കോണ്‍ഗ്രസ് വൃത്തികെട്ട കളി നടത്തി: കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായില്ല- പി ജയരാജന്‍

Posted on: April 24, 2019 11:15 am | Last updated: April 24, 2019 at 1:25 pm

വടകര: ഒരു വിഭാഗം ആര്‍ എം പി പ്രവര്‍ത്തകരുടെ വോട്ടുകള്‍ വടകരയില്‍ എല്‍ ഡി എഫിന് ലഭിച്ചതായി പി ജയരാജന്‍. തനിക്കെതിരെ വൃത്തികെട്ട കളികളാണ് കോണ്‍ഗ്രസ് വടകരയില്‍ കളിച്ചത്. വ്യക്തിഹത്യ മാതമായിരുന്നു പ്രചാരണ ആയുധം. കൊലപാതക രാഷ്ട്രീയം പോളിംഗ് ശതമാനം വര്‍ധനവിന് കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ ഉയര്‍ന്ന പോളിംഗ് സംബന്ധിച്ച് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊലപതാക രാഷ്ട്രീയത്തിന് പകരം ദേശീയ രാഷ്ട്രീയമാണ് വടകരയില്‍ ചര്‍ച്ചയായത്. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ആശങ്കയുള്ള വോട്ടര്‍മാര്‍ വലിയ തോതിലാണ് പോളിംഗ് ബൂത്തിലെത്തിയത്. അക്രമണങ്ങളും വര്‍ഗീയതയും മാത്രമുള്ള അഞ്ച് വര്‍ഷത്തെ മോദി ഭരണത്തെ പുറത്താക്കാന്‍ ജനം ആഗ്രഹിക്കുകയായിരുന്നു. ഇതാണ് പോളിംഗ് വര്‍ധനവിന് കാരണം. വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ തനിക്കെതിരെ പല വ്യക്തിഹത്യ പ്രാചരണങ്ങളും നടന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കിടയില്‍ തന്നെ ആര്‍ എം പിയുടെ വനിതാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തു. അതിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുയകാണ്.

എന്നെ കേസില്‍ പ്രതിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെ കേസില്‍ പ്രതിയായിട്ട് കോടതിയില്‍ കയറേണ്ട അവസ്ഥയാണ്. യു ഡി എഫ് പ്രചരിപ്പിച്ച ചില നോട്ടീസുകള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് കടകവിരുദ്ധമായിട്ടുള്ള കാര്യമാണ്. അതുവെച്ച് നിയമനടപടി തുടരുമെന്നും ജയരാജന്‍ പറഞ്ഞു.