Connect with us

Kozhikode

ഭീകരർ മാനവരാശിയുടെ പൊതുശത്രുക്കൾ: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം കോഴിക്കോട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇസ്‌ലാമും ഭീകരതയും ഇരുധ്രുവങ്ങളിലാണെന്നും ഭീകരത എല്ലാ നിലക്കും പരാജയപ്പെടുത്തേണ്ടതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
അറബി നാമവും മുസ്‌ലിം വേഷവിധാനവും കൊണ്ട് മതചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ദുശ്ശക്തികൾ. ഭീകരർക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

നിരപരാധികളായ മനുഷ്യരെ അരുകൊല ചെയ്യുന്ന ചാവേറുകൾ യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ ശത്രുക്കളും മതത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തുന്ന ദുഷ്ട ശക്തികളുമാണ്. ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ശ്രീലങ്കൻ ഭരണകൂടത്തിന്റെ ആശ്വാസ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണം. ഭീകരത ലോകത്ത് നിന്ന് തുടച്ചുനീക്കാനായി അന്തർദേശീയ കൂട്ടായ്മ രൂപപ്പെടുത്താൻ ലോക രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങളുടെ പേരിൽ സാധാരണക്കാരായ മുസ്‌ലിംകളെ അപായപ്പെടുത്താനുള്ള നീക്കം ലങ്കൻ സർക്കാർ ജാഗ്രതയോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രാസ്ഥാനിക പ്രവർത്തനം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അയ്യായിരം യൂനിറ്റുകളിൽ ദഅ്‌വാ മിഷൻ രൂപവത്കരിക്കാനും അതിലൂടെ അഞ്ച് ലക്ഷം പ്രവർത്തകർക്ക് സമഗ്ര പരിശീലനം നൽകാനും പദ്ധതികൾ ആവിഷ്‌കരിച്ചു.

മിഷന്റെ ഭാഗമായി വ്യപാരികൾ, വ്യവസായികൾ, പ്രൊഫഷനലുകൾ, പ്രൊഫഷനൽ വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ എന്നിവരെ പ്രത്യേകം സംഘടിപ്പിച്ച് പ്രസ്ഥാനവൃത്തം ശക്തിപ്പെടുത്തും.
ആത്മീയ ചിന്തയും ആത്മസംസ്‌കരണവും ലക്ഷ്യംവെച്ച് അയ്യായിരം കേന്ദ്രങ്ങളിലേക്ക് മഹ്‌ളറത്തുൽ ബദ്‌രിയ്യ വ്യാപിപ്പിക്കും. സമൂഹത്തിൽ അവശ ജനവിഭാഗങ്ങളുടെ കുടിവെള്ളം, ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുന്നതിന് ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കും.

ഇതിന്റെ ഭാഗമായി ദാറുൽഖൈർ ഭവന പദ്ധതി, സ്‌കോളർഷിപ്പ്, ക്ഷേമനിധി, വിധവാപെൻഷൻ, സാന്ത്വന കേന്ദ്രം, സന്നദ്ധ സേവനം മുതലായവ വിപുലപ്പെടുത്തും. വിദ്യാഭ്യാസ- തൊഴിൽ മേഖലയിലെ സാമുദായിക മുന്നേറ്റത്തിന് സമഗ്രമായ പദ്ധതികൾ നടപ്പാക്കുകയും പ്രാസ്ഥാനിക വിദ്യാഭ്യാസ- തൊഴിൽ മേഖലയിലെ സമഗ്ര പരിശീലനത്തിന് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുകയും ചെയ്യും. ദേശീയ തലത്തിൽ മുസ്‌ലിം ജമാഅത്ത് വ്യാപിപ്പിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ അബ്ദുറഹ്‌മാൻ ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, സി പി സൈതലവി മാസ്റ്റർ, പ്രൊഫ. യു സി അബ്ദുൽ മജീദ്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, അഡ്വ: എ കെ ഇസ്മാഈൽ വഫ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് മാസ്റ്റർ, ജി അബൂബക്കർ, വി പി എം ഫൈസി വില്യാപ്പള്ളി, മുസ്തഫ മാസ്റ്റർ കോഡൂർ, അബ്ദുറഹ്‌മാൻ സഖാഫി ഊരകം, അഡ്വ: പി യു അലി, സി എ ഹൈദ്രോസ് ഹാജി, ഡോ: ഇല്യാസ് കുട്ടി, അശ്‌റഫ് ഹാജി അലങ്കാർ പ്രസംഗിച്ചു.

എൻ അലി അബ്ദുല്ല സ്വാഗതവും എ സൈഫുദ്ദീൻ ഹാജി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest