മലിനീകരണ ചട്ടത്തില്‍ മാറ്റം; മാരുതി ജനപ്രിയ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കുന്നു; ഡീസലില്‍ ഇനി സിയാസ് മാത്രം

Posted on: April 25, 2019 6:14 pm | Last updated: April 25, 2019 at 9:55 pm

മുംബൈ: മാരുതി സുസുക്കിയുടെ 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിനോട് കൂടിയ കാറുകള്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വിപണിയിലറങ്ങില്ല. 2020 ഏപ്രിലില്‍ ഭാരത് സ്റ്റാന്‍ഡേര്‍ഡ് 6 (ബിഎസ് 6) മലിനീകരണ ചട്ടത്തിലേക്ക് മാരുതി മാറുന്നതാണ് ഇതിന് കാരണം. ഇതൊടൊപ്പം പെട്രോള്‍ എന്‍ജിനോട് കൂടിയ കാറുകള്‍ക്കായിരിക്കും മാരുതി ഇനി പ്രാമുഖ്യം നല്‍കുക. മാരുതിയുടെ 16 പെട്രോള്‍ മോഡലുകള്‍ ബിഎസ്6-ലേക്ക് മാറ്റുവാനാണ് പദ്ധതി. ഇതോടെ സിയാസ് ഒഴികെയുള്ള മാരുതിയുടെ മുഴുവന്‍ ഡീസല്‍ കാറുകളും ഷോറൂമുകളില്‍ നിന്ന് അപ്രത്യക്ഷമാകും.

മാരുതി സ്വിഫ്റ്റ്, ബലാനോ, ഡിസൈര്‍, വിതാര ബ്രസ, എസ് ക്രോസ് കാറുകളാണ് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനോട് കൂടി വിപിണിയിലിലുള്ളത്. ഈ കാറുകളുടെ പെട്രോള്‍ മോഡലുകൾ മാത്രമാകും 2020 ഏപ്രില്‍ മുതല്‍ വിപണിയിലുണ്ടാകുക. ഇതില്‍ വിതാര ബ്രസ്സ, എസ് ക്രോസ് എന്നിവക്ക് നിലവില്‍ പെട്രോള്‍ വകഭേദമില്ല. വിതാര ബ്രസ്സയുടെ പെട്രോള്‍ മോഡല്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എസ് ക്രോസിനെ സംബന്ധിച്ച് ഇപ്പോള്‍ കമ്പനി പ്രതികരിച്ചിട്ടില്ല.

ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6ലേക്ക് മാറ്റുന്നതിന് വലിയ ചെലവ് വരുമെന്നതാണ് ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കാന്‍ മാരുതിയെ പ്രേരിപ്പിക്കുന്നത്. അടുത്ത ഏപ്രില്‍ മുതല്‍ ബിഎസ് 6 നിലവാരത്തിലുള്ള മലിനീകരണ ചട്ടം ഇന്ത്യയീല്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമാണ ഈ മാറ്റമെല്ലാം.

മാരുതി അടുത്തിടെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിച്ചിരുന്നു. സിയാസിലാണ് ഈ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ ഡീസല്‍ എന്‍ജിന്‍ തുടരുമെന്നാണ് ഇപ്പോള്‍ കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിഎസ് 4 മാനദണ്ഡമുള്ള ഡീസല്‍ എന്‍ജിനുകളുടെ ഉത്പാദനം ഈ ഡിസംബറില്‍ തന്നെ അവസാനിപ്പിക്കും. ബിഎസ് 4 പെട്രോള്‍ എന്‍ജിനും ഇതോടൊപ്പം നിര്‍ത്തും.