Connect with us

Eranakulam

ആത്മവിശ്വാസത്തോടെ സി പി എം, "തരംഗ' സാധ്യത വിലയിരുത്തി യു ഡി എഫ്

Published

|

Last Updated

കൊച്ചി: വിധിയെഴുത്തിന് ശേഷമുള്ള വിലയിരുത്തലിൽ ഇടതു ക്യാമ്പ് തികഞ്ഞ വിജയ പ്രതീക്ഷ പുലർത്തുമ്പോൾ സംസ്ഥാനമാകെ തങ്ങൾക്കനുകൂലമായി തരംഗമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. പോളിംഗ് പൂർത്തിയായതിന്റെ തൊട്ടുപിറകെ തന്നെ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലുമുള്ള ബൂത്ത് തല കണക്കുകൾ സി പി എം ശേഖരിച്ചിരുന്നു.
രാത്രി തന്നെ ഓരോ ബൂത്തിലും തങ്ങൾക്കനുകൂലമായും പ്രതികൂലമായും വീണ വോട്ടുകളുടെ കണക്ക് വിവരം മേൽക്കമ്മിറ്റികൾക്ക് നൽകിയിരുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള കണക്കുകളുടെ പ്രാഥമിക വിശകലനം ഇന്നലെ നടത്തുകയും ചെയ്തു. കോൺഗ്രസിന്റെ താഴെ തട്ടിലുള്ള കമ്മിറ്റികൾ വഴി ശേഖരിച്ച കണക്കുകൾ ഇന്ന് മണ്ഡലം കമ്മിറ്റികൾക്ക് മുമ്പിലെത്തും. മണ്ഡലാടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനത്തിന്റെ പശ്ചാത്തലത്തിൽ തരംഗ സാധ്യതയാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്. ബി ജെ പിയും അവർ ജയസാധ്യത വിലയിരുത്തുന്ന മണ്ഡലങ്ങളിൽ കണക്കെടുപ്പു തുടങ്ങിയിട്ടുണ്ട്.

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകൾ ശേഖരിച്ച് വിജയസാധ്യത വിലയിരുത്താൻ സി പി എമ്മിന്റെ നേതൃയോഗങ്ങൾ അടുത്ത ദിവസം നടക്കും. ഭൂരിപക്ഷ- ന്യൂനപക്ഷ വോട്ടുകളിൽ എൽ ഡി എഫിന് പ്രതീക്ഷയുമുണ്ട്. പ്രാഥമിക വിലയിരുത്തലിൽ തികഞ്ഞ ആത്മവിശ്വാസമാണ് സി പി എം വെച്ചു പുലർത്തുന്നത്. യാതൊരു തരത്തിലുമുള്ള വിവാദങ്ങൾക്കിട നൽകാതെ മുന്നണിയുടെ പ്രവർത്തനം ഒറ്റക്കെട്ടായി നടത്താനായെന്നത് വിജയസാധ്യത കൂട്ടുന്നുവെന്നാണ് ഇടത് ക്യാമ്പിലെ കണക്കുകൂട്ടൽ. വർഗീയതയുമായി സന്ധി ചെയ്ത് വിചിത്ര സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ജനങ്ങൾ യു ഡി എഫിനെ ശിക്ഷിച്ച അനുഭവമാണ് കേരളത്തിന്റേതെന്ന വിലയിരുത്തലും സി പി എം നേതൃത്വം വ്യക്തമാക്കുന്നുമുണ്ട്.

അതേസമയം കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി തന്നെ കേരളത്തിൽ മത്സരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് യു ഡി എഫ് തരംഗം ഉണ്ടാകുമെന്ന് തന്നെയാണ് യു ഡി എഫിന്റെ പ്രാഥമിക വിലയിരുത്തൽ.
കേരളത്തിൽ മൂന്നിടങ്ങളിൽ അക്കൗണ്ട് തുറക്കാനുള്ള എല്ലാ പശ്ചാത്തലവുമുണ്ടെന്ന് സംഘ്പരിവാറിന്റെ ബുദ്ധികേന്ദ്രങ്ങളും ബി ജെ പി കേന്ദ്ര നേതൃത്വവും ഒരുപോലെ വിലയിരുത്തിയെങ്കിലും തിരുവനന്തപുരത്ത് മാത്രമാണ് അവർ പ്രതീക്ഷ പുലർത്തിയിരുന്നത്. എന്നാൽ തിരുവനന്തപുരത്തും കാലിടറുമോയെന്ന ആശങ്ക ഇവരുടെ നേതാക്കൾക്കിടയിൽ നിന്നു തന്നെയുയരുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest