Connect with us

Religion

ഉറുദി എന്ന ദേശാടനം

Published

|

Last Updated

റമസാൻ ആഗതമാകുന്നു. പ്രഭാഷണങ്ങളും വഅളുകളും ക്ലാസുകളും സജീവമാകുന്നു. ഒരു നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ അതിപ്രധാന പങ്കുവഹിക്കുന്ന പ്രഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെയാണ് ഉറുദികളും. വിവിധ ദേശങ്ങളിൽ നിന്ന് വരുന്ന കുഞ്ഞു പ്രഭാഷകർ അറിവിന്റെ വാതിലുകൾ സാധാരണക്കാരന് മുന്നിൽ തുറന്നിടുന്ന ഉറുദി വലിയ ഒരു സംസ്‌കാരം തന്നെയാണ്. പ്രഗത്ഭരായ പ്രഭാഷകർ സേവന മേഖലയിലേക്ക് കടന്നുവന്നത് ഉറുദികളിലൂടെയാണ്. സഭാകമ്പം ഇല്ലാതെയും പുതിയ ശൈലികൾ സ്വീകരിച്ചും കുഞ്ഞു പ്രഭാഷകർ വളർന്നു വരുന്നു. റമസാനിലാണ് ഉറുദികൾ സാധാരണയുണ്ടാകുക.

ഉറുദി എന്ന വാക്കിന്, (ഇസ്‌ലാം) മതപണ്ഡിതർ നടത്തുന്ന സദുപദേശ പ്രസംഗം എന്നാണ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി നൽകിയ അർഥം. ഒരു കാലത്ത് ഉറുദികൾ സജീവമായിരുന്നു. ഒരുപാട് അനുഭവകഥകൾ ഉറുദി പ്രഭാഷകർക്ക് പറയാനുണ്ട്. ചിലർ ഒരു വിഷയം തന്നെ മിക്ക പള്ളികളിലും സംസാരിച്ചു വൈഭവം തെളിയിക്കും. മറ്റുചിലർ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ഒരു വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യാം, ആളുകളിലേക്ക് പകർന്നു കൊടുക്കാം, വ്യക്തവും വ്യത്യസ്തവുമായ അറിവുകൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാം എന്നൊക്കെ പഠിക്കുന്നത് ഇത്തരം കുഞ്ഞു പ്രഭാഷണങ്ങളിലൂടെയാണ്.

പറഞ്ഞ് പഠിക്കുക എന്നതായിരുന്നു, ഞങ്ങളുടെയൊക്കെ കാലത്ത് ഉറുദിയുടെ ലക്ഷ്യം. മിക്ക പഠിതാക്കളുടെയും വീട്ടിൽ കഷ്ടപ്പാടും പ്രയാസവുമൊക്കെയായിരിക്കും. വീട്ടുകാരോട് ചോദിക്കാൻ കഴിയില്ല. അവിടെ ഒരു നേരത്തെ അന്നത്തിന് തന്നെ പ്രയാസപ്പെടുന്ന സ്ഥിതി. അപ്പോൾ ഓരോ റമസാനും കടന്നുവരുമ്പോൾ മുതഅല്ലിമു(മതവിദ്യാർഥി)കളെ സംബന്ധിച്ചിടത്തോളം പ്രഭാഷണങ്ങൾക്കുള്ള വേദിയും പഠനാവശ്യത്തിനുള്ള ബജറ്റ് കണ്ടെത്താനുള്ള നെട്ടോട്ടവുമായിരിക്കും. റമസാൻ തുടക്കത്തിൽ വന്നാൽ പിന്നീട് പെരുന്നാൾ അടുക്കുമ്പോഴാണ് വീടണയുന്നത്. ഉമ്മാക്കും ഉപ്പാക്കും പെങ്ങന്മാർക്കും പുതുവസ്ത്രങ്ങൾ വാങ്ങുന്നത്, പഠനോപകരണങ്ങൾ- പുസ്തകങ്ങൾ തുടങ്ങിയവക്കുള്ള വക തുടങ്ങിയവയൊക്കെ കൊച്ചു പ്രഭാഷണങ്ങളിലൂടെയായിരുന്നു. പലവീടുകളിലും പെരുന്നാളിന്റെ പൊലിമ ഉറുദിക്ക് പോയി വരുന്ന വീട്ടിലെ ഈ മുതഅല്ലിമിനെ ആശ്രയിച്ചായിരുന്നു.

വ്യത്യസ്ത നാടുകളിലേക്കുള്ള ഉറുദി യാത്ര ഏറെ ഹൃദ്യമാണ്. ഉറുദിക്ക് ചെല്ലുന്ന നാടുമായും അവിടുത്തുകാരുമായും ഹൃദയബന്ധവും സ്ഥാപിക്കപ്പെടും. ഉറുദി ഇഷ്ടപ്പെട്ടാൽ ആളുകൾ അടുത്തുകൂടുകയും പരിചയപ്പെടുകയും ചെയ്യും. ഉറുദി പറയാനെത്തുന്നത് ചെറിയ ക്ലാസുകളിൽ പഠിക്കുന്നവരാണെങ്കിലും വലിയ ഉസ്താദിനോടുള്ള ആദരവും ബഹുമാനവും എല്ലാവർക്കുമുണ്ടാകും. നാട്ടുകാരെല്ലാം ശ്രോതാക്കളായുണ്ടാകും. തിരക്കില്ലാത്തവരെല്ലാം കേട്ട് അറിവ് നുകരുന്നുണ്ടാകും. ഈ കൊച്ചുപ്രഭാഷണങ്ങളിൽ നിന്നുള്ള കർമശാസ്ത്ര നിയമാവലികൾ (മസ്അലകൾ) അവർ മനസ്സിലാക്കും. അറിവുകൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങാനും പാഠങ്ങളുള്ള ചരിത്രസംഭവങ്ങൾ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കാനും ഇത്തരം ഉറുദികളിലൂടെ സാധിക്കും.

കണ്ണൂർ ജില്ലയിലെ മാട്ടൂൽ ആയിരുന്നു ഞങ്ങളുടെയൊക്കെ കാലത്ത് കൊച്ചു പ്രഭാഷണങ്ങൾക്ക് പേരുകേട്ട സ്ഥലം. വിദൂരസ്ഥലങ്ങളിൽ നിന്ന് വരെ റമസാൻ ആഗതമായാൽ മുതഅല്ലിമുകളുടെ കുത്തൊഴുക്ക് ആയിരിക്കും. അതിന് ദേശങ്ങളുടെ വകഭേദം ഉണ്ടാകുമായിരുന്നില്ല. പക്ഷേ അവിടങ്ങളിലെല്ലാം ഈ കൊച്ചു ഉസ്താദുമാർക്ക് നല്ല സ്വീകരണമാണ് ലഭിക്കുക. അവർക്ക് വേണ്ട നോമ്പുതുറയും അത്താഴവുമെല്ലാം ഉണ്ടാകും.

മറ്റൊരു ദേശം തളിപ്പറമ്പാണ്. നിരവധി പള്ളികളാൽ സമ്പന്നമാണ് ഈ ദേശം. ദർസുകളിലും മറ്റും പഠിക്കുന്ന വിദ്യാർഥികൾ റമസാനിൽ ഇവിടെ വൻതോതിൽ എത്തിച്ചേരും. മിക്ക പള്ളികളും റമസാൻ 30 വരെ നിറഞ്ഞിരിക്കും. ഉറുദിക്ക് വന്ന ഒരാളും ഒരിക്കലും പട്ടിണിയാകില്ല. മഗ്‌രിബ് വാങ്കിന് ശേഷം ആരെ കണ്ടാലും കൂട്ടിക്കൊണ്ടുപോകാൻ ആളുകളുണ്ടാകും. ചിലപ്പോൾ വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തും. മറ്റ് ചിലപ്പോൾ പള്ളികളിൽ സംവിധാനമുണ്ടാകും. ചില പള്ളികളിൽ രാത്രി ഒറ്റക്ക് കിടക്കേണ്ടി വരും. ചില പള്ളികൾ ജിന്നുകഥകളെ കൊണ്ട് വിശ്രുതമായിരിക്കും. തളിപ്പറമ്പ് മേഖലയിൽ അങ്ങനെയൊരു പള്ളിയുണ്ട്. ഒരിക്കൽ ഉറുദി പറയാൻ പോയി അവിടെ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. ഇന്ന് പല പള്ളികളിലും രാത്രി താമസിക്കാനുള്ള സൗകര്യം നൽകാറില്ല. രാത്രി തങ്ങാൻ സ്ഥിരമായി ഒരു സ്ഥലം കണ്ടെത്തേണ്ട അവസ്ഥയുണ്ട്.

ഒരു ഉസ്താദ് സ്ഥാപനത്തിന്റെ ധനശേഖരണാർഥം ഒരു പള്ളിയിലെത്തി. നോമ്പ് കാലമായതിനാൽ പള്ളിയുടെ ഒരു മൂലയിൽ കിടന്നു, ഉറങ്ങിപ്പോയി. ളുഹ്ർ നിസ്‌കാരം കഴിഞ്ഞുനോക്കുമ്പോൾ ഉറുദി പറയാൻ ആരുമില്ല. നിസ്‌കാരത്തിന് എത്തിയവർ നിർബന്ധപൂർവം അദ്ദേഹത്തെ കൊണ്ട് ഉറുദി പറയിപ്പിച്ചു. ഉറുദി റമസാന്റെ അവശ്യഭാഗമായി കണ്ടവരായിരുന്നു അന്നാട്ടുകാർ.

ഉറുദിക്ക് വേണ്ടി വ്യത്യസ്ത നാടുകളിലൂടെയുള്ള ദേശാടനം അനുഭവിച്ചറിയേണ്ടതാണ്. ഒരു നിസ്‌കാരത്തിന് ഒരു പള്ളിയിലാണെങ്കിൽ അടുത്തതിന് മറ്റൊരിടത്ത്. ളുഹ്ർ, അസർ, തറാവീഹ് നിസ്‌കാരങ്ങൾക്ക് ശേഷമാണ് ഉറുദി പറയാൻ അവസരമുണ്ടാകുക. നടന്നും ബസ് കയറിയും ബസ് സൗകര്യമില്ലാത്തിടത്തേക്ക് ഓട്ടോറിക്ഷയിലും സർവീസ് ജീപ്പിലും കയറിയുള്ള യാത്ര കുളിരോർമ പകരും. രാത്രി തിരിച്ചുപോരുമ്പോൾ ബസ് സമയം കഴിഞ്ഞിട്ടുണ്ടാകും. അപ്പോൾ, കിട്ടുന്ന വണ്ടിയിൽ കയറും; അത് ചിലപ്പോൾ ചരക്കു ലോറികളാകാം, ബൈക്കുകളാകാം, കാറാകാം..
ചില പള്ളികളിൽ ഉറുദി പറയാൻ ഒരേ സമയം കുറേയാളുകൾ എത്തും. ആദ്യം വന്നയാൾക്കാണ് പറയാൻ അവസരം ലഭിക്കുക. പിരിച്ചുകിട്ടുന്ന തുക എല്ലാവർക്കുമായി ഭാഗിക്കും. ഉറുദി പറയാനെത്തുന്നവരെ പുച്ചത്തോടെ കാണുന്നവരും കുറവല്ല. നാലാളുകളുടെ മുന്നിൽ എഴുന്നേറ്റ് നിന്ന് നാല് വാക്ക് പറയാനുള്ള ആത്മധൈര്യം സംഭരിക്കുകയും സഭാകമ്പം ഒഴിവാക്കുകയുമൊക്കെ ലക്ഷ്യമിടുന്നതോടൊപ്പം വീട്ടിലെ പരിതാപകരമായ അവസ്ഥയും കൊണ്ടായിരിക്കും പലപ്പോഴും ഉറുദി പറയാൻ കുട്ടികളെത്തുക. ഇതെങ്ങനെ മോശമാകും.
ഉറുദിക്ക് പ്രത്യേക സമയപരിധിയൊന്നും ഇല്ല.

ശ്രോതാക്കൾക്ക് മതി എന്ന് തോന്നുന്ന ഘട്ടമായിരിക്കും അവസാനിപ്പിക്കാൻ നല്ലത്. ചിലപ്പോൾ അത് അഞ്ച് മിനുട്ടാകും, പത്താകും, ചിലപ്പോൾ അര മണിക്കൂറും ഒരു മണിക്കൂറുമൊക്കെയാകും. ചരിത്ര കഥകളും മറ്റും കേൾക്കാനായിരിക്കും ശ്രോതാക്കൾക്ക് പലപ്പോഴും ഇഷ്ടം. സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നവരുമുണ്ട്. കേട്ട ചരിത്രമാണെങ്കിലും പല ശ്രോതാക്കളും മുഷിപ്പ് പ്രകടിപ്പിക്കാതെ കേട്ടിരിക്കും. ഷേക്‌സ്പിയറുടെയും ഷെല്ലിയുടെയുമൊക്കെ വരികൾ ആരംഭത്തിൽ പറയുന്നത് ആളുകളെ പിടിച്ചിരുത്താൻ ഉതകും. അല്ലെങ്കിൽ ഒരു കഥാശകലം തുടങ്ങി സസ്‌പെൻസ് നിലനിർത്തി മറ്റ് വിഷയങ്ങൾ പറയുകയും അവസാനം കഥ പൂർത്തീകരിക്കുകയും ചെയ്യുന്നതും ഏറെ ആകർഷണീയമാകും. ഇങ്ങനെ ഉറുദി വ്യത്യസ്തവും സമ്പന്നവുമാക്കാൻ പല പൊടിക്കൈകളു പലരും പ്രയോഗിക്കാറുണ്ട്.

റമസാൻ സമാഗതമാകുമ്പോൾ ഒരു ഉറുദിക്കാലവും കൂടിയാണ് കടന്നുവരുന്നത്. പ്രഭാഷണ കഴിവ് നേടിയെടുക്കാനുള്ള ത്വരയുമായി അറിവനുഭവങ്ങൾ സമ്മാനിച്ച് ഒരോ നാടും അവിടുത്തെ സംസ്‌കാരവും അറിഞ്ഞുള്ള ഉറുദി സഞ്ചാരം പ്രബോധകന്റെ വളർച്ചയിൽ വലിയ സ്വാധീനമാകുന്നുണ്ട്.

അശ്റഫ് സുറൈജി തോട്ടീക്കൽ • ashrafthottikkal85@gmail.com

Latest