Connect with us

Ongoing News

മഹാനഗരത്തിലെ കഥപറയും തട്ടുകട

Published

|

Last Updated

ഏകദേശ ഭാവനയിൽ നൂറനാടാണ് “തങ്കപ്പ”ന്റെ സ്വദേശം. അന്നം പിഴക്കാൻ നാടിനൊത്ത് നാവ് പിഴച്ചതാണത്രെ. ഒടുവിൽ ആ പേരും ചേറും ചെളിയും പോലെ ജീവിത പരാധീനതകളിൽ കലർന്നുവെന്നതും പച്ചപ്പരമാർഥം. യഥാർഥ പേര് ഹനീഫയെന്നാണ് ഓർമ. നിസ്‌കാരം മുടക്കാറില്ല. കച്ചവടം മലയാളികൾക്കിടയിൽ പൊടിപൊടിക്കാനുള്ള പൊടിക്കൈ ആണത്രെ. “ദേഹ കടുംപിടുത്തത്തിലും സമ്പാദ്യം അരാശം മാത്രമാണ് സാറേ”- ഇതാണ് “തങ്കപ്പ”ന്റെ നിലപാട്.

ചുറുചുറുക്കുള്ള മധ്യവയസ്‌കൻ, പക്ഷേ…

കാഴ്ചയിൽ അരോഗദൃഢഗാത്രൻ. പക്ഷേ രണ്ട് കാലുകളും കവുങ്ങിൻ തടി പോലെ വണ്ണം വച്ചിരിക്കുന്നു; മന്താണ്. ചെറുപ്പകാലത്തില്ലായിരുന്നു. തങ്കപ്പനതൊന്നും വകവെക്കുന്നില്ല. ജീവിതമൊരു ആൾമാറാട്ടമല്ല. കഷ്ടദുരിതങ്ങളെ തരണം ചെയ്യാൻ വിവിധതരം മുഖംമൂടികളണിയുന്നു. പ്രാരാബ്ധമേറിയ കുടുംബം പുലർത്താനല്ല ഇപ്പോഴത്തെ തങ്കപ്പന്റെ തകർപ്പൻ തട്ടുകട. ശീലങ്ങളുടെ മേളം. കാശില്ലാതെ മഹാനഗരമായ മുംബൈയിൽ അന്തിയുറങ്ങാൻ പ്രയാസം. അരിഷ്ടിച്ചുള്ള നിത്യവൃത്തിക്ക് പണം കണ്ടെത്തിയാൽ പോരാ; മരുന്ന്, ഉടുപട അങ്ങനെ… തലചായ്ക്കാനൊരിടത്തെ പറ്റി മാത്രം തങ്കപ്പന് അശേഷം ചിന്തയില്ല. എവിടെ കിടന്നാലും ഉറക്കം വരും. കുശാലായ ശാപ്പാടും കുളിയും തരപ്പെട്ടാൽ കൂർക്കം വലി അസ്സലാകും. കാഴ്ചയിൽ തെരുവുമക്കളുടെ ജീവിതം നയിക്കുന്ന ചുറുചുറുക്കുള്ള മധ്യവയസ്‌കന് എണ്ണിയാൽ തീരാത്ത ആധികളാണ്. ആസ്ത്മ, ഹൃദ്രോഗം മുതലായ “ആസ്തി”കൾക്കൊപ്പം ഈയിടെ അപസ്മാരത്തിന്റെ കുടച്ചിലും കടച്ചിലുമുണ്ട്. സന്ധിനൊമ്പരം ഏറിയാൽ കച്ചവടം നിർത്തുന്നതാണ് പതിവ്. വേറെ ഗത്യന്തരമില്ല. തെരുവ് പട്ടികൾക്ക് എച്ചില് കൊടുക്കുന്ന ഉദാരമനസ്‌കത പണ്ടേയുണ്ട്. അതുകണ്ടവരാണ് രോഗചികിത്സകളും പ്രതിവിധികളും ആളറിയിച്ചെത്തുന്നത്. പാവം തോന്നി. മനുഷ്യർക്ക് തന്റെ മുഖം കാണുന്നത് ചെകുത്താന് തുല്യമാണെന്ന് തങ്കപ്പൻ വ്യസനപ്പെടുന്നു. പക്ഷേ പരോപകാരം പഥ്യമാണ്. ആട്ടും തുപ്പും മേട്ടും തരുന്നവരോട് അകലം കണ്ടാണ് അടുക്കാറുള്ളത്.

പൊടിമീശക്കാലത്ത്
ആർതർ ജയിലിൽ

ആറേഴ് വയസ്സുള്ളപ്പോൾ നാടുവിട്ടതാണ്. വീട്ടിലെ പൊരുത്തക്കേടുകൾ നല്ല ഓർമയില്ല. മറുനാട്ടിലും പഠിക്കാനും കണ്ടുപിടിക്കലിനും സമർഥനായിരുന്നു. തട്ടുകടയിൽ കൂലിവേല ചെയ്തുകൊണ്ടിരിക്കെ കിത്താബ് പഠിത്തം കലശലായിരുന്നു. അതു നിരീക്ഷിച്ച ഒരു ബേബിച്ചായൻ ഇഷ്ടനെ നോട്ടമിടുക മാത്രമല്ല, പ്രലോഭനമെയ്ത് റാഞ്ചുകയും ചെയ്തു. സംഗതി ഫുൾ ഗോളായിരുന്നു. വർളി പാസ്‌പോർട്ട് ഓഫീസായി ചുറ്റളവ് കേന്ദ്രം. അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുക. വയറ്റുപ്പിഴപ്പിനൊപ്പം പരിചയങ്ങളും തകൃതിയായി. സിനിമാ നടി മീനാക്ഷി ശേഷാദ്രിയുമായി വരെ അല്ലറചില്ലറ അടുപ്പം. അന്നവരുടെ നല്ലകാലമായിരുന്നു. കിളുന്തു പയ്യൻ ആ തണലിൽ വളർന്നു. അതിനിടെ, വാഹനമിടിച്ച് ബേബിച്ചായൻ ജീവിത കളമൊഴിഞ്ഞു.

അപ്പോഴായിരുന്നു ആദ്യത്തെ താളപ്പിഴ. വ്യാജ പാസ്‌പോർട്ടിന് സൗകര്യമൊരുക്കിയെന്ന പേരിൽ പോലീസ് പിടികൂടി. മാത്രമല്ല, പ്രായപൂർത്തിയായതിന് രേഖകളില്ല. പൊടിമീശ പോരല്ലൊ. തൊഴുത്തിൽ നിന്നു തന്നെയാണ് കുത്തുകിട്ടിയത്. കുറഞ്ഞ ചെലവിൽ മലയാളികളെ പ്രത്യേകിച്ചും പരിഗണനക്കപ്പുറം സേവിച്ചതിനും സുഖിപ്പിച്ചതിനുമുള്ള “കൂലി”. നിലനിൽപ്പ് കള്ളിതെറ്റി. ശിക്ഷ കഠോരമായിരുന്നു. ആർതർ ജയിലിന്റെ ചുറ്റുവട്ടത്തപ്പഴും ബ്രിട്ടീഷ് വാഴ്ച കുടിയിരിക്കുന്ന ക്രൂരത. നൂറനാട് ഹനീഫയുടെ രചനകൾ പിറക്കാനുള്ള വേദിയായി ജയിൽ. അപ്പോൾ ബാല്യക്ഷേമ പരിഷത് പ്രവർത്തകർ സഹായത്തിനെത്തി. പുറംലോകം കണ്ടതും പേരൊന്ന് മാറ്റി, തട്ടകവും. ഇക്കുറി കൈവേല, സ്വീപ്പർ കോൺട്രാക്ടർ. അല്ലലില്ലാതെ നീങ്ങവെ മോഷണക്കേസിൽ കുടുങ്ങി. പിഴയും ശിക്ഷയും അടച്ച് ഇറങ്ങിയ ശേഷമാണ് ആ കേസിലെ യഥാർഥ കുറ്റവാളിയെ പിടികൂടിയത്. തലവിധിയെന്ന് കരുതി. പാരിതോഷികം പറ്റാതെ ജോലിക്കിറങ്ങിയതിന് കിട്ടിയ കൂലിവേല. അപ്പോൾ ശാന്തകുമാർ, മാർട്ടിനായി. വൈകാതെ, ദാദർ സ്റ്റേഷനിൽ കുടുങ്ങി. ജീവൻമരണ പോരാട്ടത്തിൽ അനധികൃത കൂലിയെ ചുവപ്പന്മാർ ട്രാക്കിലേക്ക് ഉന്നംവെച്ച് തള്ളിയിട്ടു. തീവണ്ടി വരുന്ന ട്രാക്കിലാണ് വീണത്. മരണം നേർക്കുനേർ കണ്ടു. പക്ഷേ ഏതാനും വാര അകലെ ട്രെയിൻ കുലുങ്ങി നിന്നു. ആത്മഹത്യാശ്രമത്തിന് കുറ്റം ചുമത്തപ്പെട്ടു. വീണ്ടും പോലീസ്, ജയിൽ, വിചാരണ. ഒടുവിൽ ഊരിപ്പോന്നു.

ജയിലിലെ പാചകം തുണയായി

അങ്ങനെ അലച്ചിലിനൊടുവിൽ ഒരു പോലീസുകാരൻ തട്ടുകട പദ്ധതി മനസ്സിലേക്കിട്ടുകൊടുത്തു. “പണിയെടുത്ത് മാന്യമായി ജീവിക്കെടാ, കാലുള്ളവൻ തെണ്ടാൻ നടക്ക്ണൂ” എന്ന നിർദേശവും കിട്ടി. സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച ലൊഡക്ക സൈക്കിൾ അദ്ദേഹം വലിച്ചെടുത്തുതന്നു. പിന്നെ മേലുംകീഴും ചിന്തിച്ചില്ല. തടവിലായിരിക്കെ, പാചകം നന്നായി പരിശീലിച്ചിരുന്നു. ദോശ, മസാലദോശ, നെയ്‌റോസ്റ്റ് ഇങ്ങനെ വ്യത്യസ്ത വിഭവങ്ങൾ ഓർഡർ അനുസരിച്ച് വിറ്റു. ഇഡ്ഡലി ചെമ്പ് തന്ന ഹോട്ടലുകാരനും സ്റ്റൗ സംഘടിപ്പിച്ച മുനിസിപ്പൽ ജീവനക്കാരനും കടപ്പാട് പട്ടികയിലെ ആദ്യ വരിയിലുണ്ട്. സൈക്കിൾ സ്റ്റാൻഡിൽ ഈ വക ഉപകരണങ്ങളെല്ലാം വേണ്ടവിധം ഘടിപ്പിച്ചാൽ ലൈസൻസില്ലാതെ തട്ടിക്കൂട്ടാം. വലിയ വിറ്റുവരുമാനമൊന്നും പ്രതീക്ഷയില്ല. ശരീരത്തിനും മനസ്സിനും വലിയ സ്വസ്ഥതയില്ല. തങ്കപ്പൻ എന്നത് വേറൊരു പേരാണെങ്കിലും പച്ച പിടിക്കട്ടെ. ഇപ്പോൾ “ഹഫ്ത്ത” ചോദിക്കാത്ത പോലീസ് പോലും ഭക്ഷണം കഴിച്ചാൽ തുട്ടു തരും. എന്നാലും, കച്ചവടം പൊടിപൊടിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിന്റെ കനൽത്തരി മനസ്സിലുണ്ട്.

ചേറൂക്കാരൻ ജോയ് • ചേറൂക്കാരൻ ജോയ്

Latest