Connect with us

Kozhikode

പൗരാവകാശങ്ങൾ നിഷേധിക്കുന്നത് അനുവദിക്കാനാവില്ല: എസ് എസ് എഫ്

Published

|

Last Updated

 

കോഴിക്കോട്: നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ ഇറക്കുക വഴി സമുദായത്തിനകത്ത് രൂപം കൊണ്ട തീവ്രവാദ വിരുദ്ധ ജാഗരണ ശ്രമങ്ങളെ വഴി തിരിച്ചുവിടാനാണ് എം ഇ എസും ഫസൽ ഗഫൂറും ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് എസ് എസ് എഫ്എസംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

സ്ത്രീകളുടെ വേഷവുമായി ബന്ധപ്പെട്ട ഇസ് ലാമിക നിയമങ്ങൾ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. എം ഇ എസിനും ഇക്കാര്യമറിയാം. പക്ഷേ ഇപ്പോൾ ഈ നിയമം പൊതു സമൂഹത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തുന്നത് പൊതു സമൂഹത്തിലെ ചിലരെ ബാധിച്ച ഇസ്‌ലാം ഭീതി എം ഇ എസിനെയും പിടികൂടിയതു കൊണ്ടാണ്.

ഭീകരപ്രവർത്തനങ്ങളെ ശരിയായ തലത്തിൽ വായിച്ചിരുന്നെങ്കിൽ സലഫിസത്തെ കയ്യൊഴിയുകയായിരുന്നു എം ഇ എസ് വേണ്ടിയിരുന്നത്. പകരം പൊതുബോധങ്ങളെ തിരുത്തുകയും  ക്രിയാത്മക ചർച്ചകളും
ബഹുസ്വരതയും ഉയർത്തുകയും ചെയ്യേണ്ട കാമ്പസുകളെ തീർത്തും അനാവശ്യമായ ചർച്ചകളിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്തിരിക്കുന്നത്.

ലോകം നേരിടുന്ന പ്രധാന ഭീഷണി ഭീകരവാദമാണ്. ഇന്ത്യയടക്കം ലോകരാജ്യങ്ങൾ മുഴുവൻ ആ വിപത്തിനെതിരായുള്ള പ്രതിരോധ ശ്രമങ്ങളിലുമാണ്.
മതത്തിന് തീർത്തും അന്യമായ തീവ്രചിന്താഗതികൾ ഉയർത്തിക്കൊണ്ട് വരികയും വികലവും അപകടകരവുമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സലഫി ചിന്താധാരയാണ് ഇവിടെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്. ഐ എസ് അടക്കം ക്രൂരമായ മനുഷ്യഹത്യകൾക്ക് നേതൃത്വം കൊടുക്കുന്ന ഭീകര സംഘങ്ങൾ സലഫി പാശ്ചാത്തലത്തിലുള്ളവയാണ്.
ഏറ്റവുമവസാനം ശ്രീലങ്കയിലെ ധാരുണമായ ആക്രമണങ്ങൾക്ക് പിന്നിലും സലഫി സംഘടനകൾ സംശയത്തിന്റെ മുനയിൽ നിൽക്കുന്നു.

കേരളത്തിലെ സുന്നി പണ്ഠിത സമൂഹം വർഷങ്ങൾക്ക് മുമ്പേ സലഫിസത്തിന്റെ ഭീഷണികളെ കുറിച്ച് ദീർഘവീക്ഷണം നടത്തുകയും നിരന്തരമായ ബോധവത്കരണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. പരിഷ്കരണങ്ങളുടെ ലേബലിൽ അപകടകരമായ ആശയങ്ങളാണ് സലഫി സംഘടനകൾ വളർത്തുന്നതെന്ന് കേരളത്തിലെ പാരമ്പര്യ മുസ്ലിം പണ്ഠിത സമൂഹം ഒന്നടങ്കം പറഞ്ഞപ്പോഴും സുന്നികളെ അപരിഷ്കൃതരെന്ന് മുദ്രകുത്തി സലഫിസത്തെ രക്ഷിച്ചെടുക്കാനാണ് എം.ഇ.എസ് ശ്രമിച്ചു പോന്നത്.
പുതിയ സാഹചര്യത്തിൽ സലഫികളെ പരസ്യമായി പ്രതിരോധിച്ചു നിൽക്കുന്നതിലുള്ള ജാള്യതയാണ് നിഖാബ് വിവാദത്തിനു പിന്നിലെന്നത് ആർക്കും മനസിലാവും.

സലഫി ചിന്തകൾക്കെതിരെ സമുദായത്തിനകത്ത് രൂപപ്പെടുന്ന കടുത്ത അമർഷത്തെ തണുപ്പിക്കുകയും സലഫികൾക്ക് സുരക്ഷിത കവചമൊരുക്കുകയും ചെയ്യുകയാണ് ഫലത്തിൽ എം.ഇ.എസ്.ചെയ്തിരിക്കുന്നത്.
കേരളീയ സാഹചര്യത്തിൽ തീർത്തും അപ്രസക്തവും നിരുപദ്രവകരവുമായ നിഖാബ് വിഷയത്തെ വിവാദമാക്കുന്നതിലെ താത്പര്യം പൊതു സമൂഹം തിരിച്ചറിയണം. ഒരു തന്ത്രശാലിയായ വിദ്യാഭ്യാസകച്ചവടക്കാർ എന്നതിലപ്പുറം സമുദായത്തിനകത്ത് എം ഇ എസ് പ്രസക്തമേ അല്ല. തീവ്രവാദികളോട് മൃദു സമീപനം പുലർത്തുന്ന എം ഇ എസ് മത വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇസ് ലാമിന്റെ തനിമയാർന്ന സൗന്ദര്യത്തെ ഉൾക്കൊണ്ടു തന്നെ പൊതുബോധത്തെ ചോദ്യം ചെയ്യാൻ വിദ്യ നേടിയ സ്ത്രീകളും പുരുഷന്മാരും നമ്മുടെ നാട്ടിൽ വളർന്നു വരുന്നുണ്ടെന്ന വസ്തുത എം.ഇ.എസ് അധികാരികൾ ഓർക്കുന്നത് നല്ലതാണ് .
തീവ്രവാദ ആശയങ്ങളെ രക്ഷിച്ചെടുക്കുന്നതിന് വിദ്യാർത്ഥികളുടെ പൗരവകാശങ്ങളെ ഹനിക്കാനുള്ള നീക്കം
ശക്തമായ സമരപരിപാടികളിലൂടെ എസ് എസ് എഫ് ചെറുത്തു തോൽപിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു

Latest