Connect with us

Ongoing News

വോട്ട് ചെയ്യേണ്ടതെങ്ങനെ?; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Published

|

Last Updated

തിരുവനന്തപുരം: നാളെ കാലത്ത് ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ട് ചെയ്യാൻ പുറപ്പെടും മുമ്പ് കമ്മീഷൻ നിർദേശിച്ച 11 തിരിച്ചറിയൽ രേഖകളിലൊന്ന് കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തണം. ബി എൽ ഒമാർ വിതരണം ചെയ്ത സ്ലിപ്പ് ഉണ്ടെങ്കിൽ ക്രമനമ്പർ കണ്ടെത്താൻ എളുപ്പമായിരിക്കും.

വോട്ടർ ആദ്യം ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. തിരിച്ചറിയൽ കാർഡോ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകളോ പോളിംഗ് ഓഫീസർക്ക് നൽകണം. രേഖകളുടെ പരിശോധന പൂർത്തിയായാൽ സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തർക്കമില്ലെങ്കിൽ വോട്ടർപട്ടികയിൽ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസർ അടയാളമിടും.

ഇതിനുശേഷം രണ്ടാം പോളിംഗ് ഓഫീസറെ സമീപിക്കണം. വോട്ട് രജിസ്റ്ററിൽ ക്രമനമ്പർ രേഖപ്പെടുത്തി പോളിംഗ് ഓഫീസർ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടർന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ടു വിരൽ പരിശോധിച്ച് അതിൽ നഖം മുതൽ മുകളിലോട്ട് വിരലിന്റെ ആദ്യമടക്കുവരെ മായ്ക്കാനാകാത്ത മഷികൊണ്ട് അടയാളമിടും.

ഈ അടയാളം തുടച്ചുകളയാൻ പാടില്ല. ഇടത് ചൂണ്ടുവിരൽ ഇല്ലെങ്കിൽ ഇടത് കൈയിലെ ഏതെങ്കിലും വിരലിൽ മഷി അടയാളം പതിക്കും. ഇടത് കൈയില്ലാത്തവരാണെങ്കിൽ വലതുകൈയിലെ ചൂണ്ടു വിരലിലാകും മഷി പുരട്ടുക. ഇതിന് ശേഷം പോളിംഗ് ഓഫീസർ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നൽകും.

വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസർ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് സ്ലിപ്പ് തിരികെ വാങ്ങി വോട്ട് ചെയ്യാൻ അനുവദിക്കും. വോട്ടിംഗ് മെഷീനിലെ കൺട്രോൾ യൂനിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസർ അമർത്തുമ്പോൾ ബാലറ്റ് യൂനിറ്റുകൾ വോട്ട് ചെയ്യാൻ സജ്ജമാകും. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി വോട്ട് രേഖപ്പെടുത്താം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ചെയ്ത വോട്ട് ഉറപ്പിക്കാനാണ് വി വി പാറ്റ് എന്ന യന്ത്രം ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നതോടെ പോൾ ചെയ്ത സ്ഥാനാർഥിയുടെ പേര്, ചിഹ്നം എന്നിവ പേപ്പർ സ്ലിപ്പിൽ അച്ചടിച്ചു വരുന്നത് യന്ത്രത്തിലൂടെ കാണാനാകും.

ഏഴ് സെക്കൻഡിന് ശേഷം ഈ പേപ്പർ സ്ലിപ്പ് മുറിഞ്ഞ് യന്ത്രത്തിനുള്ളിൽതന്നെ വീഴും. ഇതോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് സമ്മതിദായകന് ഉറപ്പാക്കാം. വോട്ടിംഗ് സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടായാൽ ഈ സ്ലിപ്പുകൾ എണ്ണി പരിശോധിക്കാൻ കഴിയും.

Latest