Connect with us

International

മസ്ഊദ് അസ്ഹറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാന്‍; സ്വത്തുക്കള്‍ കണ്ടുകെട്ടും

Published

|

Last Updated

ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആഗോള ഭീകരന്‍ മസ്ഊദ് അസ്ഹറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാന്‍. മസ്ഊദിന്റെ സ്വത്തുവഹകള്‍ കണ്ടുകെട്ടാനും പാക് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങുന്നതിനും വിലക്ക് ബാധകമാണ്. ജയ്ഷ്വ മുഹമ്മദ് തലവന് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഈ ആവശ്യത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്ത്യ ആവശ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, വീറ്റോ പവറുള്ള ചൈന യു എന്‍ പ്രത്യേക സമിതിയില്‍ വിഷയം മാറ്റിവെപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടി നീണ്ടുപോയത്.

ബലം പ്രയോഗിച്ച് പ്രമേയം കൊണ്ടുവരാനുള്ള അമേരിക്കന്‍ ശ്രമം യു എന്‍ ഭീകരവാദ വിരുദ്ധ സമിതിയുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ചൈനയുടെ നിലപാട്. എന്നാല്‍ പിന്നീട് ചൈന കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുകയും മുന്‍ നിലപാടില്‍ നിന്ന് പിന്മാറുകയുമായിരുന്നു. ചൈനയും കൂടി പിന്തുണച്ചതോടെയാണ് മസ്ഊദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം പാസായത്.