Connect with us

National

ഹിന്ദു ഭീകരത എന്ന പദം താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

Published

|

Last Updated

ഭോപാല്‍: രാജ്യത്ത് “ഹിന്ദു ഭീകരത” എന്ന വാക്ക് കൊണ്ടു വന്നത് താനല്ലെന്ന് കോണ്‍ഗ്രസ് നേതാവും ഭോപാല്‍ സ്ഥാനാര്‍ഥിയുമായ ദിഗ് വിജയ് സിംഗ്. ഇപ്പോള്‍ ബി ജെ പിയുടെ കേന്ദ്രമന്ത്രിയായ മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗാണ് ആ പദം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ദിഗ് വിജയ് സിംഗിനെ എതിരുടന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഹിന്ദു ഭീകരത എന്നല്ല താന്‍ പറഞ്ഞത്. “സംഘി ഭീകരത” എന്ന പദമാണ് ഉപയോഗിച്ചത്. ഹിന്ദു ഭീകരത എന്ന പദത്തെ താനും ജനാര്‍ദ്ദന്‍ ദ്വിവേദിയും എതിര്‍ത്തിരുന്നു. ഹിന്ദുക്കള്‍ക്ക് തീവ്രവാദികളാവാന്‍ കഴിയില്ല. “ഹിന്ദുത്വ” ഹിന്ദുമതത്തിന്റെ ഭാഗമല്ല. സവര്‍ക്കറാണ് ഹിന്ദുത്വ എന്ന ആശയം കൊണ്ടു വന്നത്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. മതത്തെ താന്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാറില്ല.

ഭോപാലില്‍ പ്രഗ്യാസിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കിയത് രാജ്യത്ത് “ഹിന്ദു ഭീകരത” ആരോപിച്ചിട്ടുള്ളവര്‍ക്കുള്ള മറുപടിയായിട്ടാണെന്ന് മോദിയും അമിത് ഷായും പറഞ്ഞിരുന്നു. കാവി ഭീകരത എന്ന ആശയം ദിഗ് വിജയ് സിംഗിന്റേതായിരുന്നുവെന്ന് അമിത്ഷായും പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരണമെന്നോളമാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന.

 

Latest