Connect with us

National

ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തി: വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണ്. വിഷയത്തില്‍ ഡി വൈ ചന്ദ്രചൂഡിനൊപ്പം സമിതിയെ കണ്ടിട്ടില്ലെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

കേസിലെ അന്വേഷണം പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ നടത്തിയിട്ടു കാര്യമില്ലെന്നും അങ്ങനെ അന്വേഷണം നടത്തുന്നത് സുപ്രീം കോടതിയുടെ അന്തസ്സിനു കളങ്കം ചാര്‍ത്തുമെന്നും ഇരു ജസ്റ്റിസുമാരും പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. പരാതിക്കാരിക്ക് സ്വന്തം അഭിഭാഷകനെ നിയോഗിക്കാന്‍ അവസരം നല്‍കണമെന്നും അതല്ലെങ്കില്‍ അമിക്കസ് ക്യൂറിയെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചതായും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.

അന്വേഷണത്തിനു കോടതി നിയോഗിച്ച മൂന്നംഗ സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴിയെടുക്കുമ്പോള്‍ തന്നോടൊപ്പം അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും വീഡിയോ, ഓഡിയോ റെക്കോഡിംഗ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും നിഷേധിച്ച സാഹചര്യത്തില്‍ സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പരാതിക്കാരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. നേരത്തെ രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും തനിക്ക് ഇതേവരെ കൈമാറിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Latest