Connect with us

Kerala

വടകരയിലെ കനത്ത പോളിംഗ്: അവകാശത്തിനൊപ്പം മുന്നണികള്‍ക്ക് ആശങ്കയും

Published

|

Last Updated

വടകര: കടത്തനാടന്‍ മണ്ണിലെ ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാണെന്ന അവകാശവാദവുമായി യു ഡി എഫും എല്‍ ഡി എഫും. 82.48 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. പരമ്പരാഗത കണക്കുകള്‍ നിരത്തി ഇരു മുന്നണിയും വിജയാവകാശം ഉന്നയിക്കുമ്പോഴും അടിയൊഴുക്ക് സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ആശങ്കയും പങ്കുവെക്കുന്നു.
ഉയര്‍ന്ന പോളിംഗ് മുരളീധരന്റെ വിജയം ഉറപ്പാക്കിയതായി യു ഡി എഫ് പറയുന്നു.

കഴിഞ്ഞ തവണ 81.4 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഏഴ് അസംബ്ലി മണ്ഡലത്തില്‍ അഞ്ചിലും മേല്‍കൈ നേടിയത് യു ഡി എഫിയിരുന്നു. ആ ട്രന്റ് ഇത്തവണയും ഉണ്ടായെന്നും വയനാട്ടില്‍ രാഹുല്‍ മത്സരിച്ചതിന്റെ അലയൊലികള്‍ വടകരയില്‍ പ്രകടമായിരുന്നെന്നും ഇവര്‍ പറയുന്നു. യു ഡി എഫ് ഉയര്‍ത്തിക്കൊണ്ടുവന്ന കൊലപാതക രാഷ്ട്രീയ ചര്‍ച്ചയും കേന്ദ്രത്തില്‍ മോദിയെ പുറത്താക്കാനുള്ള ജനങ്ങളുടെ പൊതുവികാരവും യു ഡി എഫിന് മികച്ച വിജയം സമ്മാനിക്കുമെന്നും ഇവര്‍ പറയുന്നു. ലീഗ് കേന്ദ്രങ്ങളായ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നല്ല പ്രതികരണമുണ്ടായെന്നാണ് യു ഡി എഫ് വിലയിരുത്തല്‍. പി ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ബി ജെ പിയില്‍ നിന്ന് ചില ക്രോസ് വോട്ടിംഗും ഉണ്ടായതായി ഇവര്‍ രഹസ്യം പറയുന്നു. എന്നാല്‍ കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ യു ഡി ഫ് വലിയ പ്രതീക്ഷവെക്കുന്ന കേന്ദ്രങ്ങളെക്കാള്‍ മറ്റ് മണ്ഡലങ്ങളുടെ അത്ര പോളിംഗ് എത്താത്തതില്‍ ചില ആശങ്കയും ഇവര്‍ക്കുണ്ട്.

തലശേരി, കൂത്തുപറമ്പ്, പേരാമ്പ്ര മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗില്‍ വടകര തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇടത് കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളില്‍ ഇടത് വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. ആര്‍ എം പിയും ജമാഅത്തെ ഇസ്ലാമിയുമെല്ലാം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നെങ്കില്‍ ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണ ഏറെ സഹായകരമായെന്നാണ് എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു. വടകരയിലും കൂത്ത്പറമ്പിലും ലോക്താന്ത്രിക് ദള്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. ബി ജെ പി വോട്ടുകളില്‍ കാര്യമായ ചോര്‍ച്ച
യുണ്ടായില്ലെങ്കില്‍ ജയരാജന്‍ വലിയ വിജയം നേടുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു.

എന്നാല്‍ തങ്ങളുടെ വോട്ടുകളെല്ലാം സജീവിന് തന്നെ വീണതായും കഴിഞഅഞ തവണത്തേക്കാള്‍ വോട്ട് വിഹിതമുണ്ടാകുമെന്ന് ബി ജെ പി അവകാശപ്പെടുന്നു.