. അനുഭവങ്ങളും ചുറ്റുമുള്ള മനുഷ്യരും മൃഗങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. പ്രമേയത്തിലും അവതരണത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ കവിക്ക് കഴിഞ്ഞിരിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം. അത്രയേറെ നമ്മെ ആഴത്തിൽ തൊടുന്നു കറുമ്പിയാട് എന്ന കവിതാസാമാഹാരം.

ശീർഷക കവിത തന്നെ നമ്മോട് നേരിട്ട് സംവദിക്കുന്നത് കാണാം. ജനനവും മരണവും അവയ്ക്കിടയിലെ ക്ഷണിക ജീവിതവും ഉമ്മൂമ്മയുടെ ഓർമകളിലൂടെയും വാക്കുകളിലൂടെയും കവി അടയാളപ്പെടുത്തുമ്പോൾ കറുമ്പിയാട് ഒരു നൊമ്പരമായി നമ്മുടെ മനസ്സിൽ അവശേഷിക്കുന്നു. “അമ്മേ മാപ്പ്” എന്ന കവിതയിൽ കുഞ്ഞിനെ മുലയൂട്ടാൻ മടിക്കുന്ന ആ അമ്മയെ “ഇവളെന്തൊരു അമ്മയാണ്” എന്ന് പറഞ്ഞ് നാം വിചാരണ ചെയ്യുന്നു. അർബുദം എന്ന മഹാവിപത്തിൽ സ്വന്തം അസ്തിത്വം വരെ നഷ്ടപ്പെട്ട അമ്മയുടെ വേദന പോലും തിരിച്ചറിയപ്പെടാതെ പോകുന്ന ഇന്നത്തെ ലോകത്തെ വരച്ചു കാണിക്കുന്നു ഈ കവിത.
“മരിക്കും മുമ്പെ മധുവിനെ എനിക്കറിയാം” എന്ന കവിതയിലൂടെ വിശപ്പിന് മുമ്പിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ആദിവാസി യുവാവിനെ ഓർമപ്പെടുത്തുന്നു. വിശപ്പിന്റെ കാഠിന്യം ചെറിയ വാക്കുകളിലൂടെ എത്ര തീക്ഷ്ണമായാണ് കവി രേഖപ്പെടുത്തുന്നത് എന്ന് നോക്കൂ.
“പേര് ചോദിച്ചപ്പോഴും
പറയുകയാണ്
വെശക്ക്ണൂ ന്ന് ”
വിശപ്പുകാരൻ എന്ന കവിത “മരിക്കും മുമ്പെ മധുവിനെ എനിക്കറിയാം” എന്ന കവിതയോട് ചേർത്തുവെക്കാം. വീട്ടുകാരന്റെ പട്ടിക്ക് സുഭിക്ഷമായ ഭക്ഷണം. മൂന്ന് നേരം ഇറച്ചിയും പാലും ബിസ്‌കറ്റും. ഒരു നേരമെങ്കിലും വിശപ്പിനെ ശമിപ്പിക്കുന്നതിന് യാചിക്കാൻ ഇറങ്ങിത്തിരിച്ച മനുഷ്യന് 50 പൈസ. പെട്ടെന്നാണ് പട്ടിക്കൂട് അയാളുടെ കണ്ണിലുടക്കുന്നതും പട്ടിയെ ആട്ടിപ്പായിച്ച് അതിൽ കയറിയിരിക്കുന്നതും. സ്വയമൊരു പട്ടിയാവുന്നതിലൂടെ അയാൾ ഒരു നേരത്തെ ഭക്ഷണമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇന്നത്തെ സമൂഹത്തിന്റെ നേർക്കുള്ള ഒരു ചോദ്യചിഹ്നമായി കൂടി ഈ കവിത നമ്മെ തൊട്ടുണർത്തുന്നു.
“മാണിക്യ മലരാണ് ഉമ്മ”, “ഉമ്മച്ചിയോർമകൾ” എന്നീ കവിതകൾ ഉമ്മമാർക്ക് അവരുടെ മക്കൾ എന്നും വാത്സല്യനിധികളാണ് എന്ന സന്ദേശത്തെ ഓർമപ്പെടുത്തുമ്പോൾ ഇത്താത്ത എന്ന കവിത മനസ്സിലൊരു വിങ്ങലായി ബാക്കി നിൽക്കുന്നു..

ഒടിയൻ എന്ന ഒടിമറിഞ്ഞെത്താറുള്ള പഴമയുടെ വില്ലനെ വലിയുമ്മയുടെ കഥ പറച്ചിലിലൂടെ അതിമനോഹരമായി അവതരിപ്പിക്കുമ്പോൾ മിത്തോ യാഥാർഥ്യമോ എന്നറിയില്ലെങ്കിലും മുത്തശ്ശിക്കഥ കേൾക്കുന്ന താത്പര്യത്തോടെ നമ്മളും കവിതയെ പിന്തുടരുന്നു.
“ബർത്ത് ഡേ”, “മാലാഖമാർ” എന്നീ കവിതകളിൽ മാനവികതയുടെ വെളിച്ചം നൽകി കടന്നുപോയ മനുഷ്യരെയും പാതിവഴിയിൽ ജീവിതം നഷ്ടപ്പെട്ട ജീവനുകളെയും ഓർമപ്പെടുത്തുന്നു. എങ്കിലും കവി പ്രത്യാശ കൈവെടിയുന്നില്ല.

“ഞങ്ങൾ
ഒന്നിച്ചു കണ്ട
ഈ ലോകം കാണാൻ
അവരെല്ലാം
ഒരിക്കൽ കൂടി
തിരിച്ചു വരും” എന്ന സ്വപ്നം കവിയുടെ ശുഭാപ്തിവിശ്വാസത്തെയാണ് വെളിപ്പെടുത്തുന്നത്.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ മുക്കത്തിനടുത്ത കൂടരഞ്ഞിയെന്ന സ്വന്തം ഗ്രാമത്തെ അതിന്റെ സാംസ്‌കാരിക പൈതൃകത്തോടെ അതിമനോഹരമായ ശൈലിയിൽ എഴുതിവെക്കുന്നു “എന്റെ ഗ്രാമം” എന്ന കവിതയിൽ. ഒട്ടനവധി ഓർമകളുറങ്ങുന്ന ഇരുവഴിഞ്ഞിപ്പുഴ, ചാലിയാറിലൂടെ അറബിക്കടലിലേക്ക് ഒഴുകുന്ന നാണക്കാരിയായി തസ്‌ലീമിന്റെ കവിതയിൽ വിടർന്ന് സുഗന്ധം പരത്തുന്നു.

കറുമ്പിയാട് എന്ന കവിതാസമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അനുഭവങ്ങളുടെ ഒരു ലോകം തന്നെ കവി നമുക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നു. സമൂഹത്തിന് നേരെയുള്ള ചൂണ്ടുപലകയായി പല കവിതകളും നമ്മുടെ ഹൃദയപരിസരത്തിൽ ചിന്തകളെ ഉണർത്തുന്നു. ഐ പി ബി ബുക്‌സ് ആണ് പ്രസാധകർ. വില: 100 രൂപ.
.

raseenahassan1234@gmail.com

Latest