Connect with us

Book Review

അഴിക്കുള്ളിലെ സ്വാതന്ത്ര്യകാഹളങ്ങൾ

Published

|

Last Updated

“പുറത്തുള്ള വലിയ ലോകത്തിന്റെ കൃത്യമായ ഒരു പ്രാഗ്‌രൂപമാണ് ഈ സ്ഥാപനം. ആ വലിയ ലോകത്ത് നിങ്ങൾക്ക് ഒരിക്കൽ നിങ്ങളുടെ സ്ഥാനം കണ്ടെത്താൻ കഴിയും”- അനുസരണയോടെ മുന്നിലിരിക്കുന്ന വലിയ കൂട്ടത്തോട് നഴ്‌സ് റാച്ചഡ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവരിലെത്ര പേർ അതിന്റെ അർഥവും ആഴവും വായിച്ചെടുക്കുമെന്നറിയില്ല. ഇല്ല, അത്ര വീക്ഷണഗതിയുള്ളവരൊന്നും അവർക്കിടയിലുണ്ടാകാനിടയില്ല. കാരണം, അതൊരു ഭ്രാന്താശുപത്രിയായിരുന്നു. നഴ്‌സ് റാച്ചഡിന്റെ അഭിസംബോധിതർ അവിടുത്തെ അന്തേവാസികളാണ്. ഒരു പക്ഷേ അലക്ഷ്യമായും ഭ്രാന്തമായും ജീവിക്കുന്ന തന്റെ ചുറ്റുമുള്ള സമൂഹത്തെ മനസ്സിലിരുത്തിയാകണം കെൻ കെസെ എന്ന വിശ്വസാഹിത്യകാരൻ, “കുരുവിക്കൂടിന് മീതെ പറന്നൊരാൾ” എന്ന നോവലെഴുതുന്നത്. പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ വശ്യതയും കൊണ്ട് വേറിട്ട വായനാനുഭവം സമ്മാനിക്കുകയാണ് ഈ നോവൽ.
അടിമത്വം ആഗ്രഹിക്കാത്തവരെങ്കിലും നാം പലപ്പോഴും വിധേയത്വത്തിന് വഴങ്ങേണ്ടി വന്നവരാണ്. സഞ്ചാര, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണ് അടിമത്വമെന്ന് നിരൂപിച്ചാൽ, ബാഹ്യമായൊരു ശക്തിയുടെ സാന്നിധ്യം അടിമത്വത്തിലുണ്ടാകും. എന്നാൽ, സ്വതാത്പര്യത്തിന്, മറ്റൊരാൾക്ക് മുമ്പിൽ തന്റെ വാക്കും പയറ്റും അടിയറ വെക്കുന്നവൻ ഒരു തരത്തിൽ അടിമ തന്നെ; എപ്പോഴായാലും വിധേയത്വത്തിൽ നിന്ന് ഒളിച്ചോടാൻ സ്വാതന്ത്ര്യമുള്ള അടിമ. ഭ്രാന്താലയത്തിന്റെ മതിലുകൾക്കകത്ത്, റാച്ചഡ് എന്ന നഴ്‌സിന്റെ നിയമങ്ങൾക്കകത്ത് അമർഷങ്ങളും ഈർഷ്യതകളും മറച്ചുവെച്ച് വിധേയത്വജീവിതം നയിക്കുകയാണ് ഭ്രാന്തന്മാരായ ആ അന്തേവാസികൾ. ഒരിക്കൽ അവരിലെത്തിച്ചെരുന്ന ഒരു സ്വാതന്ത്ര്യ കാലത്തിന്റെ നന്മക്ക് വേണ്ടിയാണ് ഇതെല്ലാമെന്ന് റാച്ചഡ് അവരെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ജീവിതത്തിൽ അവർ സംതൃപ്തരാണ്.
നഴ്‌സ് റാച്ചഡിന്റെ നിയമങ്ങളനുസരിച്ച് അധികാരവുമായി/ ഗുരുവുമായി കലഹിക്കാതെ കഴിയുന്ന രോഗികൾക്കിടയിലേക്ക് മക് മർഫി കടന്നു വരുന്നതോടെ നോവൽ/ അവരുടെ ജീവിതം മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയാണ്. അയാൾ കലഹിച്ചു കൊണ്ടിരിക്കുന്ന ഒരാളായിരുന്നു. നഴ്‌സ് റാച്ചഡിന്റെ ഏകാധികാര സ്വഭാവത്തെ അവൻ ആക്രമിച്ചു കൊണ്ടേയിരുന്നു. അവരുടെ നിർദേശങ്ങളെ നിഷേധിച്ചു. അവർ പറയുന്ന നിയമങ്ങളെ കളിയാക്കിക്കൊണ്ടിരുന്നു. തങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഈ നിയമങ്ങളെല്ലാമെന്ന് ബോധ്യം വന്നവർ വരെ മക് മർഫിയുടെ വാക്കുകളിൽ ആകൃഷ്ടരായി നിഷേധങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യത്തെ ഉന്നംവെക്കുക പ്രയാസമെന്നത് പോലെ നഴ്‌സ് റാച്ചഡും സഹപ്രവർത്തകരും അവരെ അടക്കി നിർത്തുന്നതിൽ ഒരു വേള പരാജിതരാകുന്നു. നിയമ ലംഘനങ്ങളും നിഷേധസ്വരങ്ങളും ഇഴുകിച്ചേർന്നത് മക് മർഫിയുടെയും സഹരോഗികളുടെയും വിജയമായിരുന്നു. കഥയുടെ അവസാനം പക്ഷേ നോവലിസ്റ്റ് ഈ വിജയം അധർമമാണെന്ന് പറഞ്ഞ് ഞെട്ടിക്കുന്നുണ്ട്.

ജീവിതം പറയുന്ന നോവൽ

ഭ്രാന്തന്മാരെയും ഭ്രാന്തിനെയും കുറിച്ചുള്ള സംസാരങ്ങൾ വെറും കഥ പറച്ചിലായിരുന്ന ഒരിടത്ത് നിന്ന് ഭ്രാന്തിനെ ഒരു പ്രതീകമാക്കി ഗൗരവതരമായ തലത്തിൽ ലോകം വായിച്ചിട്ടുണ്ട്. ഭ്രാന്തില്ലായ്മയുടെ ഭാഷ ഏറ്റവും ദയാരഹിതമാണെന്നത് ഫൂക്കോയുടെ വചനമാണ്. മനുഷ്യൻ സ്വാർഥനായി ഓടുമ്പോൾ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പൊതു ഭാഷ നഷ്ടപ്പെട്ടത് നമ്മെയും രോഗിയെയും രണ്ട് ലോകമാക്കി മാറ്റുന്നു. അവകാശങ്ങളെ കുറിച്ച് അവർ നിശ്ശബ്ദരാണ്. നോവലിൽ ഭ്രാന്തന്മാരെ ആശുപത്രിയിലെ അന്തേവാസികളിലേക്ക് ചുരുക്കുന്നതിന് പകരം, ജീവിത പ്രതിസന്ധികളിൽ കിടന്നുലയുന്ന സമൂഹത്തിന്റെ മാനസികാവസ്ഥയായാണ് വായിക്കേണ്ടത്.
നോവലുടനീളം കഥ പറച്ചിൽ രീതിയിലാണ്. കഥ പറയുന്ന ഹാർഡിംഗ് തനിക്ക് ചുറ്റും സംഭവിക്കുന്ന സർവതും കേട്ടുകൊണ്ടിരുന്നു. പക്ഷേ, അവർക്കിടയിൽ അയാൾ ബധിരനായിരുന്നു. പ്രതികരിക്കണമെന്നുണ്ടായിരുന്നെങ്കിലും അയാൾ നിശ്ശബ്ദനായി തുടർന്നു. കാരണം അവർക്കിടയിലെല്ലാം അയാൾ മൂകനായിരുന്നു. ജീവിതകാലമത്രയും അയാൾ അഭിനയിച്ചു. അവരിലൊരംഗമാകാതെ ഒച്ചപ്പാടുകളുണ്ടാക്കുന്ന സമൂഹത്തിൽ നിന്ന് അയാൾ ഒളിച്ചു ജീവിച്ചു. സമൂഹത്തിൽ ദുർബലർ അപരവത്കരിക്കപ്പെടുന്നതും അക്രമികൾ രൂപപ്പെടുന്നതും എങ്ങനെയെന്ന് ഇവർ ഓരോരുത്തരും പറഞ്ഞു തരുന്നു. “എന്റെ പ്രവൃത്തികളായിരുന്നില്ല എന്നെ രോഗിയാക്കിയത്, മാരകമായ മൂർച്ചയുള്ള സമൂഹത്തിന്റെ ചൂണ്ടുവിരൽ എനിക്കു നേരെ ചൂണ്ടുന്നു എന്ന തോന്നലാണ്. മാത്രമല്ല, “അപമാനം” എന്ന ദശലക്ഷങ്ങളുടെ ഗംഭീര ശബ്ദം മന്ത്രം പോലെ ആവർത്തിക്കുന്നു. വ്യത്യസ്തനായ ഒരാളെ സമൂഹം കൈകാര്യം ചെയ്യുന്ന രീതി അതാണ്.” തന്റെ രോഗാവസ്ഥയെ കുറിച്ച് ഹാർഡിംഗ് പറഞ്ഞു വെക്കുന്നതിതാണ്. സമൂഹം രോഗികളാക്കുന്ന ദുർബലരുടെ ചിത്രം ഈ നോവൽ നമുക്ക് ഉൾക്കാഴ്ചയേകുന്നുണ്ട്.
പരിവർത്തിതമാകുന്ന, കൈമാറ്റ ബന്ധങ്ങളിലൂടെ വ്യതിചലിച്ച് പോകുന്ന ഒന്നാണ് സംസ്‌കാരം എന്നും, സംസ്‌കാരം എന്ന സംജ്ഞയെ തന്നെ നിഷേധിക്കുന്നവരും കാണാതെ പോകുന്ന മൂല്യത്തോടുള്ള അമൂല്യമായൊരു ചോദ്യമാണ് നോവലിൽ ഒരു കഥാപാത്രം അയാളുടെ ജീവിതത്താളിൽ നിന്ന് ചോദിക്കുന്നത്. നദിയോരത്ത് പാരമ്പര്യ തൊഴിലുകളും മത്സ്യബന്ധനവുമായി കഴിഞ്ഞ ഗോത്രത്തെ കുടിയൊഴിപ്പിക്കുന്നതിന് എന്തു വില നൽകിയും പ്രീണിപ്പിക്കാൻ നോക്കിയവരോട് അവരുടെ തലവൻ ചോദിക്കുന്നത്, “ഒരു മനുഷ്യൻ ജീവിക്കുന്ന രീതിക്ക് എന്ത് വില നൽകാൻ കഴിയും? ഒരു മനുഷ്യൻ എന്താണെന്നുള്ളതിന് എന്ത് വില നൽകാനാകും” എന്നാണ്. സംസ്‌കാരത്തിന്റെ അസ്തിത്വ മൂല്യത്തെ കുറിച്ചുള്ള വലിയൊരു ചോദ്യമായി ഇത് മനസ്സിൽ കോറിയിടും.

അധികാരവും അടിമത്തവും

സ്വന്തത്തിന് മേൽ അധികാര ശബ്ദത്തോടെ സഞ്ചരിക്കുന്ന ഒരാളുണ്ടാകുകയെന്നത്, ആജ്ഞാപിക്കുന്നവന്റെ കീഴ്ക്കാരനായി ജീവിക്കുകയെന്നത് സ്വതവേ മനുഷ്യപ്രകൃതം ഇഷ്ടപ്പെടാത്ത ഒന്നാണ്. ഭ്രാന്താശുപത്രിയിലെ അന്തേവാസികളുടെ മനോഗതിയിലും വീക്ഷണ വിചാരങ്ങളിലും റാച്ചഡ് നഴ്‌സിന് വ്യതിയാനങ്ങളുണ്ടാകുന്നത് മക് മർഫിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ കടന്നുവരവോടെയാണ്. നിലവിലെ വ്യവസ്ഥിതിയിൽ അയാൾ അസ്വസ്ഥനാണ്. ഏകാധിപത്യത്തോട് അസന്തുഷ്ടരായ ജനതയുടെ കലഹിക്കുന്ന രാഷ്ട്രീയമാണ് നോവൽ പറയുന്നത്. ഒരു ജനതയെ ഭ്രാന്തരാക്കി വാഴുന്ന അധികാരത്തോടുള്ള കലഹമാണതിൽ. എങ്കിലും, അധികാരത്തിനെതിരെ ശബ്ദിച്ചവർ അടിച്ചമർത്തപ്പെടുമെന്നത് ഒരു യാഥാർഥ്യമാണ്. സമകാലിക ഫാസിസ്റ്റ് ഭരണരാഷ്ട്രീയത്തെ അടിച്ചമർത്തലിന്റെ, എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്നതിന്റെ രാഷ്ട്രീയത്തെ മക് മർഫിയുടെ ജനതയിലൂടെയും റാച്ചഡ് നഴ്‌സെന്ന അധികാര കേന്ദ്രത്തിലൂടെയും നമുക്ക് വായിച്ചെടുക്കാനാകും.
ഭ്രാന്താലയത്തിൽ പ്രത്യേക ശിക്ഷാരീതികളായിരുന്നു. അന്തേവാസികളോരോരുത്തരും തങ്ങൾ കാൺകെ മറ്റുള്ളവർ ചെയ്യുന്ന അച്ചടക്ക ലംഘനങ്ങൾ എഴുതി പെട്ടിയിൽ നിക്ഷേപിക്കുകയും ആഴ്ചയിലൊരിക്കൽ നടക്കുന്ന പൊതു യോഗത്തിൽ അവരുടെ തെറ്റുകൾ നഴ്‌സ് പരസ്യമാക്കുകയും ശിക്ഷകൾ പരസ്യമായി തന്നെ നടപ്പാക്കുകയും ചെയ്യുന്നു. അമർഷങ്ങൾ അടക്കിവെച്ച് അനുഭവിക്കാനായിരുന്നു അവരുടെ വിധി. വർഷങ്ങളോളമുള്ള ഈ അടിച്ചമർത്തലിൽ അതൃപ്തരായിരുന്നു അവർ. പക്ഷേ, പ്രകടിപ്പിക്കാൻ അവർ ഭയപ്പെട്ടു. ക്രമേണ ആ ഭയം സ്വയം അശക്തരാണ് എന്ന ബോധത്തെ അവരിൽ രൂപപ്പെടുത്തി. അധികാരത്തിനെതിരെ ശബ്ദിക്കാൻ മാത്രം ശക്തരല്ല തങ്ങൾ എന്ന ബോധം അവരെ എന്നേക്കുമായി നിശ്ശബ്ദരാക്കുകയായിരുന്നു. ഭരണകൂടം നിശ്ശബ്ദരാക്കി ഭരിക്കുന്ന ഒരു ജനതയുടെ വികാരമാണത്. റാച്ചഡ് നഴ്‌സ് അവർക്കായി നിർമിച്ച ആ നിയമങ്ങളെ ലംഘിക്കുന്നവർക്ക് ഷോക്ക് ചികിത്സയാണ് നൽകുക. എല്ലാവരും ഒരേ ഭയത്തോടെ ആ ഭീകര ശിക്ഷയെ കണ്ടതുകൊണ്ട് തന്നെ അവരെല്ലാം ഭരണത്തിന് കീഴിൽ നിശ്ശബ്ദരായി. ഭയം അവരെ ഭരിച്ചു.

അവസാനം ധാർമികതയെയാണ് നോവൽ മുന്നോട്ട് വെക്കുന്നത്. അതുവരെയുള്ള ആശയഗതികളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് അവസാന ഭാഗം. സ്വാതന്ത്ര്യത്തിനായി സമരം നടത്തിയും നഴ്‌സ് റാച്ചഡിന്റെ കണ്ണുവെട്ടിച്ച് പോയും അവരിലൊരു കൂട്ടം എത്തിച്ചേരുന്നത് വേശ്യാവൃത്തിയിലേക്കാണ്. നഴ്‌സ് റാച്ചഡിന്റെ വാക്കുകളും നിർദേശങ്ങളും അവിടെ മൂല്യവത്തായി വായനക്കാരന് ബോധ്യപ്പെടുകയാണ്. വൈരുധ്യമായ ഒന്നിലേറെ ആശയങ്ങൾ കെൻ കെസെ നോവലിൽ അവതരിപ്പിക്കുന്നു. ഗുരുനിർദേശങ്ങൾ നിഷേധിക്കുന്ന സമൂഹത്തിന്റെ ധാർമിക അധഃപതനവും ഏകാധിപത്യ ഭരണാധികാരിയുടെ കൽപ്പനകൾ നിരസിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അധികാരത്തിനെതിരെ ശബ്ദിച്ചവർ പുറത്താക്കപ്പെടുമെന്നും തുടങ്ങി വൈരുധ്യങ്ങളായി, ചേർത്ത് വായിക്കാനാകാത്ത, പൂർണമായും ഒരൊറ്റ ആശയ സംവേദനത്തിൽ നിന്നുകൊണ്ട് സംസാരിക്കാനാകാത്ത ഒരവിസ്മരണീയ അനുഭവം സാധ്യമാക്കുന്നുണ്ട്. വിവർത്തിത നോവലാണെങ്കിലും പരിഭാഷകന്റെ മികവിൽ വായന അനുഭവമാകുന്നു. എസ് ശ്രീനിവാസൻ ആണ് വിവർത്തനം ചെയ്തത്. പ്രസാധനം: ഡി സി. വില: 325 രൂപ.
.