Connect with us

Ongoing News

ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 – 50 കി.മീ വരെയായിരിക്കും. ശക്തമായ മഴക്ക് സാധ്യതയുള്ള പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.
മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഉച്ചക്ക് ശേഷമാകും മഴ ശക്തമാകാൻ സാധ്യത.

അതേസമയം, പലയിടങ്ങളിലും സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പുകളും തുടരുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽതാപനില രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു.

Latest