Connect with us

National

വാരണാസിയില്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തള്ളിയതിനെതിരെ മഹാസഖ്യത്തിന്റെ പ്രതിഷേധം

Published

|

Last Updated

ലക്‌നോ: പ്രധാനമന്ത്രി മോദിക്കെതിരെ വാരണാസിയില്‍ പൊതുസ്ഥാനാര്‍ഥിയായി രംഗത്തെത്തിയ മുന്‍ ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തള്ളിയതിനെതിരെ മഹാസഖ്യത്തിന്റെ പ്രതിഷേധം. പത്രിക തള്ളിയ വരാണാധികാരിയുടെ നീക്കത്തിന് പിന്നില്‍ ബി ജെ പിയാണെന്നും പ്രധാനമന്ത്രിയുടെയും
ബി ജെ പി നേതാക്കളുടെയും സൈനിക സ്‌നേഹം വെറും തട്ടിപ്പാണെന്ന രീതിയിലേക്ക് പ്രചാരണത്തെ മാറ്റാനുമാണ് മഹാസഖ്യത്തിന്റെ തീരുമാനം. ഇതനുസരിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അവര്‍ തുടക്കമിട്ട് കഴിഞ്ഞു.
പത്രിക തള്ളിയ വരാണാധികാരിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തേജിന്റെ നീക്കത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നത് ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് തേജ് യാദവിനെ ബി എസ് എഫില്‍ നിന്ന് അച്ചടക്ക നടപടിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ടത്. എന്തുകൊണ്ടാണ് സൈനികര്‍ക്ക് ഇത്തരം മോശം അവസ്ഥയില്‍ ജോലി ചെയ്യേണ്ടി വരുന്നതെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എപ്പോഴും ദേശീയതയെക്കുറിച്ചും സൈന്യത്തെക്കുറിച്ചും പറയുന്ന ബി ജെ പി ഭരണത്തില്‍ സൈനികരുടെ പുരോഗതിക്കായി എന്താണ് ചെയ്തത്. സൈനികരും അവരുടെ കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വേദനകളെക്കുറിച്ചും ബി ജെ പിക്കാര്‍ക്ക് ഒന്നും അറിയില്ലെന്നും അഖിലേഷ് പറഞ്ഞു.

സൈനികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അടുത്തറിഞ്ഞവനാണ് ഞാന്‍. ഏഴ് വര്‍ഷം പഠിച്ചത് സൈനിക സ്‌കൂളിലാണ്. ഒരു സൈനിക കുടുംബത്തില്‍ നിന്നുള്ളവളാണ് എന്റെ ഭാര്യ. സൈനിക സ്‌കൂളിലെ പഠനകാലത്ത് സഹപാഠികളുടെയും അവരുടെ കുടുംബങ്ങളുടെയും അവസ്ഥകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബി ജെ പി നേതാക്കളില്‍ എത്ര പേര്‍ക്ക് സൈനിക കുടുംബങ്ങളുമായി ബന്ധമുണ്ടെന്നും അഖിലേഷ് ചോദിച്ചു.

വാരണാസിയില്‍ നേരത്തെ ശാലിനി യാദവിനെ സ്ഥാനാര്‍ഥിയാക്കാന്‍ എസ് പി തീരുമാനിച്ചിരുന്നു. എന്നാല്‍ തേജ് ബാഹദൂര്‍ യാദവ് സ്വതന്ത്രനായി പത്രിക നല്‍കിയതോടെ എസ് പി -ബി എസ് പി സഖ്യം അദ്ദേഹത്തിന് പിന്തുണ നല്‍കുകയായിരുന്നു. സൈന്യത്തെയും സൈനിക നടപടികളെയും ബി ജെ പി മുഖ്യപ്രചാരണ വിഷയമാക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ ജവാനായ തേജ് യാദവിന്റെ സ്ഥാനാര്‍ഥിത്വത്തെ വലിയ അവസരമാക്കി മാറ്റാനായിരുന്നു മാഹാസഖ്യത്തിന്റെ തീരുമാനം. ഇതനുസരിച്ചുള്ള പ്രചാരണങ്ങളും തുടങ്ങിയ അവസ്ഥയിലാണ് സ്ഥാനാര്‍ഥിത്വം തള്ളപ്പെടുന്നത്. തേജിന്റെ സ്ഥാനാര്‍ഥിത്വം തള്ളപ്പെട്ടെങ്കിലും ശാലിനി യാദവിന്റെ പത്രിക പിന്‍വലിക്കാത്തതിനാല്‍ മഹാസഖ്യത്തിന് വാരണാസിയില്‍ സ്ഥാനാര്‍ഥിയുണ്ടാകും

Latest